Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 12:01 AM GMT Updated On
date_range 4 Jun 2022 12:01 AM GMTതോട്ടപ്പള്ളിയിലെ കരിമണൽ ഖനനവിരുദ്ധ സമരം ഒരാണ്ടിലേക്ക്
text_fieldsbookmark_border
സമരം തുടരാനുറച്ച് പ്രതിഷേധക്കാർ ആറാട്ടുപുഴ: തീരദേശത്തിന്‍റെ ആവാസ വ്യവസ്ഥയെ തകർക്കുന്ന തോട്ടപ്പള്ളി പൊഴിയിലെ കരിമണൽ ഖനനത്തിനെതിരെ ഉയർന്ന ജനരോഷത്തിന് ഈമാസം 11ന് ഒരാണ്ട് തികയും. ആഴം കൂട്ടലിന്‍റെ മറവിൽ കാൽച്ചുവട്ടിലെ മണ്ണ് തോണ്ടിയെടുക്കുന്നവർക്കെതിരെ വിവിധ രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക -പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയിൽ രൂപം കൊണ്ട കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. തോട്ടപ്പള്ളി പൊഴിയുടെ തെക്കേ കരയിൽ കെട്ടിയ സമരപ്പന്തലിൽ നീണ്ടനാൾ പിന്നിടുമ്പോഴും പ്രതിഷേധത്തിന്‍റെ കനലുകൾ കെടാതെ സൂക്ഷിക്കുകയാണ് പ്രതിഷേധക്കാർ. തോട്ടപ്പള്ളി പൊഴിയുടെ ആഴം കൂട്ടി പ്രളയ ദുരിതത്തിനിന്ന് കുട്ടനാടിനെ രക്ഷിക്കാൻ സർക്കാർ എടുത്ത തീരുമാനം കരിമണൽ ഖനനത്തിനുള്ള ഗൂഢനീക്കമാണെന്ന തീരവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ആശങ്ക ശരിവെക്കുന്നതാണ് ഒരാണ്ടിലെത്തുമ്പോഴത്തെ അവസ്ഥ. പൊഴിയുടെ ഇരുകരകളും മണ്ണുമാന്തിയന്ത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കുട്ടനാട്ടിലെ പ്രളയജലം ഒഴുക്കുന്നതിന് വീയപുരം മുതൽ തോട്ടപ്പള്ളി വരെ ലീഡിങ് ചാനലിലെയും കുട്ടനാട്ടിലെ നദികളിലെയും മണലും ചളിയും നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവൃത്തിക്ക് പ്രാധാന്യം നൽകാതെ സമുദ്രനിരപ്പിന് താഴെ കിടക്കുന്ന കുട്ടനാട്ടിലേക്ക് ഓര് വെള്ളം കടക്കാതെ സംരക്ഷിക്കുന്ന മണൽഭിത്തി കവർന്നെടുക്കുന്ന പ്രകൃതി വിരുദ്ധ പ്രവൃത്തിയാണ് തോട്ടപ്പള്ളിയിൽ നടക്കുന്നതെന്നാണ് സമരക്കാർ ആരോപിക്കുന്നത്. ഏഴ് പതിറ്റാണ്ടിനിടെ ആദ്യമായി തോട്ടപ്പള്ളി പൊഴി ഈ വർഷം അടഞ്ഞിട്ടില്ല. കുട്ടനാട്ടിലെ കൃഷിയെ തോട്ടപ്പള്ളി പൊഴിയുടെ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കഴിഞ്ഞ കൃഷി സീസണിൽ പാടശേഖരങ്ങളിൽ എത്തിയ ഓരു വെള്ളത്തിന്‍റെ അളവ് മുൻവർഷങ്ങളെക്കാൾ കൂടുതൽ ആണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞവർഷം മേയ് 16 മുതൽ നവംബർ 23 വരെ മാത്രം 14,549 ലോഡ് കരിമണലാണ് തോട്ടപ്പള്ളിയിൽനിന്ന് ചവറ കെ.എം.എം.എല്ലിലേക്ക് കയറ്റിപ്പോയത്. 250000 ക്യുബിക് മീറ്റർ മണൽ നീക്കാനാണ് ഇറിഗേഷൻ വകുപ്പ് ലക്ഷ്യമിടുന്നത്. ജൂൺ 15 നുള്ളിൽ ലക്ഷ്യം നേടാനാണ് ശ്രമം. ഒരു നാടിനെയും ജനതയെയും അപകടത്തിലേക്കാണ് ഭരണകൂടം കൊണ്ടുപോകുന്നതെന്ന് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ്. സുരേഷ് കുമാർ പറഞ്ഞു. ജനകീയ പ്രതിഷേധങ്ങളെ പരിഗണിക്കാത്ത ഭരണകൂടത്തിനെതിരെ സമരം ശക്തമാക്കാനാണ് തീരുമാനം. ആലപ്പുഴയുടെ നിലനിൽപിനാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story