മതിലകത്തും പുറ്റിങ്ങലിലും സഹോദരന്മാർ കൊമ്പുകോർക്കും; പനച്ചവിളയിൽ അമ്മയും മകനും
text_fieldsകൊടുങ്ങല്ലൂർ (തൃശൂർ): മതിലകം ഗ്രാമപഞ്ചായത്തിലെ ബിജു-ബൈജുമാർ തമ്മിലുള്ള പോരാട്ടത്തിന് രക്തബന്ധമൊന്നും തടസ്സമല്ല. പഞ്ചായത്ത് 16ാം വാർഡിലാണ് സഹോദരന്മാർ തമ്മിലുള്ള പോരാട്ടം.
കൂളിമുട്ടം ഏറംപുരക്കൽ പരേതനായ കുട്ടെൻറയും മാളുവിെൻറയും മക്കളായ ഇരുവരും മത്സ്യബന്ധന മേഖലയുമായി അടുത്ത ബന്ധമുള്ളവരുമാണ്. 48കാരനായ ബിജു എൽ.ഡി.എഫിൽ സി.പി.എം സ്ഥാനാർഥിയും 43 വയസ്സുള്ള ബൈജു യു.ഡി.എഫിൽ കോൺഗ്രസ് സ്ഥാനാർഥിയുമാണ്. പാപ്പിനിവട്ടം സഹകരണ ബാങ്ക് പ്രസിഡൻറായ ബിജു സി.പി.എം കൂളിമുട്ടം പൊക്ലായ് ബ്രാഞ്ച് സെക്രട്ടറിയുമാണ്. ജനസേവന സംഘടനയായ 'പൊക്ലായ് കൂട്ടായ്മ'യുടെ ഭാരവാഹിയായും ജനങ്ങളോടൊപ്പമുണ്ട്.
ബൈജു മത്സ്യത്തൊഴിലാളി കോൺഗ്രസ് കയ്പമംഗലം േബ്ലാക്ക് പ്രസിഡൻറ്, കോൺഗ്രസ് മതിലകം മണ്ഡലം വൈസ് പ്രസിഡൻറ്, കൂളിമുട്ടം മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇതുവരെ കോൺഗ്രസ് ജയിക്കാത്ത പൊക്ലായ് വാർഡ് പിടിക്കാനുള്ള ദൗത്യമാണ് പാർട്ടി ബൈജുവിനെ ഏൽപിച്ചിരിക്കുന്നത്. എന്നാൽ, കൂടുതൽ മികവോടെ നിലനിർത്താനുള്ള ദൗത്യമാണ് ബിജുവിെൻറ ചുമലിൽ. ഇരുവരുടെയും മാതാവ് കൊടുങ്ങല്ലൂരിലെ പ്രമുഖ സി.പി.എം നേതാവായിരുന്ന എം.എ. വിജയെൻറ പിതൃസഹോദരിയാണ്. ആശയങ്ങളും വികസന കാഴ്ചപ്പാടുകളും തമ്മിലുള്ള ഏറ്റുമുട്ടൽ വ്യക്തിപരമാവില്ലെന്നും ആരോഗ്യപരമായിരിക്കുമെന്നും ഇരുവരും പറയുന്നു.
ആരെ സ്വീകരിക്കണമെന്ന സന്ദേഹത്തിലാണ് പുറ്റിങ്ങൽ വാർഡിലെ വോട്ടർമാർ
പരവൂർ: നഗരസഭ തെരഞ്ഞെടുപ്പിൽ ജ്യേഷ്ഠാനുജന്മാരിൽ ആരെ സ്വീകരിക്കണമെന്ന സന്ദേഹത്തിലാണ് പുറ്റിങ്ങൽ വാർഡിലെ വോട്ടർമാർ. മുൻ കൗൺസിലർകൂടിയായ യു.ഡി.എഫിലെ സുധീർകുമാറിനെ നേരിടാൻ എൽ.ഡി.എഫ് ഇറക്കിയത് അനുജൻ സുജിരാജിനെയാണ്. ജെ.എസ്.എസ് സ്ഥാനാർഥിയായാണ് സുധീർ നേരത്തേ ജയിച്ചത്. ഇപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയാണ്. ആദ്യ മത്സരത്തിനിറങ്ങുന്ന സുജിരാജ് സി.പി.ഐ പ്രതിനിധിയും.
ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു വീട്ടിൽനിന്ന് സ്ഥാനാർഥികൾ
അഞ്ചൽ: മുന്നണികളുടെ സ്ഥാനാർഥി നിർണയം പൂർണമായില്ലെങ്കിലും ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു വീട്ടിൽനിന്ന്് സ്ഥാനാർഥികൾ. അതും അമ്മയും മകനും. പനച്ചവിള ഏഴാം വാർഡിൽ ജയിച്ചുവരുന്നതിനാണ് പുത്താറ്റ് ദിവ്യാലയത്തിൽ സുധർമ ദേവരാജനെ ബി.ജെ.പിയും മകൻ ദിനുരാജനെ സി.പി.എമ്മും കച്ചകെട്ടിച്ചത്. 2015ൽ ഇവിടെ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച സുധർമക്ക് രണ്ടാംസ്ഥാനമാണ് ലഭിച്ചത്. സി.പി.എം പ്രതിനിധി വിജയിക്കുകയും ചെയ്തു. അതിനാലാണ് ജനറൽ മണ്ഡലമായിട്ടും ഇക്കുറിയും സുധർമയെത്തന്നെ ബി.ജെ.പി രംഗത്തിറക്കിയത്. എന്നാൽ എൽ.ഡി.എഫ് പരമ്പരാഗത വോട്ടുകൾ ചോരാതിരിക്കാനും വിജയം ആവർത്തിക്കാനുമാണ് സി.പി.എം ശ്രമം. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണ് ദിനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.