തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം; 16 സീറ്റിൽ വിജയം, 11 ഇടത്ത് എൽ.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം. പുതുതായി പിടിച്ചെടുത്ത എട്ട് വാർഡുകളടക്കം 16 വാർഡുകളിലാണ് യു.ഡി.എഫ് വിജയം കൊയ്തത്. 11 ഇടത്താണ് എൽ.ഡി.എഫ് ജയിച്ചത്. ബി.ജെ.പി രണ്ടിടത്ത് ജയിച്ചപ്പോൾ രണ്ടു സീറ്റുകൾ നഷ്ടമാവുകയും ചെയ്തു.
ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് നഗരസഭകൾ, 20 പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ വാർഡുകളിലായിരുന്നു തെരഞ്ഞെടുപ്പ്. കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാർഡ്, എറണാകുളം കീരംപാറ പഞ്ചായത്ത് ആറാം വാർഡ്, വയനാട് കണിയാമ്പറ്റ പഞ്ചായത്ത് നാലാം വാർഡ്, തിരുവനന്തപുരം പഴയകുന്നുമ്മൽ പഞ്ചായത്ത് മഞ്ഞപ്പാറ വാർഡ്, തൃശൂർ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ ഡിവിഷൻ, ആലപ്പുഴ പാലമേൽ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര വാർഡ്, ഇടുക്കി ഇളംദേശം ബ്ലോക്ക്പഞ്ചായത്ത് വാർഡ്, ആലപ്പുഴ പാണ്ടനാട് പഞ്ചായത്ത് വന്മഴി വാർഡ് എന്നിവയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. ഇതിൽ പാണ്ടനാട് വാർഡ് ബി.ജെ.പിയിൽ നിന്നും മറ്റുള്ളവ എൽ.ഡി.എഫിൽ നിന്നുമാണ് പിടിച്ചെടുത്തത്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സിറ്റിങ് സീറ്റ് ബി.ജെ.പി പിടിച്ചു. വാശിയേറിയ പോരാട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥി രണ്ടാം സ്ഥാനത്തും സി.പി.എം സ്ഥാനാർഥി മൂന്നാം സ്ഥാനത്തുമാണ്. ബി.ജെ.പി -286, കോൺഗ്രസ് -209, സി.പി.എം -164 എന്നിങ്ങനെയാണ് സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ട്. സി.പി.എം മെമ്പർ തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റികൾക്ക് ഹാജരാകാത്തതിനെ തുടർന്ന് അയോഗ്യനാക്കിയതാണ് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്.
മുതുകുളം പഞ്ചായത്തിലെ നാലാം വാർഡിലും പാണ്ടനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ യു.ഡി.എഫും (103 വോട്ട് ഭൂരിപക്ഷം) പാലമേൽ പഞ്ചായത്തിലെ 11-ാം വാർഡിലും യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു. എഴുപുന്ന പഞ്ചായത്തിലെ നാലാം വാർഡിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാർഡുകളിൽ മൂന്നെണ്ണം യു.ഡി.എഫ് നേടി. മുമ്പ് ഒരു സീറ്റ് പോലും യു.ഡി.എഫിന് ഇല്ലായിരുന്നു. പാണ്ടനാട്ട് പഞ്ചായത്തിൽ ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് തോറ്റു.
എറണാകുളം ജില്ല
കോതമംഗലം കീരംപാറ പഞ്ചായത്തിൽ യു.ഡി.എഫിന് വിജയം; എൽ.ഡി.എഫിന് ഭരണം നഷ്ടം
എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തെയും ഫലം വന്നപ്പോൾ കീരംപാറ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായി. അതേസമയം, കോൺഗ്രസ് ഭരണത്തിലായിരുന്നെങ്കിലും അംഗത്തിന്‍റെ മരണത്തോടെ പ്രസിഡന്‍റ് സ്ഥാനം ട്വന്‍റി 20 പിടിച്ചെടുത്ത വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ഇരു കക്ഷികൾക്കും തുല്യ സീറ്റായി. പറവൂർ നഗരസഭയിലെ 14ാം വാർഡായ വാണിയക്കാട് ബി.ജെ.പിയിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞി വാർഡ് കോൺഗ്രസ് നിലനിർത്തി.
