Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 11:58 PM GMT Updated On
date_range 23 May 2022 11:58 PM GMTമഴഭീതിയൊഴിഞ്ഞു; മാനം തെളിഞ്ഞു
text_fieldsbookmark_border
-വെള്ളക്കെട്ടിൽ നശിച്ച് നെൽകൃഷി; മടവീഴ്ചയും വിനയായി ആലപ്പുഴ: മാനം തെളിഞ്ഞതോടെ ജില്ലയിൽ തീവ്രമഴയുടെ ഭീതിയൊഴിഞ്ഞു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പും ജാഗ്രത നിർദേശവും പിൻവലിച്ചു. എന്നാൽ, കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശമുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ മാറിനിന്നിട്ടും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് ദുരിതത്തിന് ശമനമില്ല. വിളവിന് പാകമായതും കൊയ്തെടുത്ത നെല്ലുമാണ് വെള്ളക്കെട്ടിൽ നശിച്ചത്. പുഞ്ചകൃഷിയുടെ കൊയ്ത്ത് പൂർത്തിയാക്കി സംഭരണത്തിന് കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത മഴയുണ്ടായത്. ചില ദിവസങ്ങൾ മഴ കനത്തതോടെ ജില്ലയിൽ 16 ഇടത്താണ് മടവീഴ്ചയുണ്ടായത്. തിങ്കളാഴ്ച വീയപുരം കൃഷിഭവന് കീഴിൽ ചെക്കാമയിക്കേരി പടശേഖരത്തിൽ മടവീഴ്ചയാണ് ഏറ്റവും ഒടുവിലത്തേത്. മടവീഴ്ചയിൽ വിളവിന് പാകമായ ഏക്കറുകണക്കിന് നെൽകൃഷിയാണ് നശിക്കുന്നത്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കൊയ്ത്തുയന്ത്രങ്ങൾപോലും പാടത്ത് ഇറക്കാനാകുന്നില്ല. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ 150 ഏക്കർ മൂലപള്ളിക്കാട് കരികാച്ചാംകോണം പാടശേഖരത്തിലെ കർഷകർക്ക് 120 ദിവസം പിന്നിട്ടും വിളവെടുക്കാനായിട്ടില്ല. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്ന് മടവീഴ്ചയുണ്ടായ ഹരിപ്പാട്, പള്ളിപ്പാട്, വൈപ്പിൻകാട് വടക്ക് പാടശേഖരത്തിലെ 110 ഏക്കറിലെ നെൽകൃഷിയും നശിച്ചുതുടങ്ങി. ഇതിനൊപ്പം സംഭരണം വൈകുന്നതിനാൽ കൊയ്തുകൂട്ടിയ നെല്ല് പലയിടത്തും കിളിർത്തു. പള്ളിപ്പാട് ചിറക്കുഴി 100 ഏക്കർ പാടശേഖരം, വീയപുരം പോട്ടകളയ്ക്കാട് പാടശേഖരം എന്നിവിടങ്ങളിൽ ഇനിയും നെല്ല് കൊയ്യാൻ ബാക്കിയുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് വിളവിറക്കിയ കുട്ടനാട്ടിലെ കർഷകർക്ക് സമയപരിധി കഴിഞ്ഞിട്ടും വിളവെടുക്കാൻ സാധിച്ചിട്ടില്ല. ജില്ലയിൽ 11.64 മി.മീ മഴ ആലപ്പുഴ: ജില്ലയിൽ തിങ്കളാഴ്ച പെയ്തത് 11.64 മി.മീറ്റർ മഴ. ചേർത്തല -8.00, മങ്കൊമ്പ് -5.02, മാവേലിക്കര -16.2, കായംകുളം -11.08, കാർത്തികപ്പള്ളി -17.00 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ കണക്ക്. ഞായറാഴ്ച രാവിലെ എട്ട് മുതൽ തിങ്കളാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കാണിത്. ശനിയാഴ്ചയും ഞായറാഴ്ചയും ജില്ലയിൽ കാര്യമായ മഴയുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story