Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചാരുംമൂട്​ സംഘർഷം: 150...

ചാരുംമൂട്​ സംഘർഷം: 150 പേർക്കെതിരെ കേസ്

text_fields
bookmark_border
​ ചാരുംമൂട്: കോൺഗ്രസ്-സി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷത്തിനും ഏറ്റുമുട്ടലിനും പിന്നാലെ കോൺഗ്രസ് ഓഫിസ് ആക്രമിച്ച സംഭവത്തിലും 150ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകീട്ട്​ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എം.എൽ.എ എന്നിവർ ഓഫിസ് സന്ദർശിച്ചുമടങ്ങിയ ശേഷം കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനവും സംഘർഷത്തിൽ കലാശിച്ചു. പൊലീസുമായിട്ടായിരുന്നു സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ്​ നടത്തി. പ്രകടനത്തിൽ പങ്കെടുത്ത ചില പ്രവർത്തകർ സി.പി.ഐ ഓഫിസിന്​ മുന്നിലുള്ള വഴിയെ പോകാൻ ശ്രമിച്ചത്​ ജീപ്പ് ഇട്ട് പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പൊലീസും പ്രകടനക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ്​ പൊലീസ് ലാത്തി വീശിയത്. പത്തോളം പ്രവർത്തകർക്കും ക്യാമ്പിൽനിന്നെത്തിയ രണ്ട് പൊലീസുകാർക്കും പരിക്കുണ്ട്. ഇവരെ ആക്രമിക്കാൻ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ശ്രമം നടന്നുവെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളിൽ 150ഓളം പേർക്കെതിരെയാണ് കേസ്. പൊലീസിനെ ആക്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിൽ ഇരുഭാഗത്തെയും പ്രവർത്തകർ പ്രതികളാണ്. ഓഫിസ് ആക്രമിച്ചതിൽ സി.പി.ഐ പ്രവർത്തകരെ പ്രതികളാക്കിയും കേസുണ്ട്. ഏറ്റുമുട്ടലിനും ഇരുപാർട്ടിയിലെയും പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ജാമ്യമില്ലാവകുപ്പ്​ പ്രകാരമാണ് കേസെടുത്തതെന്ന്​ ഡിവൈ.എസ്.പി ഡോ. ആർ. ജോസ് പറഞ്ഞു. കോൺഗ്രസ് ഓഫിസിനു തൊട്ടടുത്ത് സി.പി.ഐ കൊടിമരം സ്ഥാപിച്ചതിനെച്ചൊല്ലിയ തർക്കമാണ്​ അക്രമസംഭവത്തിന് കാരണം. സംഭവത്തിന്​ പിന്നാലെ ചാരുംമൂട്ടിൽ പൊതുഇടങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും കൊടിമരങ്ങൾ നീക്കി. കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ കോൺഗ്രസ് ഓഫിസിനു സമീപത്ത് നശിപ്പിക്കപ്പെട്ട കോൺഗ്രസിന്‍റെയും സി.പി.ഐയുടെയും കൊടിമരങ്ങളും പൊലീസ് നീക്കിയിരുന്നു. ഹൈകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണിത്​. കോൺഗ്രസ്​ ഹർത്താൽ പൂർണം ചാരുംമൂട്: കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ഓഫിസ് ആക്രമിച്ചതിലും നേതാക്കളെയും പ്രവർത്തകരെയും മർദിച്ചതിലും പ്രതിഷേധിച്ച് കോൺഗ്രസ്​ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ചുനക്കര, തഴക്കര, താമരക്കുളം, നൂറനാട്, പാലമേൽ പഞ്ചായത്തുകളിലായിരുന്നു ഹർത്താൽ​. പഞ്ചായത്തുകളിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. രാവിലെ തുറന്ന ചില കടകൾ പ്രവർത്തകരെത്തി അടപ്പിച്ചു. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വ്യാഴാഴ്ച രാവിലെ ചാരുംമൂട്ടിൽ പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികൾ തുറന്നു പ്രവർത്തിച്ച മാളും ബ്ലോക്ക് പഞ്ചായത്ത് ഓഫിസും അടപ്പിച്ചു. പഞ്ചായത്തുകളിലെ പ്രധാന സ്ഥലങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സി.പി.ഐയുടെ ചാരുംമൂട്, താമരക്കുളം ഓഫിസുകളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സൗജന്യ ഭക്ഷണ അലമാര തകർത്തു ചാരുംമൂട്: ടൗണിന് കിഴക്കായി നിരാലംബർക്ക് സൗജന്യഭക്ഷണം നൽകുന്നതിന് സ്ഥാപിച്ച ഭക്ഷണ അലമാര കോൺഗ്രസ് പ്രവർത്തകർ എറിഞ്ഞുതകർത്തു. കോൺഗ്രസ് ഓഫിസിനും നേതാക്കൾക്കും പ്രവർത്തകർക്കും നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്​ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് ചാരുംമൂട്ടിൽ നടന്ന പ്രകടനത്തിടെയായിരുന്നു സംഭവം. കഴിഞ്ഞ 150 ദിവസത്തിലധികമായി ഭക്ഷണ അലമാരയിലൂടെ 150 ഓളം പേർക്കാണ് ഭക്ഷണം നൽകി വരുന്നത്. കനാൽ ജങ്ഷനിലെ എ.ഐ.വൈ.എഫിന്‍റെ കൊടിമരവും കൊടിയും നശിപ്പിച്ചു. പാലമേൽ പഞ്ചായത്തിലെയും കരിമുളക്കലെയും കൊടിമരങ്ങളും തകർത്ത നിലയിലാണ്. നൂറനാട് പണയിൽ ക്യാഷു വർക്കേഴ്സ് ഫെഡറേഷൻ ഓഫിസിന്‍റെ ബോർഡുകളും പണയിൽ ക്ഷേത്ര ജങ്ഷനിൽ സ്ഥാപിച്ചിരുന്ന കൊടിമരവും തകർത്തു. കരിമുളയ്ക്കൽ ജങ്ഷനിൽ സ്ഥാപിച്ച സൂസൻ പി. കുഞ്ഞുമോൻ സ്മൃതിമണ്ഡപവും തകർത്ത നിലയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story