20 വർഷത്തെ ഇരുമ്പഴി ജീവിതം; ഒടുവിൽ സന്തോഷിന് മോചനം
text_fieldsആലപ്പുഴ: 20 വർഷംമുമ്പ് റോഡപകടത്തിൽപെട്ട് മനോനില തെറ്റി ആക്രമണവാസന കാണിച്ചതോടെ ഇരുമ്പഴിക്കുള്ളിൽ ജീവിതം നയിച്ചയാൾക്ക് മോചനം. വീടിനോട് േചർന്ന് കൂടൊരുക്കി കൂട്ടിലടച്ച തണ്ണീർമുക്കം ഉമ്മിണിശ്ശേരി സന്തോഷിനെയാണ് (47) തുടർചികിത്സക്ക് തെരുവോരം മുരുകൻ ഏറ്റെടുത്തത്. സംരക്ഷണച്ചുമതലയും തുടർചികിത്സയും നൽകാൻ സമ്മതമാണെന്ന് അറിയിച്ചതോടെ പഞ്ചായത്ത് അധികൃതരും െപാലീസും ചേർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാണ് തെരുവുവെളിച്ചം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.
പുതുവസ്ത്രമണിഞ്ഞ് ആംബുലൻസിൽ യാത്രയാകുേമ്പാൾ നിറകണ്ണുകളോടെ സഹോദരി സുഭ്രദ്രയും അയൽവാസികളും എത്തിയിരുന്നു. മുഹമ്മ പൊലീസ് സ്റ്റേഷനിലെ എസ്.െഎ അനിൽകുമാർ, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻറ് മഞ്ജുള സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.യു. സജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സന്തോഷിെൻറ ജീവിതം മാറ്റിമറിച്ചത് ബൈക്കപകടമാണ്. തലക്കേറ്റ പരിക്കിനെത്തുടർന്ന് മനോനില തെറ്റി. തുടക്കത്തിൽ ആക്രമണവാസനകാട്ടിയയോടെ വീട്ടുകാർ പൂട്ടിയിട്ടെങ്കിലും പൊളിച്ചുചാടുകയാണ് പതിവ്. എവിടെ കിടത്തിയാലും അവിടം െപാളിച്ച് പുറത്തുചാടിയുള്ള പരാതികൾ എത്തിയതോടെ വീടിനോട് ചേർന്ന് ഇരുമ്പഴിയിൽ തീർത്ത ചെറുകുടിലിൽ താഴിട്ട് പൂട്ടി. തുടക്കത്തിൽ മരുന്നുകൾ കഴിച്ചിരുന്നെങ്കിലും പിന്നീട് നിർത്തി. മലമൂത്ര വിസർജനമടക്കം നടത്തിയത് ഇവിടെയാണ്. വീട്ടുജോലിക്കുപോയി കിട്ടുന്ന വരുമാനത്തിലാണ് ഇക്കാലമത്രയും 67കാരിയായ സഹോദരി സുഭദ്ര നോക്കിയത്. സഹായത്തിന് മറ്റൊരു സഹോദരൻ വിജയനുമെത്താറുണ്ട്. തുടർചികിത്സ കിട്ടി ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.