Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2021 11:58 PM GMT Updated On
date_range 25 Nov 2021 11:58 PM GMTദേശീയപാത സ്ഥലമെടുപ്പ് കച്ചവടക്കാർക്ക് നഷ്ടപരിഹാരം ഒന്നിനും തികയില്ല; കിട്ടുക 75,000 രൂപ
text_fieldsbookmark_border
സാധനങ്ങൾ മാറ്റാൻ അരലക്ഷം; നഷ്ടപരിഹാരം കാൽ ലക്ഷം ആലപ്പുഴ: ദേശീയപാതക്കായി സ്ഥലമെടുക്കുമ്പോൾ ഒഴിപ്പിക്കുന്ന കച്ചവടക്കാർക്ക് ദേശീയപാത അതോറിറ്റി നൽകുന്ന പരമാവധി നഷ്ടപരിഹാരം 75,000 രൂപ. ഇതിൽ 50,000 രൂപ കടയിലെ സാധനങ്ങൾ മാറ്റുന്നതിനാണ്. ബാക്കിതുക കച്ചവടക്കാർക്കുള്ള ഒറ്റത്തവണ നഷ്ടപരിഹാരവും. വടക്കൻ ജില്ലകളിൽ സ്ഥലമെടുത്ത വേളയിൽ ഇത്തരത്തിലാണ് നഷ്ടപരിഹാരം നൽകിയത്. കച്ചവടക്കാർ വാടകശീട്ട്, തദ്ദേശസ്ഥാപന ലൈസൻസ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. ജില്ലയിൽ തിങ്കളാഴ്ച മുതൽ അപേക്ഷ സ്വീകരിക്കും. കടയുടമ തന്നെയാണ് കച്ചവടം നടത്തുന്നതെങ്കിൽ ഈയിനത്തിൽ നഷ്ടപരിഹാരം ലഭിക്കുമോയെന്നതിൽ വ്യക്തതയില്ല. വീട് പൂർണമായി നഷ്ടപ്പെടുന്നവർക്ക് പ്രധാനമന്ത്രി ഭവന പദ്ധതിപ്രകാരം 1.5 ലക്ഷം രൂപ അനുവദിക്കും. സാധനങ്ങൾ മാറ്റുന്നതിന് 50,000 രൂപയും. കുടുംബത്തിൻെറ ജീവനോപാധികൾക്ക് നഷ്ടമുണ്ടായാൽ പരമാവധി 36,000 രൂപകൂടി നൽകും. മൂന്ന് ഇനത്തിലായി 2,36,000 രൂപവരെ വീട് നഷ്ടപ്പെടുന്നവർക്ക് കിട്ടാം. ദേശീയപാതക്ക് ഭൂമിയേറ്റെടുക്കുന്നതിലൂടെ വീട്ടിൽ താമസിക്കാനാകാത്ത സാഹചര്യമുള്ളവർക്കുമാത്രമാണ് ഈ ആനുകൂല്യം. 1956ലെ ദേശീയപാത നിയമപ്രകാരമാണ് ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാൽ, ഭൂമിക്കും അതിലെ നിർമിതികൾ, മരങ്ങൾ, കൃഷി എന്നിവക്കുള്ള നഷ്ടപരിഹാരം 2013ലെ കേന്ദ്രസർക്കാറിൻെറ ഭൂമിയേറ്റെടുക്കൽ പ്രകാരമാണ്. ഇതിൻെറ ഒന്നാം ഷെഡ്യൂളിലാണ് ഈയിനത്തിലെ നഷ്ടപരിഹാരം സംബന്ധിച്ച് പരാമർശമുള്ളത്. ഇതു പൂർണമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും രണ്ടാം ഷെഡ്യൂളിലെ പദ്ധതിബാധിതരുടെ പുനരധിവാസം സംബന്ധിച്ച വ്യവസ്ഥകളിൽ ചിലതു മാത്രമാണ് ദേശീയപാതക്ക് ഭൂമിയേറ്റെടുക്കലിൽ ബാധകമാക്കിയിട്ടുള്ളത്. ഇതിലൊന്നു വീട് നഷ്ടപ്പെടുന്നവർക്കു സഹായം നൽകുന്നതാണ്. മറ്റൊന്നാണ് കച്ചവടക്കാർക്കുള്ള നഷ്ടപരിഹാരം. കലക്ടർ അധ്യക്ഷനായ 11 അംഗ കമ്മിറ്റിയാണ് വീടിനും കടകൾക്കുമുള്ള നഷ്ടപരിഹാരം നിർണയിക്കുന്നത്. ജില്ലയിൽ ഇതിന് കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എന്നാൽ, ഇതിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story