തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 6 സീറ്റുകൾ നഷ്ടപ്പെട്ട് എൽ.ഡി.എഫ്; യു.ഡി.എഫ് അഞ്ച് സീറ്റുകൾ പിടിച്ചെടുത്തു
text_fieldsതിരുവനന്തപുരം: 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം. ഇടതു മുന്നണിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് സീറ്റുകൾ യു.ഡി.എഫും ഒന്ന് ബി.ജെ.പിയും പിടിച്ചെടുത്തു. യു.ഡി.എഫിന്റെ ഒരു വാർഡ് ഇടതു മുന്നണിയും പിടിച്ചെടുത്തു.
15 വാർഡുകളിൽ ഇടതു മുന്നണിയും 11ൽ യു.ഡി.എഫും രണ്ടിൽ ബി.ജെ.പിയും വിജയിച്ചു. സ്വതന്ത്രന്മാരടക്കമാണിത്. കൊല്ലം കോർപറേഷനിലെ മീനത്തുചേരി, സുൽത്താൻബത്തേരി നഗരസഭയിലെ പാളാക്കര, കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ ടൗൺ വാർഡ്, തൃത്താല പഞ്ചായത്ത് വരണ്ടുകറ്റിക്കടവ്, ചെറുവണ്ണൂർ പഞ്ചായത്തിലെ കക്കറമുക്ക് എന്നിവയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ യു.ഡി.എഫ് വിമതൻ വിജയിച്ച തിരുനാവായ പഞ്ചായത്തിലെ അഴകത്തുകളം വാർഡിൽ ഇക്കുറി യു.ഡി.എഫ് സ്വതന്ത്രൻ വിജയിച്ചു. പത്തനംതിട്ട കല്ലൂപ്പാറ പഞ്ചായത്തിലെ അമ്പാട്ടുഭാഗം വാർഡ് സി.പി.എമ്മിൽനിന്ന് ബി.ജെ.പി പിടിച്ചെടുത്തു.
തിരുവനന്തപുരം കടയ്ക്കാവൂര് പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിൽ ഇടതു മുന്നണി വിജയിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫ് പ്രതിനിധിയായി വിജയിച്ച അംഗം രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചു.
കഴിഞ്ഞ തവണ സി.പി.എം ഇവിടെ മൂന്നാം സ്ഥാനത്താണ്. ഉപതെരഞ്ഞെടുപ്പിനു മുമ്പ് ഈ വാർഡുകളിൽ ഇടതു മുന്നണിക്ക് സ്വതന്ത്രരടക്കം 20 അംഗങ്ങളും യു.ഡി.എഫിന് ആറും ബി.ജെ.പിക്ക് ഒന്നും ഒരു സ്വതന്ത്രനുമായിരുന്നു. ഇടതുമുന്നണിക്ക് അഞ്ച് വാർഡുകൾ നഷ്ടപ്പെട്ടു. യു.ഡി.എഫിന് അഞ്ച് വാർഡുകളും ബി.ജെ.പിക്ക് ഒന്നും അധികം ലഭിച്ചു.
ഇടമുളയ്ക്കൽ തേവർതോട്ടം, കല്ലൂപ്പാറ അമ്പാട്ടുഭാഗം, പാറത്തോട് ഇടക്കുന്നം, കടങ്ങോട് ചിറ്റിലങ്ങാട്, കടമ്പഴിപ്പുറം പാട്ടിമല എന്നിവിടങ്ങളിൽ യു.ഡി.എഫും തണ്ണീർമുക്കത്ത് ഇടതു മുന്നണിയും മൂന്നാം സ്ഥാനത്തേക്ക് പോയി.
- തിരുവനന്തപുരം കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിൽ എൽ.ഡി.എഫ് സീറ്റ് പിടിച്ചെടുത്തു. യു.ഡി.എഫ് ഭരിച്ചിരുന്ന സീറ്റിൽ സി.പി.എം സ്ഥാനാർഥി ബീന രാജീവ് വിജയിച്ചു.
- കൊല്ലം കോർപറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യു.ഡി.എഫ് 632 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് പിടിച്ചെടുത്തു. വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാർഡിലും ഇടമുളയ്ക്കൽ പഞ്ചായത്തിലെ നാലാം വാർഡിലും എൽ.ഡി.എഫ് സീറ്റ് നിലനിർത്തി.
- ആലപ്പുഴ തണ്ണീർമുക്കം പഞ്ചായത്തിൽ ബി.ജെ.പിയും എടത്വയിൽ എൽ.ഡി.എഫും സീറ്റ് നിലനിർത്തി.
- പത്തനംതിട്ട കല്ലൂപ്പാറ 7-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി രാമചന്ദ്രൻ വിജയിച്ചു. എൽ.ഡി.എഫ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു.
- കോട്ടയം കടപ്ലാമറ്റം വയലാ ടൗൺ വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു.
- എറണാകുളം കോതമംഗലം പോത്താനിക്കാട് പഞ്ചായത്തിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. സി.പി.എം സ്ഥാനാർഥി സാബു മാധവൻ 43 വോട്ടിനാണ് വിജയിച്ചത്.
- തൃശൂർ കടങ്ങോട് പഞ്ചായത്ത് 14–ാം വാർഡ് ചിറ്റിലങ്ങാട് സി.പി.എം സ്ഥാനാർഥി എം.കെ. ശശിധരൻ സീറ്റ് നിലനിർത്തി.
- പാലക്കാട് ജില്ല പഞ്ചായത്ത് ആലത്തൂർ ഡിവിഷൻ എൽ.ഡി.എഫ് നിലനിർത്തി. കടമ്പഴിപ്പുറം പതിനേഴാം വാർഡും വെള്ളിനേഴി പഞ്ചായത്ത് ഒന്നാംവാർഡും എൽഡിഎഫ് നിലനിർത്തി. തൃത്താല പഞ്ചായത്ത് നാലാംവാർഡ് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ആനക്കര പഞ്ചായത്ത് 17ാം വാർഡ് യു.ഡിഎ.ഫ് നിലനിർത്തി.
- മലപ്പുറം കരുളായി ചക്കിട്ടാമല വാർഡ് യു.ഡി.എഫ് നിലനിർത്തി. 68 വോട്ടിന് ലീഗ് സ്ഥാനാർഥിയാണ് ജയിച്ചത്.
- കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലെ 15–ാം വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്‌ലിം ലീഗിലെ പി. മുംതാസ് ആണു വിജയിച്ചത്.
- കണ്ണൂരിൽ 3 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റുകൾ നിലനിർത്തി. ശ്രീകണ്ഠപുരം നഗരസഭ കോട്ടൂർ വാർഡിൽ കെ.സി അജിത ജയിച്ചു. പേരാവൂർ പഞ്ചായത്ത് മേൽമുരിങ്ങോടി വാർഡിൽ ടി. രഗിലാഷും മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് വാർഡിൽ ഇ.പി. രാജനും ജയിച്ചു.
- വയനാട് ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.