ഏകീകരണത്തിന് തയാറായി തദ്ദേശ ഭരണവകുപ്പ്
text_fieldsകൊച്ചി: തെരെഞ്ഞടുപ്പിനുമുമ്പ് തദ്ദേശ ഭരണവകുപ്പിലെ അഞ്ച് വിഭാഗത്തെ സർക്കാർ ഏകീകരിക്കുന്നു. പഞ്ചായത്ത്, നഗരകാര്യം, നഗര-ഗ്രാമ ആസൂത്രണം, ഗ്രാമവികസനം, തദ്ദേശ ഭരണവകുപ്പ് എൻജിനീയറിങ് വിഭാഗം എന്നിവ ഇനി ഒരു ഡയറക്ടറേറ്റിന് കീഴിലാകും.
എൽ.ഡി.എഫ് സർക്കാറിെൻറ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നാണിത്. അതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ, ഏകീകരണം പൂർത്തിയാക്കാനാണ് തിരക്കിട്ട ശ്രമം.
അതേസമയം, ഏകീകരണത്തിന് ആവശ്യമായ സ്പെഷൽറൂളിെൻറ കരട് തയാറാക്കിക്കഴിഞ്ഞെങ്കിലും പി.എസ്.സിയുടെ അംഗീകാരം ലഭിക്കണം.
കൂടാതെ നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകാരവും കിട്ടണം. എങ്കിൽ മാത്രമേ ജീവനക്കാരുടെ വിന്യാസം നടത്താനാകൂ. അതിന് ഇനിയും കടമ്പകൾ കടക്കേണ്ടതുണ്ട്. വൈകിയാൽ െതരഞ്ഞെടുപ്പിനുമുമ്പ് ഏകീകരണം സാധ്യമാകില്ല.
അതിനാൽ ഏകീകരണം വേഗത്തിലാക്കാൻ വിഷയം മന്ത്രിസഭ പരിഗണനയിൽ കൊണ്ടുവന്ന് അംഗീകാരം നേടാനാണ് തീരുമാനം. അടുത്ത മന്ത്രിസഭയോഗം വിഷയം പരിഗണിച്ചേക്കും. വകുപ്പുകൾ ഒന്നാകുന്നതോടെ സ്ഥാപനങ്ങളുടെ ക്ഷമത വർധപ്പിക്കാനാകുമെന്നാണ് സർക്കാർ വാദം.
ലോക്കൽ സെൽഫ് ഗവൺമെൻറ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് എന്ന പേരിലാണ് വകുപ്പ് അറിയപ്പെടുക. തദ്ദേശ ഭരണവകുപ്പിനെ വിഭജിച്ച് വെവ്വേറെ മന്ത്രിമാർക്ക് വീതംവെക്കുന്നത് അവസാനിപ്പിക്കാമെന്നതും സർക്കാർ ലക്ഷ്യമാണ്. മന്ത്രിസഭയുടെ അംഗീകാരം നൽകുന്നതോടെ വകുപ്പ് അടിമുടി മാറും.
മികവിെൻറ അടിസ്ഥാനത്തിൽ ജീവനക്കാരെ പഞ്ചായത്തിൽനിന്ന് കോർപറേഷനിലേക്കും നഗരകാര്യ വകുപ്പിലേക്കും ഗ്രാമവികസന വകുപ്പിലേക്കും എൻജിനീയറിങ് വിഭാഗത്തിലും മാറ്റിനിയമിക്കാം. നിലവിൽ ഇവയിലേതെങ്കിലും ഒരുവകുപ്പിൽ ജോലിയിൽ പ്രവേശിച്ചാൽ അവിടെനിന്ന് വിരമിക്കുന്ന സ്ഥിതിയാണ്.
അതേസമയം പ്രമോഷൻ, സീനിയോറിറ്റി തുടങ്ങിയ കാര്യങ്ങളിൽ തർക്കങ്ങൾക്ക് ഇടയാക്കിയേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും സ്പെഷൽ റൂൾ അംഗീകരിച്ചുകഴിഞ്ഞാൽ എല്ലാ കാര്യങ്ങളും സുഗമമായി മുന്നോട്ടുപോകുമെന്നും ധനകമീഷൻ ചെയർമാനും മുൻ തദ്ദേശ ഭരണ സെക്രട്ടറിയുമായ എസ്.എം. വിജയാനന്ദ് പറഞ്ഞു.
ഏകീകരണ തുടക്കം 2010ൽ
2010 മുതൽ ഏകീകരണം സംബന്ധിച്ച ചർച്ചകൾ തുടങ്ങി. 2011ആദ്യം കൺസൾട്ടേറ്റിവ് കമ്മിറ്റി അധ്യക്ഷനായി മുൻ മന്ത്രിയും സി.പി.എം നേതാവുമായിരുന്ന വി.ജെ. തങ്കപ്പനെയും അന്ന് തദ്ദേശ ഭരണവകുപ്പ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദിനെയും നിയമിച്ചു.
ഇവർ ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കി. തുടർന്ന് യു.ഡി.എഫ് സർക്കാർ വന്നതോടെ ആ നീക്കം അവസാനിച്ചു. വീണ്ടും 2016ൽ എൽ.ഡി.എഫ് സർക്കാറെത്തി ജനുവരിയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഏകീകരണം പ്രഖ്യാപിച്ചു. ഡിസംബർ 27ന് ഏകീകരണത്തിന് സ്പെഷൽ റൂളിെൻറ കരട് തയാറാക്കാൻ ലോക്കൽ ഗവൺമെൻറ് കമീഷനെ ചുമതലപ്പെടുത്തി.
2018 ജനുവരിയിൽ പ്രിൻസിപ്പൽ ഡയറക്ടറായി തദ്ദേശ ഭരണവകുപ്പ് സെക്രട്ടറിയായ അജിത്കുമാറിന് അധിക ചുമതല നൽകി. ആ വർഷം മാർച്ചോടെ ലോക്കൽ ഗവൺമെൻറ് കമീഷൻ സർക്കാറിന് റിപ്പോർട്ട് കൈമാറി. ഈ വർഷം ജനുവരിയിൽ റിപ്പോർട്ട് സർക്കാറിന് നൽകി.
എ. സക്കീർ ഹുസൈൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.