തദ്ദേശസ്ഥാപനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം –മന്ത്രി
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതി നേരിടാനും പ്രളയബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് മന്ത്രി എ.സി. മൊയ്തീന് നിർദേശിച്ചു. കാലവര്‍ഷക്കെടുതി നേരിടാന്‍ തദ്ദേശസ്ഥാപനങ്ങളുടെ വികസനഫണ്ടും മെയിൻറനന്‍സ് ഗ്രാൻറും ഉപയോഗിക്കാന്‍ പ്രത്യേക അനുമതിയും നല്കി.
ദുരിതാശ്വാസത്തിന് തനതുഫണ്ടുപയോഗിക്കുവാന് നേരേത്തതന്നെ അനുമതി നല്‍കിയിരുന്നു. ചില തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മതിയായ തനതുഫണ്ടില്ല. ഇതിനായി പ്രോജക്ടുകള്‍ തയാറാക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പരമാവധി ലഘൂകരിച്ചിട്ടുണ്ട്. ചെലവായ തുക ട്രഷറിയില്‍നിന്ന് മാറാനും പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തി.
ആശുപത്രികളില്‍ ആവശ്യമായ മരുന്നുവാങ്ങൽ, കുടിവെള്ളസ്രോതസ്സുകള്‍ അറ്റകുറ്റപ്പണി നടത്തി ശുചീകരിക്കല്‍, ദുരിതാശ്വാസപ്രവര്‍ത്തനത്തിന് അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായ സാധനങ്ങള്‍ വാടകക്ക് എടുക്കുകയോ വാങ്ങുകയോ ചെയ്യല്‍, പൊട്ടിത്തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കല്‍ തുടങ്ങിയവക്ക് ഈ ഫണ്ട് ഉപയോഗിക്കാം. ഇത്തരം ചെലവുകള്‍ക്ക് പ്രോജക്ട് തയാറാക്കി പിന്നീട് വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കിയാല്‍ മതിയാകുമെന്ന് വകുപ്പ് അറിയിച്ചു.
പ്രളയക്കെടുതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റ് സേവനങ്ങള്‍ക്ക് മുടക്കം ഉണ്ടാവില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിർദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.