തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിന് നേട്ടം, ആറ് സീറ്റുകള്‍ പിടിച്ചെടുത്തു; പത്തിടത്ത് എല്‍.ഡി.എഫിന് വിജയം
text_fieldsതിരുവനന്തപുരം: 33 വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. എൽ.ഡി.എഫിന്‍റെ അഞ്ചു സീറ്റുകള്‍ ഉള്‍പ്പെടെ ആറ് സീറ്റുകള്‍ പിടിച്ചെടുത്ത് 17 സീറ്റുമായി യു.ഡി.എഫ് മുന്നിലെത്തിയപ്പോള്‍ എല്‍.ഡി.എഫിന് പത്തിടത്ത് വിജയം. എൽ.ഡി.എഫ് നാലു സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ ബി.ജെ.പിക്ക് മൂന്നു സീറ്റ് നഷ്ടപ്പെട്ടു. ആംആദ്മി പാർട്ടി ഒരു സീറ്റ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തു.
കോഴിക്കോട് വില്യാപ്പള്ളി പഞ്ചായത്തിലെ ചില്ലിവയല്‍, പാലക്കാട് പട്ടിത്തറ, വടക്കഞ്ചേരി അഞ്ചുമൂർത്തി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് ആനക്കല്ല്, കൂട്ടിക്കല്‍ എന്നീ അഞ്ച് സീറ്റുകള്‍ എൽ.ഡി.എഫില്‍നിന്ന് കൊല്ലം പോരുവഴിയിലെ എസ്.ഡി.പി.ഐ സീറ്റുമാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. റാന്നി പുതുശ്ശേരിമല, മലപ്പുറം ഒഴൂര്, കൊല്ലം ഉമ്മന്നൂർ വിലങ്ങറ വാർഡുകള്‍ ബി.ജെ.പിയില്‍നിന്നും കോട്ടയം തലനാട് വാര്‍ഡ് യു.ഡി.എഫില്‍നിന്നുമാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്.
ആറ് സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് നിലവിലുള്ള കായംകുളം, ഒറ്റപ്പാലം, ചെങ്ങന്നൂര് നഗരസഭാ സീറ്റുകളിലെ വിജയത്തിനു പുറമേ, അരുവിക്കര പഞ്ചായത്തിലെ മണമ്പൂർ വാർഡ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാനും കഴിഞ്ഞു. ഇടുക്കി കരിങ്കുന്നം നെടിയകാട് വാർഡാണ് എ.എ.പി പിടിച്ചെടുത്തത്.
നഗരസഭാംഗം എൻ.ഐ.എ കേസിൽ പ്രതിയായതിനെ തുടർന്ന് അയോഗ്യനായ ഈരാറ്റുപേട്ട നഗരസഭയിലെ കുറ്റിമരംപറമ്പ് ഡിവിഷൻ എസ്.ഡി.പി.ഐ നിലനിർത്തി. കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിലെ വിലങ്ങറ വാർഡ് ബി.ജെ.പിയിൽനിന്ന് സി.പി.ഐ പിടിച്ചതോടെ ഇരുമുന്നണികൾക്കും 10 സീറ്റുകൾ വീതമായി. നറുക്കെടുപ്പിലൂടെയാവും ഇനി ഭരണം നിർണയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.