Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉലയിലുരുകുന്നത്...

ഉലയിലുരുകുന്നത് കനലെരിഞ്ഞ ജീവിതങ്ങൾ

text_fields
bookmark_border
പാരമ്പര്യ തൊഴിലായ ആലയിലെ ഇരുമ്പുപണി വിസ്മൃതിയിലേക്ക്​ ചാരുംമൂട്: താമരക്കുളം ഗുരുനാഥൻ കുളങ്ങര തറയിൽ പുത്തൻവീട്ടിൽ ശങ്കരൻകുട്ടി തന്‍റെ ആലയിൽ ഇരുമ്പുപണി തുടങ്ങിയിട്ട് 67 വർഷം. പത്താമത്തെ വയസ്സിൽ അച്ഛൻ ഗോവിന്ദനൊപ്പം കൂടിയ ശങ്കരൻകുട്ടി 77ാം വയസ്സിലും ആലയിലെ ഉലയിലിട്ട ഇരുമ്പിനൊപ്പം ജീവിതം കരുപ്പിടിപ്പിക്കാൻ ഉരുകിത്തീരുകയാണ്. പക്ഷേ, ഇന്ന് ഉലയിൽ കനലെരിയുന്നത് വല്ലപ്പോഴും മാത്രം. പണിയായുധങ്ങൾക്കായി ഓർഡർ കിട്ടുന്നതുതന്നെ അപൂർവം. ആയുധങ്ങൾക്ക് വാത്തല ഇടീൽ മാത്രമാണ് ഇന്നത്തെ വരുമാനം. ഒരിക്കൽ ഓണാട്ട്കരയുടെ തെക്കൻ പ്രദേശങ്ങളിലേക്ക് ആവശ്യമുള്ള എല്ലാ ഇരുമ്പ് ഉൽപന്നങ്ങളും കൃഷി ആയുധങ്ങളും നിർമിച്ചിരുന്നത് ചാരുംമൂട് മേഖലയിലെ ആലകളിലായിരുന്നു. അരിവാൾ, വാക്കത്തി, തൂമ്പ, മൺവെട്ടി, മഴു തുടങ്ങി ഒട്ടേറെ ഉപകരണങ്ങളാണ്​ ഉണ്ടാക്കിയിരുന്നത്. കാർഷിക ഉപകരണമായ കലപ്പയും ആലയിൽ രൂപപ്പെട്ടതാണ്. ഇവിടെ ഉണ്ടാക്കിയിരുന്ന കൃഷി ആയുധങ്ങളും വീടുകളിലേക്ക് ആവശ്യമുള്ള ആയുധങ്ങളും താമരക്കുളം മാധവപുരം ചന്തയിലെ പ്രധാന വിൽപന ചരക്കുകളായിരുന്നു. ദൂരദേശങ്ങളിൽനിന്നുപോലും താമരക്കുളം ചന്തയിലെത്തി ഇത്തരം ഇരുമ്പുസാധനങ്ങൾ വാങ്ങാൻ ധാരാളം ആളുകൾ എത്തിയിരുന്നു. താമരക്കുളത്തെ ആലകളിൽ നിർമിച്ചിരുന്ന ഇരുമ്പും അര ഉരുക്കും ചേർത്ത് ചുട്ട് പറ്റിച്ച കൊയ്ത്തരിവാളുകൾക്ക് വൻ ഡിമാൻഡ് ആയിരുന്നു. 1990കളുടെ പകുതി വരെയും ഒട്ടുമിക്ക ആലകളും പ്രവർത്തിച്ചിരുന്നതായി ശങ്കരൻകുട്ടി പറയുന്നു. ദൂരസ്ഥലങ്ങളിൽനിന്നു പോലും കർഷകർ വന്ന് കൊയ്ത്തരിവാളുകൾ പണിയിച്ചിരുന്നു. ചുണ്ട് നീളം കുറഞ്ഞതും ചുണ്ട് നീളം കൂടുതലുമുള്ള അരിവാളുകളായിരുന്നു വേണ്ടിയിരുന്നത്. കർഷക തൊഴിലാളികളാണ്​ ചുണ്ട് നീളം കൂടിയ അരിവാളുകൾ വാങ്ങിയിരുന്നത്‌. ചുണ്ട്​ നീളം കൂടിയ അരിവാളിൽ നാല് മൂട് നെല്ല് തടഞ്ഞ് കൊയ്യുമ്പോൾ ഒരുകറ്റയാകണമെന്നതായിരുന്നു അവരുടെ കണക്ക്. ആളുകൾ കൃഷിയിൽനിന്ന് വിടപറയുകയും പാടങ്ങളിൽ കൊയ്ത്തൊഴിഞ്ഞതും ഉലകളിലെ കനലുകൾ കെടാനിടയാക്കി. ആലകൾക്ക് ആവശ്യമുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും പ്രതിസന്ധിക്ക് ആക്കംകൂട്ടി. ആലകളിലെ പ്രധാന അസംസ്കൃതവസ്തുവായ കരി കിട്ടാനില്ല. വർഷങ്ങൾക്ക് മുമ്പ് നാട്ടിൻപുറങ്ങളിലെ ചായക്കടകളിൽനിന്ന്‌ ചിരട്ടക്കരിയും മരക്കരിയും ലഭിച്ചിരുന്നു. ഗ്യാസ് അടുപ്പുകൾ അടുക്കളകൾ പിടിച്ചടക്കിയതോടെ കരിയുടെ ലഭ്യതയും കുറഞ്ഞു. വ്യവസായ സ്ഥാപനങ്ങൾ കാർഷിക ഉപകരണങ്ങൾ നിർമിക്കാൻ തുടങ്ങിയതോടെയാണ് നാട്ടിൻപുറങ്ങളിലെ ആലകളെ പൂർണ തകർച്ചയിലേക്ക് എത്തിച്ചത്. ചെലവുകുറഞ്ഞ ഇത്തരം മെഷീൻ നിർമിത ആയുധങ്ങൾ ചന്തകളും കടകളും കീഴടക്കി. കൊല്ലപ്പണിയിൽ ഏർപ്പെട്ടിരുന്നവരുടെ പുതിയ തലമുറകളും പുതിയ ജോലികൾ തേടി പോയതോടെ നാട്ടിൻപുറങ്ങളിലെ ആലകൾ അപൂർവമായി. ചാരുംമൂട് മേഖലയിൽ അവശേഷിക്കുന്നത് വിരലിൽ എണ്ണാവുന്ന ആലകൾ മാത്രം. പുതിയ തലമുറയിലെ ഒരാൾ പോലും ഈ തൊഴിൽ പഠിക്കുന്നില്ല. കർഷകർക്കും അനുബന്ധമേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ലഭിക്കുന്ന സഹായവും പ്രോത്സാഹനവും കാർഷികമേഖലക്ക് താങ്ങും തണലുമായി നിൽക്കുന്ന ഇരുമ്പുപണിക്കാർക്ക് ലഭിക്കുന്നില്ലെന്ന്​ പരാതിയുണ്ട്​. സർക്കാർ സംരക്ഷണവും സഹായവും ഇല്ലെങ്കിൽ ഈ പാരമ്പര്യ തൊഴിലും വൈകാതെ വിസ്മൃതിയിലാകും. APL shankarankutty ആലയിലെ ഉലയിൽ ഇരുമ്പുപണി ചെയ്യുന്ന ശങ്കരൻ കുട്ടി box item
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story