Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:20 PM GMT Updated On
date_range 5 Aug 2022 7:20 PM GMTമഴ കുറഞ്ഞിട്ടും വെള്ളം താഴുന്നില്ല; വേലിയേറ്റത്തിൽ മുങ്ങി കുട്ടനാട്
text_fieldsbookmark_border
ഇന്നലെ പകൽ മഴ മാറിനിന്നു ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച മഴക്ക് ശമനമുണ്ടായിരുന്നെങ്കിലും കിഴക്കൻവെള്ളത്തിന്റെ വരവ് നിലക്കാത്തതിനാൽ ജലാശയങ്ങളിലെ ജലനിരപ്പുയർന്നു. വീടുകളിലേക്കും വെള്ളം കൂടുതലായി കയറിത്തുടങ്ങി. മഴയൊഴിഞ്ഞിട്ടും കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും വെള്ളക്കെട്ട് ദുരിതമൊഴിയുന്നില്ല. പുളിങ്കുന്ന്, കാവാലം, വെളിയനാട് പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. കിഴക്കൻ വെള്ളത്തിനൊപ്പം വേലിയേറ്റവുമാണ് കുട്ടനാടിന് ഭീഷണി. വൈകുന്നേരങ്ങളിലെ വേലിയേറ്റ സമയത്ത് കടൽ വെള്ളമെടുക്കാത്തതിനാൽ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളക്കെട്ടിലാകുകയാണ്. മലവെള്ളത്തിനും വേലിയേറ്റത്തിനുമൊപ്പം മഴ ചെറുതായി കനത്താൽ കുട്ടനാട്ടിലെ സ്ഥിതി ഇനിയും മോശമാകും. തോട്ടപ്പള്ളിയിൽ 39 ഷട്ടറുകൾ തുറന്നിട്ടും കടലിലേക്ക് ശക്തമായ ഒഴുക്കില്ല. അമ്പലപ്പുഴയുടെ തീരമേഖലയിൽ കടലേറ്റം ശക്തമാണ്. തലവടി, മുട്ടാർ, എടത്വാ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളംകയറിയിട്ടുണ്ട്. മഴയിലും കാറ്റിലും 21 വീടുകൾക്കാണ് നാശമുണ്ടായിട്ടുള്ളത്. ഇതിൽ ഒരു വീട് പൂർണമായി തകർന്നു. നീരേറ്റുപുറം, ചമ്പക്കുളം, നെടുമുടി, മങ്കൊമ്പ്, കാവാലം എന്നിവിടങ്ങളിൽ അപകടനിലക്ക് മുകളിൽ വെള്ളമുണ്ട്. പലയിടത്തും കൃഷിനാശവുമുണ്ട്. അപ്പർ കുട്ടനാട്ടിൽ തിരുവൻവണ്ടൂരിൽ നന്നാട്, കൂലിക്കടവ്, ചെങ്ങന്നൂരിൽ കീഴ്ച്ചേരിമേൽ, മംഗലം, ഇടനാട് മുളക്കുഴയിൽ കോടംതുരുത്ത്,തുലാക്കുഴി, ചെമ്പൻചിറ, മാന്നാറിൽ തൈച്ചിറ കോളനി, കരിയിൽ കളം, മൂന്നുപുരക്കൽ താഴ്ചയിൽ എന്നിവിടങ്ങളിലും ബുധനൂരിൽ തൈയൂർ, താഴാംതറ, പാണ്ടനാട് മുറിയായ്ക്കര, ഇല്ലിമല എന്നിവിടങ്ങളിലും പമ്പ, അച്ചൻകോവിലാറുകളിൽനിന്ന് വെള്ളം കയറിയിട്ടുണ്ട്. ആലപ്പുഴ നഗരത്തിലെ കായൽ, കനാൽ തീരങ്ങളിലെ വാർഡുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തിരുമല വാർഡിൽ പോഞ്ഞിക്കരയിൽ മുപ്പതോളം വീടുകൾ വെള്ളത്തിലായി. കൂടുതൽ വീടുകളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. വൈകീട്ട് വേലിയേറ്റ സമയത്ത് ജലനിരപ്പ് ഉയരുന്നതിനാൽ കുടുംബങ്ങൾ ആശങ്കയിലാണ്. പോഞ്ഞിക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപ ഭാഗങ്ങളിലാണ് കൂടുതൽ വെള്ളക്കെട്ടുള്ളത്. വാടക്കനാലിന്റെ കിഴക്ക് കായലിനോട് ചേർന്ന ഭാഗത്ത് സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ കനാലിൽനിന്നുള്ള വെള്ളം പോഞ്ഞിക്കരയിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് അടിച്ചുകയറുകയാണ്. മാറിത്താമസിക്കാൻ വേറെ മാർഗമില്ലാത്തതിനാൽ കുട്ടികളുമായി ഇവിടെത്തന്നെ കഴിയുകയാണ് പല കുടുംബങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story