76കാരൻ ഉൾപ്പെടെ ഹയർ സെക്കൻഡറി തുല്യത പരീക്ഷയെഴുതാൻ 1259പേർ
text_fieldsമണ്ണഞ്ചേരി: ആഗസ്റ്റ് 13ന് ആരംഭിക്കുന്ന ഹയർ സെക്കൻഡറി തുല്യത പരീക്ഷയെഴുതാൻ 76 വയസ്സുകാരൻ ഉൾപ്പെടെ ജില്ലയിൽനിന്ന് 1259 പേർ. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതുന്ന ഗോപിദാസാണ് (76) പ്രായംകൂടിയ പഠിതാവ്.
സാക്ഷരത മിഷനിലൂടെ ഏഴാംതരവും പത്താംതരവും ജയിച്ചയാളാണ് അമ്പലപ്പുഴ പറവൂർ സ്വദേശിയായ ഗോപിദാസ്. ഭിന്നശേഷിക്കാരായ നാലുപേരും പരീക്ഷയെഴുതുന്നുണ്ട്. മാവേലിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഠിതാവായ ഗീതു ഗോപാലകൃഷ്ണൻ വീൽചെയറിൽ ഇരുന്നാകും പരീക്ഷയെഴുതുക. അച്ഛനും അമ്മയും മക്കളോടൊത്ത് പരീക്ഷ എഴുതാനെത്തുമെന്ന പ്രത്യേകതയുമുണ്ട്.
താമരക്കുളം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പഠിതാക്കളാണ് ജലജയും മകൾ ചിത്രയും. ഇവർ മാവേലിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതും. ഇതേ സ്കൂളിൽ തന്നെ മനുജയും മകൻ മുഹമ്മദാലിയും പരീക്ഷ എഴുതുന്നുണ്ട്. അമ്മ ഒന്നാംവർഷ പരീക്ഷയും മകൻ രണ്ടാംവർഷ പരീക്ഷയുമാണ് എഴുതുക.
കോടംതുരുത്ത് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പിതാവ് ടി.എ. ആന്റണിയും മകൻ ആൽസൻ ആന്റണിയും ഒരുമിച്ചിരുന്ന് പരീക്ഷയെഴുതും. ഇരുവരും ഒന്നാംവർഷ പഠിതാക്കളാണ്. ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് ഇവരുടെ പരീക്ഷകേന്ദ്രം.
ആറ് ദമ്പതിമാരും പരീക്ഷക്ക് തയാറെടുക്കുന്നുണ്ട്. തെക്കേക്കര ഗവ. ഹയർ സെക്കൻഡറിയിലെ പഠിതാക്കളായ എം. സുനിൽകുമാറും ഭാര്യ വിശ്വമ്മയും ഒരുമിച്ചിരുന്ന് പരീക്ഷ എഴുതും. ആലപ്പുഴ മുഹമ്മദൻസ് ഹയർ സെക്കൻഡറി സ്കൂളാണ് പരീക്ഷകേന്ദ്രം. രണ്ടാംവർഷ പഠിതാക്കളായ ഷാമോനും ഭാര്യ ഗോപികയും രാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഠിതാക്കളാണ്.
ഇവരുടെ പരീക്ഷകേന്ദ്രം കായംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂളാണ്. താമരക്കുളം സ്കൂളിലെ പഠിതാക്കളായ ശ്രീകുമാറും ഭാര്യ ശ്രീകുമാരിയും കോടംതുരുത്ത് സ്കൂളിലെ പഠിതാക്കളായ ഷിജിമോനും ഭാര്യ സുബിയും ബാബുവും ഭാര്യ ഷീബയും ഒരുമിച്ച് പരീക്ഷയെഴുതാനെത്തും. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പഠിതാക്കളായ മഹേഷും മായയും ഒന്നിച്ചിരുന്നാകും പരീക്ഷ എഴുതുക.
പരീക്ഷ 19ന് അവസാനിക്കും. കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലാണ് പരീക്ഷ നടക്കുന്നത്. രണ്ടീവർഷമാണ് കോഴ്സിന്റെ കാലാവധി.പത്താംക്ലാസ് വിജയിച്ച 22 വയസ്സ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യത കോഴ്സിൽ ചേരാനാവുക. രണ്ടാംശനി, ഞായർ, മറ്റ് പൊതുഅവധി ദിവസങ്ങളിൽ ജില്ലയിലെ സർക്കാർ, എയിഡഡ് സ്കൂളുകളിൽ സമ്പർക്ക പഠന ക്ലാസുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.