കോതമംഗലത്തെ കീരംപാറ പഞ്ചായത്ത് ആറാം വാർഡിൽ യു.ഡി.എഫിലെ സാൻറി ജോസ് എൽ.ഡി.എഫിലെ റാണി റോയിയെ 41 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങൾ വീതമാണ് പൊതു തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ആറാം വാർഡിൽ സ്വതന്ത്രയായി വിജയിച്ച ഷീബ ജോർജ് എൽ.ഡി.എഫിനെ പിന്തുണച്ചതോടെ സി.പി.എമ്മിലെ വി.സി. ചാക്കോ പ്രസിഡന്റും ഷീബയെ വൈസ് പ്രസിഡന്റുമാക്കി എൽ.ഡി.എഫ് ഭരണം പിടിക്കുകയായിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം സി.പി.എം അംഗമാണെന്ന് എഴുതി നൽകിയതിനാൽ ഷീബയെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അംഗത്വം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഒഴിവ് വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ബീന റോജോ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പറവൂർ നഗരസഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി നിമിഷ ബി.ജെ.പിയിലെ രമ്യ രാജീവിനെ 160 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് സീറ്റ് പിടിച്ചെടുത്തത്. ബി.ജെ.പി അംഗം രാജിവെച്ചതിനെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി ശ്രീജ അശോകൻ വിജയിച്ചതോടെ അംഗബലം യു.ഡി.എഫിനും ട്വന്‍റി 20ക്കും അഞ്ച് വീതം, എൽ.ഡി.എഫിന് മൂന്ന് എന്ന നിലയിൽ തുടരും. പൊതു തെരഞ്ഞെടുപ്പിനെ തുടർന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ട്വന്റി 20 വിട്ടു നിന്നതോടെ കോണ്‍ഗ്രസിലെ വി.ആര്‍. അശോകന്‍ പ്രസിഡന്റാകുകയായിരുന്നു.
എന്നാല്‍, അശോകന്റെ നിര്യാണത്തോടെ കോണ്‍ഗ്രസിന് നാലും ട്വന്റി 20ക്ക് അഞ്ചും അംഗങ്ങളായി. ഇതോടെ ട്വന്റി 20ക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. അതേസമയം, വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് കോൺഗ്രസ് തുടരുകയും ചെയ്യുകയാണ്. എൽ.ഡി.എഫിന്‍റെ സഹായത്തോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് നിലവിലെ ട്വന്റി 20 ഭരണം അട്ടിമറിച്ചാലും കോൺഗ്രസിനും ട്വന്റി 20ക്കും തുല്യ സീറ്റായതിനാൽ നറുക്കെടുപ്പാവും വിജയിയെ നിശ്ചയിക്കുക. അല്ലെങ്കിൽ എൽ.ഡി.എഫ് ഏതെങ്കിലും കക്ഷിക്കൊപ്പം നിൽക്കേണ്ടി വരും.
കോലഞ്ചേരി പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞി വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മോൻസി പോൾ വിജയിച്ചു. വാർഡിനെ പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസിലെ സുശീൽ വി. ദാനിയേൽ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. വ്യക്തമായ ഭൂരിപക്ഷമുള്ള കോൺഗ്രസിന് ഭരണം തുടരാനാവും.
ഇടുക്കി ജില്ല
ഇടുക്കിയിൽ മൂന്നിടത്ത് എൽ.ഡി.എഫ്; ഒരിടത്ത് യു.ഡി.എഫ്
തൊടുപുഴ: ഇടുക്കി ജില്ലയിലെ നാല് തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്ത് എൽ.ഡി.എഫിനും ഒരിടത്ത് യു.ഡി.എഫിനും വിജയം. കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താൻ, ശാന്തൻപാറ പഞ്ചായത്തിലെ തൊട്ടിക്കാനം, കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാർഡുകളിലാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിൽ യു.ഡി.എഫിനാണ് വിജയം.
പൊന്നെടുത്താൻ വാർഡിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി പി.ബി ദിനമണി 92 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ചു. തൊട്ടിക്കാനത്ത് സി.പി.എമ്മിലെ ഇ.കെ ഷാബു 253 വോട്ടിന് വിജയിച്ചു. കുഴികണ്ടം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.ഡി പ്രദീപ് കുമാർ 65 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇവിടെ എൽ.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിർത്തി.
വണ്ണപ്പുറം ഡിവിഷനിൽ എൽ.ഡി.എഫിന്‍റെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ആൽബർട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കോഴിക്കോട് ജില്ല
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടന്ന കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡ് 17 വർഷത്തിനുശേഷം പിടിച്ചെടുത്ത് യു.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാർഥി റസീന പൂക്കോട് 272 വോട്ടിനാണ് സി.പി.എമ്മിലെ രഹ്നയെ തോൽപിച്ചത്. ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായിരുന്ന വാർഡാണ് അട്ടിമറി ജയത്തോടെ യു.ഡി.എഫ് സ്വന്തമാക്കിയത്.
