വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കണമെന്ന് പി. രാജീവ്
text_fieldsകൊച്ചി: വിവിധ ഏജന്‍സികളുടെ വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കാന്‍ കഴിയണമെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭ വെസ്റ്റ് സി.ഡി.എസിലെ കുടുംബശ്രീ സംഘങ്ങള്‍ക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വായ്പകള്‍ സംരംഭങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വായ്പകള്‍ നല്‍കുന്ന എല്ലാ കോര്‍പ്പറേഷനുകളെയും യോഗം വിളിക്കാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വായ്പകള്‍ നല്‍കുന്നതിനു മുന്‍പായി സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ പരിശീലനം ലഭ്യമാക്കണം. ചെറു സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയുണ്ട്. വായ്പകള്‍ നല്‍കുമ്പോള്‍ അതിന്റെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിക്കണം. വ്യവസായ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സഹകരിച്ച് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതി പരിഗണനയിലാണ്.
സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ആരംഭിച്ച 1,34,000 സംരംഭങ്ങളില്‍ 41 ശതമാനം സ്ത്രീ സംരംഭകരാണ്. നഗരസഭ, പഞ്ചായത്ത് മേഖലയില്‍ മാത്രം ഈ വര്‍ഷം 95,000 സംരംഭങ്ങള്‍ ലൈസന്‍സ് എടുത്തു. ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ വിജയത്തിന് പ്രധാന കാരണം തദ്ദേശ സ്വയംഭരണ വകുപ്പും വ്യവസായ വകുപ്പും തമ്മിലുള്ള ഏകോപനമാണ്. സംരംഭകരുടെ പരാതികള്‍ പരിഗണിക്കാന്‍ 17 വകുപ്പുകളെ സംയോജിപ്പിച്ചുളള പരാതി പരിഹാര കമ്മിറ്റിയും ആരംഭിച്ചു. പരാതികള്‍ക്ക് 30 ദിവസത്തിനകം പരിഹാരമുണ്ടാകും.
എടുത്ത തീരുമാനങ്ങള്‍ 15 ദിവസത്തിനകം നടപ്പാക്കണം. ഇല്ലെങ്കില്‍ 250 മുതല്‍ 10000 രൂപ വരെ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കും. സംരംഭങ്ങളെ സംബന്ധിച്ച പരാതികള്‍ക്ക് മാത്രമായി നോഡല്‍ ഓഫീസറെയും നിയമിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ.എ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.