Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 11:59 PM GMT Updated On
date_range 11 Feb 2022 11:59 PM GMTനദിയുടെ ആഴംകൂട്ടൽ ഇഴയുന്നതിനിടെ വീയപുരത്ത് ഡ്രഡ്ജിങ് വീണ്ടും നിലച്ചു
text_fieldsbookmark_border
തുരുത്തേൽ കടവിൽ ആഴംകൂട്ടൽ ഇനിയും ആരംഭിച്ചിട്ടില്ല ഹരിപ്പാട്: വെള്ളപ്പൊക്കം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി നീരൊഴുക്ക് സുഗമമാക്കാൻ വീയപുരത്ത് പമ്പയാറ്റിൽ ആരംഭിച്ച ഡ്രഡ്ജിങ് വീണ്ടും നിലച്ചു. കരാർ നൽകിയിട്ടും പണി നടക്കാത്ത സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോഴാണ് ഡ്രഡ്ജിങ്ങിന് യന്ത്രം എത്തിച്ചത്. പൈപ്പിലൂടെ മണ്ണും ചളിയും പുറത്തേക്ക് നിക്ഷേപിക്കുന്ന ഡ്രഡ്ജറിന്‍റെ സ്ഥാനത്ത് യന്ത്രത്തിൽ ഘടിപ്പിച്ചിട്ടുള്ള ബക്കറ്റ് ഉപയോഗിച്ച് മണ്ണ് കോരിയെടുക്കുന്ന യന്ത്രമാണ് എത്തിച്ചത്. സമയബന്ധിതമായി ആഴംകൂട്ടൽ ജോലികൾ പൂർത്തീകരിക്കാൻ ഈ സംവിധാനംകൊണ്ട് കഴിയില്ലെന്ന വിമർശനം യന്ത്രം എത്തിച്ച വേളയിൽതന്നെ നാട്ടുകാർ ഉയർത്തിയിരുന്നു. എക്കലും ചളിയും മണലും അടിഞ്ഞുകൂടി നികന്നുകിടക്കുന്ന അച്ചൻകോവിലും പമ്പയും കൂട്ടിമുട്ടുന്ന വീയപുരം തുരുത്തേൽ കടവിൽ നദി ആഴംകൂട്ടുന്ന ജോലികൾ ഇതുവരെ ആരംഭിച്ചിട്ടുമില്ല. നദി ഏറ്റവും കൂടുതൽ നികന്നുകിടക്കുന്ന പ്രദേശത്തെ ചളിയും മണലും നീക്കിയാലേ കാലവർഷ സീസണിൽ നീരൊഴുക്ക് സുഗമമാകൂ. വീയപുരം മുതൽ തോട്ടപ്പള്ളി വരെ പ്രദേശങ്ങളിലാണ് നദി ആഴംകൂട്ടൽ ജോലികൾ നടക്കേണ്ടത്. എന്നാൽ, കഴിഞ്ഞ കാലവർഷ സീസണ് മുമ്പുതന്നെ ചെറുതന പഞ്ചായത്തിലെ പാണ്ടി പുത്തനാർ പാലത്തിന് ഇരുവശങ്ങളിലുമായി മണ്ണുമാന്ത്രി യന്ത്രം എത്തിച്ച് മണലെടുപ്പ് നടത്തിയിരുന്നു. അവിടെ നിശ്ചിത ആഴത്തിൽ താഴ്ത്തുന്നതിന് പകരം യന്ത്രമുപയോഗിച്ചും ജറ്റ് പമ്പുപയോഗിച്ചും മണലെടുക്കുകയായിരുന്നു. എടുക്കുന്ന മണലിൽ സിലിക്കയുടെ അളവ് കൂടുതലായതിനാൽ ലാഭം മുന്നിൽകണ്ട് വൻതോതിലാണ് നദീതീരത്ത് യാർഡ് സ്ഥാപിച്ച് മണൽ ശേഖരിച്ചത്. മണലെടുപ്പ് പാലത്തിനും നദീതീരത്തെ വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും ബലക്ഷയം വരുത്തുമെന്ന ഘട്ടത്തിൽ പ്രാദേശികമായി രാഷട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും രംഗത്തുവന്നു. തുടർന്ന് മണലെടുപ്പ് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. എന്നാൽ, ഈ പ്രദേശങ്ങളിൽനിന്നൊന്നും ചളി നീക്കാൻ അധികൃതർ തയാറായിട്ടില്ല. പമ്പയാറുപോലെതന്നെ അച്ചൻകോവിലാറ്റിലും കിലോമീറ്റർ ദൈർഘ്യത്തിൽ ചളിയും മണലും അടിഞ്ഞുകിടക്കുകയാണ്. ഇത് അടിയന്തരമായി നീക്കണമെന്ന ആവശ്യം ശക്തമാണ്. ആഴംകൂട്ടേണ്ട ഭാഗങ്ങളിലെ ചളിയെടുത്ത് ലോഡിന് നിശ്ചിത തുക ഈടാക്കി വിൽപന നടത്തിയാൽ കൂടുതൽ ആളുകൾക്കും സാധാരണക്കാർക്കും പ്രയോജനകരമാകുമെന്നും അഭിപ്രായമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story