തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണിക്ക് മേൽക്കൈ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 32 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മേൽക്കൈ. 17 വാർഡുകളിൽ ഇടതുമുന്നണി വിജയിച്ചപ്പോൾ യു.ഡി.എഫിന് 13 വാർഡുകൾ ലഭിച്ചു.
ഒരു വാർഡിൽ ബി.ജെ.പി വിജയിച്ചു. ഇടത് വിമതനാണ് മറ്റൊരു വാർഡിൽ വിജയിച്ചത്്. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ നേരത്തേ ഇടതുമുന്നണിക്ക് 16ഉം യു.ഡി.എഫിന് 15ഉം ബി.ജെ.പിക്ക് ഒരു വാർഡുമാണ് ഉണ്ടായിരുന്നത്.
യു.ഡി.എഫിൽനിന്ന് മൂന്ന് വാർഡുകൾ ഇടതുമുന്നണിയും ഒന്ന് സി.പി.എം വിമതനും പിടിച്ചെടുത്തു. ഇടത് മുന്നണിയുെട രണ്ട് വാർഡുകളും ബി.ജെ.പിയുടെ ഒരു വാർഡും യു.ഡി.എഫും പിടിച്ചെടുത്തു. ഇടുക്കിയിലെ ഗോത്ര പഞ്ചായത്തായ ഇടമലക്കുടയിൽ സി.പി.എമ്മിനെ ഒരു വോട്ടിന് ബി.ജെ.പി പരാജയപ്പെടുത്തി. കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡ് ബി.ജെ.പിയിൽനിന്ന് യു.ഡി.എഫിലെ ആർ.എസ്.പി പിടിച്ചെടുത്തു. കോൺഗ്രസ് സിറ്റിങ് സീറ്റായ പാലക്കാട് ജില്ലയിലെ എരുമയൂർ ഒന്നാം വാർഡിൽ സി.പി.എം വിമതൻ വിജയിച്ചു. ഇടതിലെ സി.പി.ഐ സ്ഥാനാർഥി മൂന്നാം സ്ഥാനത്താണ്.
ജില്ല പഞ്ചായത്തിലെ മൂന്ന് വാർഡുകളും ഇടതുമുന്നണി വിജയിച്ചു. ആലപ്പുഴ ജില്ല പഞ്ചായത്തിലെ അരൂർ ഡിവിഷൻ, പാലക്കാട് ജില്ല പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ല പഞ്ചായത്തിലെ നന്മണ്ട എന്നിവ ഇടതുമുന്നണി നിലനിർത്തി. മൂന്നിടത്തും വമ്പൻ ഭൂരിപക്ഷമാണ് ഇടതിന് ലഭിച്ചത്. തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലെ രണ്ട് ഡിവിഷനുകളിലും ഇടതുമുന്നണിക്കാണ് വിജയം.
തിരുവനന്തപുരത്തെ വെട്ടുകാട്, കൊച്ചി കോർപറേഷനിലെ ഗാന്ധി നഗർ ഡിവിഷനുകൾ. നാല് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഇടതുമുന്നണി വിജയം കണ്ടു. തിരുവനന്തപുരം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട് ഡിവിഷൻ സി.പി.എം നിലനിർത്തി.
ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന ഒ.എസ്. അംബിക ആറ്റിങ്ങല്‍ എം.എൽ.എ ആയതിനെതുടര്ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. പോത്തന്‍കോട് ബ്ലോക്കിലെ പോത്തൻകോട് ഡിവിഷൻ, തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട് പത്താം വാര്‍ഡ്, പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് ചുങ്കമന്ദം ഡിവിഷൻ എന്നിവയിലും ഇടതുമുന്നണി വിജയിച്ചു.
മൂന്ന് മുനിസിപ്പാലിറ്റികളിൽ രണ്ട് വാർഡുകൾ യു.ഡി.എഫ് നിലനിർത്തി. ഇടതിന് ഒന്ന് ലഭിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചാലാംപാട് ഡിവിഷൻ, കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭ ഒഴിഞ്ഞവളപ്പ് വാര്‍ഡ് എന്നിവ യു.ഡി.എഫിനാണ്. പിറവം നഗരസഭ 14ാം ഡിവിഷനിൽ ഇടതുമുന്നണി വിജയിച്ചു.
20 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിൽ 11 ൽ യു.ഡി.എഫും ഏഴിൽ ഇടതുമുന്നണിയും വിജയിച്ചു. പാലക്കാട് ജില്ലയിലെ എരിമയൂർ ഒന്നാം വാർഡ് സി.പി.എം വിമതനും ഇടമലക്കുടിയിലെ ഒരു വാർഡ് ബി.ജെ.പിക്കും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.