കേരളത്തിന് വായ്പ; അനുമതി നൽകരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: അടിയന്തരമായി വായ്പയെടുക്കാൻ അനുവദിക്കണമെന്ന കേരള സർക്കാറിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.
അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ലെന്നും 15ാം ധനകാര്യ കമീഷൻ ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനമായി കേരളത്തെ വിലയിരുത്തുന്നുണ്ടെന്നുമുള്ള നേരത്തെ നൽകിയ സത്യവാങ്മൂലത്തിലെ വാദം കേന്ദ്രം സുപ്രീംകോടതിയിൽ ആവർത്തിച്ചു. വായ്പയെടുക്കാൻ ഇടക്കാല ഉത്തരവ് തേടി കേരളം സമർപ്പിച്ച ഹരജിയിലാണ് കേന്ദ്ര മറുപടി.
വായ്പ പരിധി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം തീരുമാനിക്കുന്നതാണ്. ഇതിൽ കോടതി ഇടപെടരുത്. വായ്പ പരിധി നിശ്ചയിക്കുന്നത് സംസ്ഥാന ബജറ്റിലേക്കുള്ള കടന്നുകയറ്റമല്ല. കേരളം ലോക ബാങ്കിൽനിന്നടക്കം കടമെടുത്തിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്.
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട വായ്പയിൽ കേരളം വീഴ്ച്ച വരുത്തിയിരുന്നു. പിന്നീട് കേന്ദ്രമാണ് ഈ തുക അടച്ചത്. വലിയ കടബാധ്യതയിൽ നിൽക്കുന്ന സംസ്ഥാനത്തിന് വീണ്ടും കടമെടുക്കാൻ അനുവാദം നൽകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്രത്തിന് ഭരണഘടന അവകാശം നൽകുന്നില്ലെന്നും സംസ്ഥാനങ്ങളുടെ കടം രാജ്യത്തെ സാമ്പത്തികമായി അസ്ഥിരപ്പെടുത്തുന്നുവെന്ന വാദം സാങ്കല്പികമാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് മറുപടി നൽകാൻ കേന്ദ്രം മൂന്ന് ആഴ്ച സമയം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.