അധികാര മാർഗരേഖയായി; തദ്ദേശ ഭരണസ്ഥാപനങ്ങൾ ഇനി വിജിലൻസ് നിരീക്ഷണത്തിൽ
text_fieldsമലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പരിശോധന നടത്തി റിപ്പോർട്ടുകൾ പ്രിൻസിപ്പൽ ഡയറക്ടർക്ക് സമർപ്പിക്കാനും ഇനി ഇന്റേണൽ വിജിലൻസ് വിഭാഗം. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ഓഫിസും പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫിസും കേന്ദ്രീകരിച്ചാണ് വിജിലൻസ് ഓഫിസർമാർ വർത്തിക്കുക. അസിസ്റ്റന്റ് ഡയറക്ടർ തസ്തികക്ക് തുല്യമാണ് ഇന്റേണൽ വിജിലൻസ് ഓഫിസറുടെ തസ്തിക. മുതിർന്ന ഉദ്യോഗസ്ഥരെ തസ്തിക പുനർനാമകരണം ചെയ്താണ് വിജിലൻസ് ഓഫിസർമാരാക്കിയത്.
അഴിമതി, ചട്ടലംഘനം, കൃത്യവിലോപം, ധനദുർവിനിയോഗം തുടങ്ങിയവ കണ്ടുപിടിക്കാനും ഭരണനിർവഹണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനുമാണ് പുതിയ സംവിധാനം. സംസ്ഥാനത്ത് 66 ഇന്റേണൽ വിജിലൻസ് ഓഫിസർമാരാണ് ഉണ്ടാവുക. ഇവർക്കുള്ള അധികാരവും ചുമതലകളും സംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നേരത്തെയുള്ള പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിന് പകരമായാണ് ഇന്റേണൽ വിജിലൻസ് വിഭാഗം നിലവിൽ വന്നത്. പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിലും വകുപ്പുതലത്തിലും തർക്കങ്ങളും പരാതികളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തസ്തിക സൃഷ്ടിച്ച് സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചത്.
ജില്ല കാര്യാലയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിജിലൻസ് ഓഫിസർമാർക്ക് പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി ഓഫിസുകളിൽ ഒറ്റക്കോ സംഘമായോ മിന്നൽ പരിശോധന നടത്താൻ അധികാരമുണ്ട്. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയാൽ അടിയന്തരമായി പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യണം. തദ്ദേശ സ്ഥാപനങ്ങളിലെ ധനകാര്യ മാനേജ്മെന്റ് ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല വിജിലൻസ് ഓഫിസർക്കുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ സി.സി ടി.വി ഫുട്ടേജുകൾ വിജിലൻസ് ഓഫിസർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. മികച്ച ഉദ്യോഗസ്ഥരെ കണ്ടെത്തി വകുപ്പുതല അംഗീകാരത്തിന് ശിപാർശ ചെയ്യലും വിജിലൻസിന്റെ ചുമതലയിൽപെടും.തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ട ചുമതല പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള വിജിലൻസ് ഓഫിസർമാർക്കുണ്ട്. പ്രതിമാസം രണ്ട് തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും ഇവർ മിന്നൽ പരിശോധന നടത്തണം.
പൊതുജനങ്ങൾ, ജനപ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നവർ എന്നിവരിൽനിന്ന് വിവരശേഖരണം നടത്തി ജീവനക്കാരുടെ കാര്യക്ഷമത, പെരുമാറ്റം, സേവനങ്ങളുടെ ഗുണനിലവാരം എന്നിവ സംബന്ധിച്ച് മൂന്നുമാസം കൂടുമ്പോൾ നിശ്ചിത പെർഫോമയിൽ പ്രിൻസിപ്പൽ ഡയറക്ടർക്ക് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.