Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:21 PM GMT Updated On
date_range 5 Aug 2022 7:21 PM GMTപ്രധാനപാതകളിൽ വെള്ളംകയറി; ഗതാഗതം നിലച്ചു
text_fieldsbookmark_border
യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ ബോട്ടുകൾ ആലപ്പുഴ: നദികൾ കവിഞ്ഞൊഴുകിയും കിഴക്കൻവെള്ളത്തിന്‍റെ വരവിലും ആലപ്പുഴ-ചങ്ങനാശ്ശേരി, അമ്പലപ്പുഴ-തിരുവല്ല, എടത്വ-ഹരിപ്പാട് പാതകളിൽ വെള്ളംകയറിയതോടെ ഗതാഗതം നിലച്ചു. കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ നിർത്തിവെച്ചു. പമ്പാനദി കരകവിഞ്ഞ് ആലപ്പുഴ-അമ്പലപ്പുഴ-തിരുവല്ല പാതയിൽ നെടുമ്പ്രത്തും ചക്കുളത്തുകാവിലും വെള്ളംകയറിയാണ് ഗതാഗതം നിലച്ചത്. റോഡരിലെ വീടുകളിലും ജലം ഇരച്ചുകയറി. മുന്നറിയിപ്പില്ലാതെ വെള്ളിയാഴ്ച രാവിലെ മുതലാണ് സർവിസുകൾ നിർത്തിയത്. ഇതോടെ, ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടവർ പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് മടങ്ങി. എടത്വ -ഹരിപ്പാട് റൂട്ടിൽ വെള്ളംകയറി ഹരിപ്പാട് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസുകളും നിർത്തി. എടത്വ ഭാഗത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ചക്കുളത്തുകാവ് ജങ്ഷൻ വരെയും ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് വീയപുരം വരെയും സർവിസ് നടത്തുന്നുണ്ട്. അമ്പലപ്പുഴ -തിരുവല്ല റോഡിൽ നെടുമ്പ്രത്താണ് വെള്ളം കൂടുതലുള്ളത്. റോഡിന്റെ ഒരുഭാഗത്ത് താഴ്ചയായതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കില്ല. ഒരുകിലോമീറ്റർ ദൂരമുള്ള വെള്ളക്കെട്ടിലൂടെ എത്തുന്ന വലിയവാഹനങ്ങളടക്കം പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ച് ഒരുവശത്തുകൂടി മാത്രമാണ് കടത്തിവിടുന്നത്. ജലം ഇനിയും ഉയർന്നാൽ വാഹനഗതാഗതം പൂർണമായും നിരോധിക്കേണ്ടിവരും. എ.സി റോഡിൽ കിഴക്കൻ വെള്ളത്തിന്‍റെ വരവിൽ 11 ഇടങ്ങളിലാണ് വെള്ളംകയറിയത്. ഇതിൽ പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി, മുട്ടാർ ജങ്ഷൻ, കിടങ്ങറ, പാറക്കൽ കലുങ്ക്, മനക്കച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഗതാഗത തടസ്സമുള്ളത്. പലയിടത്തും ഒരുകിലോമീറ്റർ ദൂരത്തിലാണ് വെള്ളം. വെള്ളത്തിലൂടെ സഞ്ചരിച്ച നിരവധി ഇരുചക്രവാഹനങ്ങൾ പലതും ബ്രേക്ക് ഡൗണായി. എ.സി കനാൽ വളച്ചുകെട്ടി താൽക്കാലിക പാത ഒരുക്കിയ മാമ്പുഴക്കരിഭാഗത്തും വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമാണ്. വെള്ളം കയറിയ താൽക്കാലിക പാതയിലൂടെ വലിയ വാഹനങ്ങളടക്കം ഓടിയാൽ ബലക്ഷയമുണ്ടാകുമെന്ന് ആശങ്കയുണ്ട്. പള്ളിക്കൂട്ടുമ്മ പമ്പ് ഹൗസിനുസമീപം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത് ഇരുചക്രവാഹനയാത്രക്കാരെ വലച്ചു. ഇവിടെ കലുങ്ക് നിർമാണത്തിനായി റോഡിന്‍റെ പകുതിഭാഗം കുഴിച്ചിട്ടിരിക്കുന്നതാണ് വിനയാവുന്നത്. വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ പലയിടത്തും നാട്ടുകാരുടെ നേതൃത്വത്തിൽ മുന്നറിയിപ്പും ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവ് വർധിച്ചതിനാൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ രാത്രി ഒമ്പത് മുതൽ രാവിലെ ആറുവരെ യാത്രാ നിരോധനമുണ്ട്. ഇത് വരുംദിവസങ്ങളിലും തുടരും. കനാലിനോട് ചേർന്ന നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വെള്ളക്കെട്ട് അപകടസാധ്യത വർധിപ്പിക്കുന്നു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ യാത്രാക്ലേശം രൂക്ഷമായതോടെ അധിക ബോട്ട് സർവിസുകളും ആരംഭിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത മേഖലയിൽനിന്ന് ആളുകളെ എത്തിക്കാൻ രക്ഷാദൗത്യബോട്ടുകളും റെസ്ക്യൂ ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്. അമ്പലപ്പുഴ-തിരുവല്ല പാതയിൽ ഗതാഗതം നിലച്ചതോടെ ആലപ്പുഴ ഡിപ്പോയിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് മുതൽ മുഹമ്മ-കുമരകം വഴി കെ.എസ്.ആർ.ടി.സി ഒമ്പത് അധിക സർവിസുകൾ ആരംഭിച്ചു. APL pallikoottumma ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിൽ പള്ളിക്കൂട്ടുമ്മ ഭാഗത്തെ വെള്ളക്കെട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story