നെടുമ്പാശ്ശേരിയിൽ സി.പിഎമ്മിന് അട്ടിമറി ജയം; കോൺഗ്രസിന് പഞ്ചായത്ത് ഭരണവും നഷ്ടമാകും
text_fieldsഅത്താണി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ 14-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ സി.പി.എം അട്ടിമറി ജയം നേടിയതോടെ കോൺഗ്രസിന് പഞ്ചായത്ത് ഭരണവും നഷ്ടമാകും. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ 14-ാം വാർഡ് അത്താണി കൽപക നഗർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എൻ.എസ്. അർച്ചന 98 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചു. ഇതോടെ യു.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു.
എതിർ സ്ഥാനാർഥി യു.ഡി.എഫിലെ സ്വാതി ശിവനെയാണ് അർച്ചന പരാജയപ്പെടുത്തിയത്. ആകെയുള്ള 1094 വോട്ടർ മാരിൽ 859 പേരാണ് വോട്ട് രേഖപ്പെടുത്തി. അർച്ചനക്ക് 395 വോട്ടും സ്വാതിക്ക് 295 വോട്ടുമാണ് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി നീതു ജയേഷന് 167 വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ കോൺഗ്രസിലെ സന്ധ്യ നാരായണപിള്ള 87 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
19 അംഗങ്ങളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും ഒമ്പത് സീറ്റ് വീതമാണ് ലഭിച്ചത്. മുന്നണി ഭരണം പ്രതിസന്ധിയിലായതോടെ സ്വതന്ത്രനായി വിജയിച്ച കോൺഗ്രസ് വിമതന് പ്രസിഡന്റ് സ്ഥാനം നൽകിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. സന്ധ്യ നാരായണപിള്ളയായിരുന്നു വൈസ് പ്രസിഡൻറ്. എന്നാൽ, രണ്ടര വർഷത്തിന് ശേഷം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനിടെ നേതൃത്വവുമായി കലഹിച്ച സന്ധ്യ വൈസ് പ്രസിഡൻ്റ് സ്ഥാനം ഒഴിയുന്നതിനിടെ പഞ്ചായത്തംഗത്വവും രാജിവച്ചു. ഇതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായിരുന്നു. അടുത്തിടെ നടന്ന വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഓമന ഭരതൻ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സന്ധ്യ രാജിവെച്ചതോടെ പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഒമ്പത് സീറ്റുകൾ വീതമായിരുന്നു കക്ഷിനില. എന്നാൽ, സന്ധ്യയുടെ സീറ്റിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചതോടെ എൽ.ഡി.എഫ്-10, യു.ഡി.എഫ്-ഒമ്പത് എന്നായി കക്ഷി നില.
വിജയിച്ച അർച്ചന സി.പി.എം അത്താണി ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. അർച്ചനയുടെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ് പ്രവർത്തകർ അത്താണിയിലും പരിസരങ്ങളിലും പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.