തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കവുമായി കെ.പി.സി.സി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന്റെ ആവേശത്തിൽ തദ്ദേശതെരഞ്ഞെടുപ്പിന് ഒരുക്കവുമായി കെ.പി.സി.സി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം ചര്‍ച്ച ചെയ്യാൻ ദ്വിദിന ലീഡേഴ്സ് കോണ്‍ക്ലേവ് നടത്തും.
ജൂലൈ 15,16 തീയതികളില്‍ വയനാട്ടിൽ നടക്കുന്ന പരിപാടിയിൽ മണ്ഡലതലം വരെയുള്ള നേതാക്കൾ പങ്കെടുക്കും. സംസ്ഥാനത്തെ അഞ്ചു മേഖലകളാക്കി സംഘടനാ ശാക്തീകരണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തും. ഇവര്‍ ജില്ലകളിലെ സംഘടനാ പ്രശ്നങ്ങള്‍ പഠിച്ച് 20 ദിവസത്തിനകം കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് നൽകണം. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകും. തദ്ദേശ വാര്‍ഡ് വിഭജനത്തിനും അവലോകനത്തിനുമായി സംസ്ഥാന-ജില്ലതല സമിതികള്‍ക്ക് രൂപം നല്‍കാനും തീരുമാനിച്ചു. ദേശീയ തലത്തില്‍ ഇൻഡ്യ മുന്നണിയുടെ ഭാഗമാണെന്ന് പറയുമ്പോഴും കേരളത്തില്‍ കോണ്‍ഗ്രസ് വിരുദ്ധത മുഖമുദ്രയാക്കിയവർ ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് കെ.പി.സി.സി നേതൃയോഗം ആവശ്യപ്പെട്ടു.
പിണറായി വിജയന് രാഹുല്‍ ഗാന്ധിക്കെതിരെ സംഘ്പരിവാര്‍ ഭാഷയില്‍ നടത്തിയ അധിക്ഷേപങ്ങള്‍ക്കുള്ള കേരളത്തിലെ ജനങ്ങളുടെ ചുട്ടമറുപടിയാണ് യു.ഡി.എഫിന്റെ വന്‍വിജയം. വടകരയില്‍ പച്ചനുണകള്‍ പടച്ചുവിട്ട് സി.പി.എം നടത്തിയ കുപ്രചാരണങ്ങള്‍ സാമൂഹികാന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതാണ്. കേരളത്തിന്റെ മതനിരപേക്ഷ മനഃസാക്ഷിയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ബദല്‍ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും. പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം യു.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുമെന്നും നേതൃയോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് യോഗത്തിൽ അവഗണന; വിരുന്ന് ബഹിഷ്കരിച്ച് ചെന്നിത്തല
തിരുവനന്തപുരം: യു.ഡി.എഫ് ഏകോപനസമിതി യോഗത്തിനൊടുവിൽ പ്രതിപക്ഷനേതാവ് ഒരുക്കിയ വിരുന്ന് ബഹിഷ്കരിച്ച് രമേശ് ചെന്നിത്തല. യോഗത്തിൽ പ്രസംഗിക്കാൻ അവസരം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന യോഗത്തിൽ പ്രചാരണ കമ്മിറ്റി ചെയർമാൻ കൂടിയായ തനിക്ക് സംസാരിക്കാൻ അവസരം നൽകാതിരുന്നത് ബോധപൂർവമുള്ള അപമാനമാണെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് മുതിർന്നില്ല. എന്നാൽ, അതൃപ്തി നേതൃത്വത്തെ അറിയിച്ച ചെന്നിത്തല യോഗം കഴിഞ്ഞയുടൻ വിരുന്നിന് നിൽക്കാതെ മടങ്ങുകയായിരുന്നു. യോഗത്തിൽ വിവിധ ഘടകകക്ഷി നേതാക്കൾക്ക് പുറമെ, കോൺഗ്രസിൽനിന്ന് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കെ.സുധാകരൻ എന്നിവരാണ് സംസാരിച്ചത്.
തൃശൂർ പരാജയം: കെ. മുരളീധരനെ കണ്ട് കെ.പി.സി.സി സമിതി
തിരുവനന്തപുരം: തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ പരാജയം അന്വേഷിക്കുന്ന കെ.പി.സി.സി സമിതി തോറ്റ സ്ഥാനാർഥി കെ. മുരളീധരനിൽനിന്ന് മൊഴിയെടുത്തു. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും കെ.പി.സി.സി നേതൃയോഗത്തിൽനിന്ന് വിട്ടുനിന്ന മുരളീധരനെ അദ്ദേഹത്തിന്റെ തലസ്ഥാനത്തെ വസതിയിലെത്തി സമിതി അംഗങ്ങൾ കണ്ടു. തൃശൂരിൽ സുരേഷ് ഗോപി നടത്തിയ മുന്നേറ്റം മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല, സംഘടന രംഗത്തെ പോരായ്മകൾ പ്രചാരണത്തിന് തിരിച്ചടിയായി തുടങ്ങിയ പരാതികളാണ് മുരളീധരൻ സമിതിക്ക് മുമ്പാകെ വെച്ചത്.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ്, രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് എന്നിവരടങ്ങുന്ന സമിതിയാണ് പരാജയകാരണങ്ങൾ പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.