തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം 12ന് മുമ്പ്; ഒരുക്കം വിലയിരുത്താൻ കമീഷൻ നാളെ ചീഫ് സെക്രട്ടറിയെ കാണും
text_fieldsതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് മുമ്പ് ഇറക്കും. നവംബർ അഞ്ചിനുശേഷം ഏതെങ്കിലും ദിവസം വിജ്ഞാപനം ഇറക്കാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ അവസാനവട്ട ഒരുക്കം വിലയിരുത്താൻ നവംബർ നാലിന് ചീഫ് സെക്രട്ടറിയുമായി കമീഷൻ കൂടിക്കാഴ്ച നടത്തും. അന്നേദിവസം തന്നെ കലക്ടർമാരുടെ ഒാൺലൈൻ യോഗവും വിളിച്ചിട്ടുണ്ട്.
പുതിയ ഭരണസമിതി അധികാരമേൽേക്കണ്ട നവംബർ 12ന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് കുറച്ച് സമയത്തേക്കെങ്കിലും തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകും. ഡിസംബർ 31ന് മുമ്പ് തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കാൻ കഴിയില്ലെന്ന് കമീഷൻ സംസ്ഥാന സർക്കാറിന് കത്ത് നൽകി. തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥസമിതി ഭരണത്തിലേക്ക് പോകാൻ സർക്കാർ ഉടൻ വിജ്ഞാപനമിറക്കും. 2015ലും കുറച്ച് ദിവസം തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലായിരുന്നു.
വോട്ടർപട്ടികയിൽ പേര് കൂട്ടിച്ചേർക്കാനുള്ള സമയം കഴിഞ്ഞതോടെ അന്തിമ വോട്ടർപട്ടിക നവംബർ 10ന് പ്രസിദ്ധീകരിക്കും. കോവിഡ് മാനദണ്ഡം അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തയാറെടുപ്പിെൻറ ഭാഗമായി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായി തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ ചർച്ച നടത്തി. നിലവിൽ ഒരു ബൂത്തിൽ മൂന്ന് പോളിങ് ഒാഫിസർമാർ, പ്രിസൈഡിങ് ഒാഫിസർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരെയാണ് നിയോഗിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥർക്ക് പുറമെ സാനിറ്റൈസർ കൈകാര്യം ചെയ്യാൻ ഒാഫിസ് അറ്റൻഡൻറിനെകൂടി അനുവദിക്കും.
തെരഞ്ഞെടുപ്പ് ഡിസം.31നകം
കൊച്ചി: സംസ്ഥാനത്ത് ഡിസംബർ 31നകം തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ എല്ലാ ഒരുക്കവും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ. കോവിഡ് സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചർച്ച നടത്തിയും സർവകക്ഷിയോഗം വിളിച്ചുമാണ് നടപടികളുമായി മുന്നോട്ടുപോയത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പി.സി. ജോർജ് എം.എൽ.എ നൽകിയ ഹരജിയിലാണ് വിശദീകരണം. കക്ഷികളുടെ വാദം കേട്ട ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വിധി പറയാൻ മാറ്റി. വെള്ളിയാഴ്ച വിധി പറഞ്ഞേക്കും.
തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടേണ്ടെന്ന അഭിപ്രായമാണ് സർവകക്ഷി യോഗത്തിലുണ്ടായതെന്നും കോവിഡ് കാലത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർഗനിർദേശം പുറപ്പെടുവിച്ചെന്നും കമീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.