എച്ച് 1 എൻ1: 17 കേസ്; രണ്ടുമരണം
text_fieldsആലപ്പുഴ: ജില്ലയിൽ എച്ച്1 എൻ1 പനി ബാധിച്ച് രണ്ടുമരണം. ഈമാസം ഇതുവരെ 17 കേസ് റിപ്പോർട്ട് ചെയ്തു. പനി ബാധിതരുടെ എണ്ണം ഉയർന്നതോടെ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം. മറ്റ് അസുഖം ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലിരിക്കെയാണ് ഇവരുടെ മരണമെന്നാണ് അധികൃതരുടെ വിശദീകരണം.
പേരുവിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. സാധാരണ പനിയുടെ ലക്ഷണങ്ങളാണെങ്കിലും വായുവിലൂടെ പകരുന്നതിനാൽ ആശങ്കയുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ചയുള്ളതായി പരാതിയുണ്ട്. ഈമാസം തുടക്കം മുതൽ എച്ച്1, എൻ1 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും വിവരം പുറത്തുവിട്ടിരുന്നില്ല. ചികിത്സയിലിരിക്കെ രണ്ടുപേർ മരണത്തിന് കീഴടങ്ങിയിട്ടും അക്കാര്യം പുറത്തുവിടുകയോ ജാഗ്രതനിർദേശം നൽകുകയോ ചെയ്തിട്ടില്ല. രോഗബാധിതരുടെ പ്രദേശങ്ങളിലുള്ളവരിൽ നിന്നുപോലും ഇക്കാര്യം മറച്ചുവെച്ചത് ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം. മഴ തുടങ്ങിയതോടെ ജില്ലയില് പനിബാധിതരുടെ എണ്ണം ഓരോദിവസവും കൂടുകയാണ്. അണുബാധയേറ്റാണ് രണ്ടു മരണവും.
പടരുന്നത് വായുവിലൂടെ
തുമ്മുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വായുവിൽ കൂടിയാണ് പ്രധാനമായും രോഗം പടരുന്നത്. പനി, ചുമ, തൊണ്ടവേദന, തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസ തടസ്സം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായ പ്രതിരോധ ശീലങ്ങൾ പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. എന്തെങ്കിലും
രോഗലക്ഷണം ഉള്ളവർ മാസ്ക് ധരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും പോകുന്നത് ഒഴിവാക്കണം.
മറ്റുള്ളവരിൽനിന്നും അകലം പാലിക്കണം. പനിയുള്ളപ്പോൾ കുട്ടികളെ സ്കൂളിൽ വിടരുത്. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ സ്വയം ചികിത്സിക്കാതെ ആരോഗ്യ സ്ഥാപനത്തിൽ എത്തണമെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.