തദ്ദേശ തെരഞ്ഞെടുപ്പിന് കച്ചമുറുക്കി മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് കച്ചമുറുക്കി മുസ്ലിം ലീഗ്. മലബാറിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനൊപ്പം, തെക്കൻ കേരളത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാനും കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം രൂപരേഖ തയാറാക്കി. ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ മിന്നുംവിജയം പ്രവർത്തകരിൽ അമിത ആത്മവിശ്വാസമുണ്ടാക്കുന്നത് വിനയാകുമെന്ന് വിലയിരുത്തിയ യോഗം തദ്ദേശ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയാന്തരീക്ഷം തീർത്തും വ്യത്യസ്തമാണെന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്തുന്നതാണ് ആദ്യപടി. അതോടൊപ്പം, വാർഡ് വിഭജനത്തിൽ ഉൾപ്പെടെ ഭരണ സ്വാധീനമുപയോഗിച്ച് ക്രമക്കേടുകൾ നടത്താനുള്ള സാധ്യതക്കെതിരെ ജാഗ്രത പുലർത്തും.
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളുള്ള മലബാറിൽ അമിത ശ്രദ്ധ കൊടുക്കുമ്പോൾ തെക്കൻ കേരളത്തിൽ പാർട്ടി ശോഷിക്കുന്ന അവസ്ഥയുണ്ട്. മലബാറിൽ ലീഗിന്റെ പിന്തുണയിൽ കോൺഗ്രസ് കൂടുതൽ നേട്ടമുണ്ടാക്കുമ്പോൾതന്നെ, തെക്കൻ ജില്ലകളിൽ പലയിടങ്ങളിലും ലീഗിനെ അകറ്റിനിർത്തുന്ന സമീപനവുമുണ്ട്. പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന ഇത്തരം സമീപനങ്ങളുണ്ടാകുന്നത് അനുവദിക്കാനാകില്ലെന്ന് യോഗം വിലയിരുത്തി. ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡുകളിൽ വിമത സ്ഥാനാർഥികളെ ഔദ്യോഗിക പരിവേഷം നൽകി കോൺഗ്രസ് മത്സരിപ്പിച്ച കഴിഞ്ഞകാല അനുഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. പാർട്ടിയുടെ സ്വാധീന മേഖലയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഭരണസ്വാധീനമുപയോഗിച്ച് സി.പി.എം നടത്താൻ സാധ്യതയുള്ള ക്രമക്കേടുകൾ നിയമപരമായി നേരിടാൻ നിയമ, സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ സംവിധാനമുണ്ടാക്കും. കുടിശ്ശികയുള്ള അഞ്ചുമാസത്തെ ക്ഷേമ പെൻഷൻ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വിതരണം ചെയ്ത് നേട്ടം കൊയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ കാമ്പയിൻ നടത്തും. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഉൾപ്പെടെ പാർട്ടി നടത്തിയ പോരാട്ടം പരിധിവരെ വിജയം കണ്ടതായി അഭിപ്രായപ്പെട്ട യോഗം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പുതിയ ബാച്ചുകൾ നൽകാത്തതിനെതിരെയും മലപ്പുറത്ത് സയൻസ് ബാച്ച് അനുവദിക്കാത്തതിനെതിരെയും പ്രതിഷേധം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും തീരുമാനിച്ചു.
തൃശൂരിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതിന്റെ കാരണങ്ങളും ചർച്ചയായി. ലീഗിന് സ്വാധീനമുള്ള ഗുരുവായൂർ മണ്ഡലത്തിൽ മുരളീധരൻ ലീഡ് നേടിയത് പാർട്ടി ആത്മാർഥമായി പ്രവർത്തിച്ചതിന്റെ ഉദാഹരണമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബി.ജെ.പി നേട്ടമുണ്ടാക്കുന്നതിനെതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. അടുത്ത 31ന് ചേരുന്ന സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ജില്ല ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിനുള്ള അജണ്ടക്ക് യോഗം രൂപം നൽകി. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്ത യോഗത്തിൽ പ്രസിഡന്റ് സാദിഖലി തങ്ങളുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.