കോവിഡ് വാക്സിനേഷൻ കാമ്പയിനുമായി തദ്ദേശ സ്ഥാപനങ്ങൾ
text_fieldsകാസർകോട്: മുൻഗണന വിഭാഗത്തിലുള്ളവർ വാക്സിൻ എടുക്കുന്നുവെന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങൾ വാക്സിനേഷൻ കാമ്പയിൻ നടത്തണമെന്ന് സർക്കാർ നിർദേശം.
കോവിഡ് 19 പ്രതിരോധത്തിെൻറ ഭാഗമായി 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, 45 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള ഗുരുതരരോഗം ബാധിച്ചവർ, വിട്ടുമാറാത്ത രോഗം ബാധിച്ചവർ എന്നിവരെ മുൻഗണന വിഭാഗത്തിലുൾപ്പെടുത്തിയാണ് നിലവിൽ വാക്സിൻ നൽകിവരുന്നത്. എന്നാൽ, പ്രത്യേകം ശ്രദ്ധ വേണ്ടിവരുന്ന മേൽവിഭാഗത്തിൽപെട്ട എല്ലാവരും വാക്സിൻ എടുക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കാമ്പയിൻ നടത്താനാണ് പുതിയ മാർഗരേഖ.
ഇതുപ്രകാരം, തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ്തലത്തിൽ ബന്ധപ്പെട്ട വാർഡ് മെംബറുടെ മേൽനോട്ടത്തിൽ വാർഡ്തല സമിതികളാണ് കാമ്പയിൻ പ്രവർത്തനങ്ങൾ നടത്തേണ്ടത്.
സമിതികൾ അതതിടങ്ങളിലെ മുൻഗണന വിഭാഗത്തിൽപെട്ട, ഇതിനകം വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവർക്ക് ആരോഗ്യ വകുപ്പ് മാർഗരേഖ പ്രകാരം ബോധവത്കരണം നടത്തണം. അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം സംബന്ധിച്ച് വിവരം കൈമാറുകയും വേണം. വാക്സിനേഷന് രജിസ്ട്രേഷൻ നടത്തുന്നതിനും സഹായം നൽകാം. 80നു മേൽ പ്രായമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കുകയും വാക്സിൻ എടുത്തെന്ന് സമിതികൾ ഉറപ്പുവരുത്തുകയും വേണം.
തദ്ദേശ സ്ഥാപന സെക്രട്ടറിമാർ കാമ്പയിൻ സംബന്ധിച്ച് പ്രതിദിന റിപ്പോർട്ട് നൽകണമെന്നും സർക്കുലറിലുണ്ട്. തദ്ദേശ സ്ഥാപനത്തിെൻറ പേര്, വാർഡുകളുടെ എണ്ണം, ആകെ മുതിർന്ന പൗരന്മാർ, വാക്സിൻ സ്വീകരിച്ചവർ, 80നു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ, വാക്സിൻ സ്വീകരിച്ചവർ തുടങ്ങിയ വിവരങ്ങൾ നഗരകാര്യ ഡയറക്ടർ, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്കാണ് സെക്രട്ടറിമാർ ദിനേന നൽകേണ്ടത്. പഞ്ചായത്ത് ഡയറക്ടർ ഈ വിവരങ്ങൾ ക്രോഡീകരിച്ച് ദ്വൈവാര റിപ്പോർട്ടായി സർക്കാറിന് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.