തദ്ദേശസ്ഥാപന പുനർനിർണയം; വാർഡുകളുടെ അതിർത്തികൾ മാറും
text_fieldsതിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയിക്കാനുള്ള സർക്കാർ തീരുമാനം വരുന്നതോടെ മിക്ക വാർഡുകളുടെയും അതിർത്തികൾ മാറും. ജനസംഖ്യാനുപാതികമായാണ് വാർഡുകൾ പുനർനിർണയിക്കുന്നതെന്ന് സർക്കാർ വാദിക്കുന്നുണ്ടെങ്കിലും അതിന് ഒട്ടേറെ രാഷ്ട്രീയ മാനങ്ങൾകൂടിയുണ്ടെന്നാണ് വിലയിരുത്തൽ.
വാർഡ് പുനർനിർണയത്തിൽ അതത് കാലത്തെ ഭരണകൂടങ്ങളുടെ ഭരണത്തുടർച്ച കൂടി ലക്ഷ്യമിടുന്നുണ്ടെന്നാണ് വാദം. ഇപ്പോഴുള്ള നീക്കത്തിന് പിന്നിലും അത്തരമൊരു ഉദ്ദേശ്യം ഒളിഞ്ഞുകിടപ്പുണ്ട്.
അടുത്തവർഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുമ്പായി നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. പുനർനിർണയംവഴി 1200 വാർഡുകൾ വരെ വർധിക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാനുപാതികമായി ഒരു വാർഡ് വീതം വർധിപ്പിക്കാനുള്ള ഓർഡിനൻസ് അംഗീകരിക്കുന്നതിന് തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി 21,900 ജനപ്രതിനിധികളാണുള്ളത്. അടുത്തവർഷത്തെ തെരഞ്ഞെടുപ്പിൽ 1200 ജനപ്രതിനിധികൾ വർധിക്കും.
ഗ്രാമപഞ്ചായത്തുകളിൽ 1000 പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. 941 ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ 15,962 വാർഡുകളുണ്ട്. പുനർനിർണയത്തിലൂടെ 941 വാർഡുകൾ കൂടും. 87 മുനിസിപ്പാലിറ്റികളിൽ മട്ടന്നൂർ ഒഴികെയുള്ളവയിലായി 3078 വാർഡും ആറ് കോർപറേഷനുകളിൽ 414 വാർഡുമുണ്ട്. ഇവയിലും ഓരോ വാർഡ് വീതം കൂടും. മട്ടന്നൂരിലെ വാർഡ് വിഭജനം നേരത്തേ നടന്നിരുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2080 വാർഡും 14 ജില്ല പഞ്ചായത്തുകളിൽ 331 ഡിവിഷനുകളുമാണുള്ളത്.
പുനർനിർണയം ഇങ്ങനെ
നിലവിൽ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് നിർണയം ഇപ്രകാരമാണ്. പഞ്ചായത്തിൽ 15,000 ആണ് ജനസംഖ്യ. അതിനനുസരിച്ച് 13 മുതൽ 23 വാർഡുകൾ വരെയാണ് ഇപ്പോഴുള്ളത്. പുനർനിണയമനുസരിച്ച് അത് 14 മുതൽ 24 വരെയാകും. ജനസംഖ്യ 2500 കടക്കുന്ന മുറക്കാണ് പുതിയ വാർഡ് കൂട്ടിച്ചേർക്കുക. അതായത് പഞ്ചായത്തിൽ ജനസംഖ്യ 17,500 ഉണ്ടെങ്കിൽ പുതിയ വാർഡ് വരും. ബ്ലോക്കിൽ ഇത് ഒന്നരലക്ഷമാണ് പരിധി.
അതും 13-23 ആണ് വാർഡുകളുടെ എണ്ണം. ഓരോ 25,000 ജനസംഖ്യക്കും ഓരോ വാർഡ് അധികംവരും. ജില്ല പഞ്ചായത്തിൽ 10 ലക്ഷമാണ് ജനസംഖ്യ പരിധി. അതിൽ 16-32 ആണ് വാർഡുകളുടെ എണ്ണം. ഇവിടെ ഓരോ ലക്ഷത്തിനും ഒരു വാർഡ് വർധിക്കും. മുനിസിപ്പാലിറ്റിയിൽ 20,000 ആണ് പരിധി. ഇവിടെ 24-52 ആണ് വാർഡുകളുടെ എണ്ണം. ഓരോ 2500നും പുതിയ വാർഡ് വരും. കോർപറേഷനിൽ നാല് ലക്ഷമാണ് പരിധി. 55-100 ആണ് വാർഡുകളുടെ എണ്ണം. ഓരോ 10,000ത്തിനും ഓരോ വാർഡ് വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.