ഒടുവിൽ തദ്ദേശവകുപ്പ് കർശന നടപടിക്ക്; അനധികൃത ബോർഡുകൾക്ക് പിഴ 5000 രൂപ
text_fieldsപാലക്കാട്: നിരവധി ഹൈകോടതി വിധികളും സർക്കാർ ഉത്തരവുകളും വന്നിട്ടും നടപ്പാക്കാനാവാതെപോയ പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്കെതിരെ കർശന നടപടിക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം. ഇവക്കെതിരെ പിഴ ചുമത്താത്തത് പൊതുവരുമാനം നഷ്ടപ്പെടാൻ കാരണമായെന്ന വിലയിരുത്തലിൽ അനധികൃത ബോർഡുകൾക്കും കൊടിതോരണങ്ങൾക്കും പരമാവധി 5000 രൂപ പിഴ ചുമത്താനാണ് തദ്ദേശതലത്തിൽ രൂപവത്കരിച്ച നിരീക്ഷണസമിതിയോട് വകുപ്പ് നിർദേശിച്ചിരിക്കുന്നത്. 1999ലെ കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം ബോർഡ് ഒന്നിന് പരമാവധി 5000 രൂപ പിഴയും നീക്കാനുള്ള ചെലവും ഈടാക്കണമെന്നും പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കണമെന്നുമാണ് തദ്ദേശവകുപ്പ് നിർദേശിച്ചിരിക്കുന്നത്.
രാഷ്ട്രീയ -വർഗ -ബഹുജന -സാമുദായിക സംഘടനകളുൾപ്പെടെയുള്ള നിയമലംഘകർക്കെതിരെയുള്ള നടപടി പലതരത്തിലും പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിൽ നടപടികൾ കാര്യമായി പുരോഗമിച്ചിരുന്നില്ല. കഴിഞ്ഞ ഒക്ടോബർ 31ലെ ഹൈകോടതിയുടെ രൂക്ഷവിമർശനത്തെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി. ഹൈകോടതി നിർദേശപ്രകാരം അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കാൻ തദ്ദേശതലത്തിൽ പ്രാദേശിക സമിതികളും നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ജില്ലതല നിരീക്ഷണ സമിതികളും രൂപവത്കരിച്ചിരുന്നു.
പൊലീസ്, എൻ.എച്ച്.എ.ഐ, തദ്ദേശം, റവന്യൂ, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്നതാണ് നിരീക്ഷണ സമിതികൾ. ഈ സമിതികൾ പരാജയമാണെന്ന് കോടതി ഉത്തരവിൽ കുറ്റപ്പെടുത്തിയിരുന്നു. 2021 ഡിസംബറിലാണ് കൊടിതോരണങ്ങൾ സംബന്ധിച്ച വ്യവഹാരത്തിൽ ഹൈകോടതി ആദ്യമായി വിധി പുറപ്പെടുവിച്ചത്. തുടർന്ന് വിധിയും ഇടക്കാല ഉത്തരവുകളുമായി ആറുതവണ വിധികൾ പുറപ്പെടുവിച്ചെങ്കിലും കാര്യമായി ഫലമുണ്ടായില്ല.
ആറ് ഉത്തരവുകളാണ് വിഷയത്തിൽ തദ്ദേശവകുപ്പും പുറത്തിറക്കിയത്. ഒടുവിൽ ഹൈകോടതി സർക്കാർ നടപടി നിരീക്ഷിക്കാൻ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തുകയും റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു. ഒക്ടോബർ 31ന് തദ്ദേശവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെയും അമിക്കസ് ക്യൂറിയെയും കേട്ട ഹൈകോടതി വിഷയത്തിൽ മതിയായ പിഴ ചുമത്തിയേ തീരൂവെന്ന് കർശനമായി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.