Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 12:02 AM GMT Updated On
date_range 4 May 2022 12:02 AM GMTഈദുൽ ഫിത്വ്ർ ആഘോഷിച്ച് വിശ്വാസികൾ
text_fieldsbookmark_border
ആലപ്പുഴ: ത്യാഗനിർഭരമായ വ്രതനാളുകൾക്കുശേഷമെത്തിയ ചെറിയപെരുന്നാൾ (ഈദുൽ ഫിത്വ്ർ) ആഘോഷത്തിലമർന്ന് ജില്ല. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെയും ആരാധനയിലൂടെയും മനസ്സും ശരീരവും കൂടുതൽ ശുദ്ധമാക്കിയാണ് വിശ്വാസികൾ ഈദുൽ ഫിത്വ്റിനെ വരവേറ്റത്. അല്ലാഹുവിനെ പ്രകീർത്തിക്കുന്ന തക്ബീർ ധ്വനികൾ മുഴക്കിയ വിശ്വാസികൾ പള്ളികളിലും ഈദ്ഗാഹുകളിലും നിറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള പെരുന്നാളിൽ വിശ്വാസികൾ ഒഴുകിയെത്തി. പെരുന്നാൾ നമസ്കാരത്തിനുശേഷം ഖുത്തുബയും പ്രത്യേക പ്രാർഥനയും നടത്തി. വിശ്വാസികളെ വരവേൽക്കാൻ ജില്ലയിലെ പള്ളികളിൽ വിപുല സൗകര്യങ്ങളാണ് ഒരുക്കിയത്. റമദാൻ വിടപറയുംനേരം നിർബന്ധിത ദാനമായ ഫിത്വ്ർ സകാത് കൂട്ടായും ഒറ്റക്കും നിർവഹിച്ചാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിലേക്ക് കടന്നത്. ആലപ്പുഴ കൈചൂണ്ടിമുക്ക് വടക്കേ മഹല്ലിൽ ഡോ. ഹാഫിസ് അർഷാദ് ബാഖവി അൽഫലാഹിയും ഷെമീർ മന്നാനി വട്ടപ്പള്ളി വട്ടപ്പള്ളി ജുമാമസ്ജിദിലും പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി. ആലപ്പുഴ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മണ്ഡലം കമ്മിറ്റി ശവക്കോട്ട പാലത്തിന് സമീപം സംഘടിപ്പിച്ച ഈദ്ഗാഹിന് മൗലവി അനസ് സ്വലാഹി നേതൃത്വം നൽകി. രാജ്യത്ത് സൗഹാർദ അന്തരീക്ഷം നിലനിർത്തുന്നതിന് രാജ്യത്തെ നിയമങ്ങൾ പാലിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും വർഗീയധ്രുവീകരണ ശ്രമങ്ങളെ ചെറുത്തുതോൽപിക്കാൻ ഓരോ വിശ്വാസിയും തയാറാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ആലപ്പുഴ: കേരള നദ്വത്തുൽ മുജാഹിദ്ദീൻ മുനിസിപ്പൽ ടൗൺ ഹാളിന് മുൻവശം സംഘടിപ്പിച്ച ഈദ്ഗാഹിൽ, വർഗീയത നാടിന് ആപത്താണെന്നും അത്തരക്കാരെ പൊതുസമൂഹം സൂക്ഷിക്കണമെന്നും നേതൃത്വം നൽകിയ ഐ.എസ്.എം ജില്ല പ്രസിഡന്റ് അബ്ദുൽ വഹാബ് സ്വലാഹി ഉദ്ബോധിപ്പിച്ചു. പരസ്പരം മതസൗഹാർദം കാത്തുസൂക്ഷിക്കണമെന്നും അത് വിശ്വാസികളുടെ കടമയാണെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്തു. ആലപ്പുഴ: ബുൾഡോസർ രാജിലൂടെ ഉറഞ്ഞുതുള്ളുന്ന ഫാഷിസത്തെ സമാധാനവും സഹിഷ്ണുതയും ഉയർത്തി നേരിടണമെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ് ഹക്കീം പാണാവള്ളി. ടൗൺ ഈദ്ഗാഹ് കമ്മിറ്റി ആലപ്പുഴ കടപ്പുറത്ത് സംഘടിപ്പിച്ച ഈദുൽ ഫിത്വ്ർ നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. രക്ഷാധികാരി കെ.എസ്. അശ്റഫ്, കൺവീനർ സിയാദ് കോയ, സമിതി അംഗങ്ങളായ സഫീദ് സുബൈർ, മുഷ്താഖ് ഫസൽ, ആർ. ഫൈസൽ, എ.എ. നാസർ, ബി. നൗഷാദ്, കെ.ബി. ഇക്ബാൽ, സാബിർ എന്നിവർ നേതൃത്വം നൽകി. ആലപ്പുഴ: കെ.എൻ.എം മർക്കസുദ്ദഅവ ആലപ്പുഴ മണ്ഡലം കമ്മിറ്റി ഈദ്‌ഗാഹ് സംഘടിപ്പിച്ചു. ഈദ് നമസ്കാരത്തിന് കെ.എൻ.എം സംസ്ഥാന സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി മെംബറുമായ ഡോ. ഐ.പി. അബ്ദുൽ സലാം നേതൃത്വം നൽകി. വിശ്വാസികൾ ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ചൈതന്യം കാത്തുസൂക്ഷിക്കാനും ലോകത്തിന് പ്രകാശം പരത്തുന്ന വെളിച്ചമായി ഇസ്‌ലാഹി പ്രവർത്തകർ മാറണമെന്നും അദ്ദേഹം പെരുന്നാൾ സന്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story