സി.പി.എമ്മിലെ സജിത സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതോടെ കിഴക്കോത്ത് എല്‍.ഡി.എഫിന്റെ അംഗസംഖ്യ രണ്ടിലൊതുങ്ങി.
കോഴിക്കോട് മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ വാര്‍ഡില്‍ സി.പി.എമ്മിന്റെ എം.എം. രവീന്ദ്രന്‍ വിജയിച്ചു. 158 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്തില്‍ സി.പി.എമ്മിന്റെ എ. ശശിധരന്‍ വിജയിച്ചു. 340 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്. തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി വാര്‍ഡില്‍ മുസ്‍ലിം ലീഗിലെ നൗഷാദ് മാസ്റ്റര്‍ ജയിച്ചു. 381 വോട്ടുകള്‍ക്കാണ് ഇടത് സ്വതന്ത്രനെ പരാജയപ്പെടുത്തിയത്.
മലപ്പുറം ജില്ല
നഗരസഭ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് നിലനിർത്തി
മലപ്പുറം നഗരസഭ 31-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി സി. ഷിജു 12 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇടത് കൗൺസിലറായിരുന്ന വി.കെ. റിറ്റുവിന്‍റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ തവണ 364 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിച്ച വാർഡിൽ ഇത്തവണ ഭൂരപക്ഷം 12 ആയി കുറഞ്ഞു. ഇടതു സ്ഥാനാർഥി ഷിജുവിന് 1019 വോട്ടും എതിർ സ്ഥാനാർഥി യു.ഡി.എഫ് സ്വതന്ത്ര സി. സുജാത പരമേശ്വരന് 1007 വോട്ടും ലഭിച്ചു.
തിരുവനന്തപുരം ജില്ല തിരുവനന്തപുരത്തെ രണ്ട് വാർഡുകളും യു.ഡി.എഫിന്
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ രണ്ട് വാർഡുകളിലും യു.ഡി.എഫ് വിജയിച്ചു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിൽ കോൺഗ്രസിലെ എം.ജെ. ഷൈജ 449 വോട്ട് നേടി വിജയിച്ചു. സി.പി.എമ്മിലെ എം.എസ്. ഷംനാ ബീഗത്തിന് 404 വോട്ട് ലഭിച്ചു.
സി.പി.എമ്മിന്‍റെ സിറ്റിങ് സീറ്റ് യു.ഡി.എഫ്. പിടിച്ചെടുക്കുകയായിരുന്നു. കരുംകുളം പഞ്ചായത്തിലെ ചെക്കിട്ടവിളാകം വാർഡിൽ കോൺഗ്രസിലെ ഇ.എൽ ബെറി 444 വോട്ട് നേടി വിജയിച്ചു. സി.പി.എമ്മിലെ പി. മാർട്ടിൻ 363 വോട്ട് നേടി. 103 വോട്ടിന്‍റെ ഭൂരിപക്ഷമാണ് കോൺഗ്രസിന്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി അനീഷ് കുമാർ വിജയിച്ചു. 434 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനീഷ് കുമാർ വിജയിച്ചത്. അനീഷ് കുമാർ 1812 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി വി.കെ മധു 1278 വോട്ടും എൻ.ഡി.എ സ്ഥാനാർഥി വി.ടി പ്രസാദ് 245 വോട്ടും നേടി.
പത്തനംതിട്ട ജില്ല
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ എൽ.ഡി.എഫിന് ജയം
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി മായ അനിൽകുമാർ വിജയിച്ചു. 1785 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മായ അനിൽകുമാർ വിജയിച്ചത്. ആകെ പോൾ ചെയ്ത 31,811 വോട്ടുകളിൽ മായ അനിൽകുമാർ 14772 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി ആനി തോമസ് 12987 വോട്ടും എൻ.ഡി.എ സ്ഥാനാർഥി സന്ധ്യ മോൾ 5138 വോട്ടും നേടി.
സി.പി.എമ്മിന്‍റെ സിറ്റിങ് സീറ്റ് യു.ഡി.എഫ്. പിടിച്ചെടുക്കുകയായിരുന്നു. കരുംകുളം പഞ്ചായത്തിലെ ചെക്കിട്ടവിളാകം വാർഡിൽ കോൺഗ്രസിലെ ഇ.എൽ ബെറി 444 വോട്ട് നേടി വിജയിച്ചു. സി.പി.എമ്മിലെ പി. മാർട്ടിൻ 363 വോട്ട് നേടി. 103 വോട്ടിന്‍റെ ഭൂരിപക്ഷമാണ് കോൺഗ്രസിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.