വിറകടുപ്പിലേക്ക് മടങ്ങേണ്ടിവരുമോ?, ഇരുട്ടടി തുടരുന്നു; വാണിജ്യ സിലിണ്ടറിന് 2000 രൂപ കടന്നു
text_fieldsവാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടിയതോടെ ഹോട്ടൽ മേഖലയിൽ നെഞ്ചിടിപ്പേറി. കോവിഡ് ദുരിതത്തിൽ നട്ടംതിരിഞ്ഞ് കരകയറുന്നതിനിടെയാണ് രണ്ടായിരത്തിന് മുകളിലേക്ക് വില ഉയർന്നത്. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ആലപ്പുഴയിൽ 2097 രൂപയാണ് പുതിയ വില. കഴിഞ്ഞമാസത്തെക്കാൾ 101.50 രൂപ അധികം. നേരത്തെ ഇതിന് 1995.50 രൂപയായിരുന്നു. നവംബർ തുടക്കത്തിൽ 266 രൂപയുടെ വർധനവിന് പിന്നാലെയാണിത്. ഗാർഹിക പാചകവാതക സിലിണ്ടറിെൻറ വിലയിൽ മാറ്റമില്ല; ഇന്നെല വില 906 രൂപയാണ്. സാമാന്യം കച്ചവടമുള്ള ഹോട്ടലുകൾക്ക് ചുരുങ്ങിയത് അഞ്ച് സിലിണ്ടറുകളെങ്കിലും പ്രതിമാസം വേണ്ടിവരും. വിറ്റുകിട്ടുന്ന പണത്തിെൻറ നല്ലൊരുസംഖ്യ അതിനായി മാറ്റിവെക്കണം. പെട്രോൾ-ഡീസൽ വിലവർധന, പച്ചക്കറി ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം, കെട്ടിട വാടക, ജോലിക്കാരുടെ ശമ്പളം എന്നിവയെല്ലാം കണ്ടെത്താൻ വിലകൂട്ടാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കോവിഡ് കാലത്ത് അന്നം മുടക്കേണ്ടെന്ന് കരുതിയാണ് പലരും നഷ്ടം സഹിച്ച് ഈ വ്യവസായത്തിൽ തുടരുന്നത്. വിറകടുപ്പിലേക്ക് മാേറണ്ടി വരുമോയെന്ന ആശങ്കയടക്കം മേഖലയിലുള്ളവർ 'മാധ്യമ'വുമായി പങ്കുവെക്കുന്നു.
ജനകീയ അടുക്കളയെ ബാധിക്കും-റാണി സുരേഷ് കുടുംബശ്രീ രുചിക്കൂട്ട് ജനകീയ അടുക്കള വൈ.എം.സി.എ, ആലപ്പുഴ
ആലപ്പുഴ വൈ.എം.സിക്ക് സമീപത്തെ കുടുംബശ്രീ 'രുചിക്കൂട്ട്' ജനകീയ ഹോട്ടലാണിത്. 20 രൂപക്കാണ് ഊണ് നൽകുന്നത്. 101 രൂപയാണ് ബുധനനാഴ്ച മാത്രം പാചകവാതക വില കൂടിയത്. ഒരു ഗ്യാസ് സിലിണ്ടർ എടുത്താൽ രണ്ടുദിവസത്തിനകം തീരും. 20രൂപക്ക് ഊണ് കൊടുത്താൽ മുതലാകുമോയെന്ന സംശയമുണ്ട്. ഇതിനൊപ്പം ഗ്യാസ് ഉപയോഗിക്കുന്ന വീട്ടിെല കാര്യങ്ങളും പറയാതിരിക്കാൻ കഴിയില്ല. പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന ജനകീയ അടുക്കളയെയും ഗ്യാസിെൻറ വിലക്കയറ്റം ബുദ്ധിമുട്ടുണ്ടാക്കും.
നീതീകരിക്കാനാവില്ല-സുധീർ എലവൻസ്, സുധീറിെൻറ കട, മാന്നാർ
കോവിഡും പ്രകൃതി ക്ഷോഭവും മൂലം കച്ചവടത്തകർച്ച നേരിടുന്ന ചെറുതും വലുതുമായ ഹോട്ടൽ വ്യാപാരികളെ കൊള്ളയടിക്കുന്ന രീതിയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില ഭീമമായി വർധിപ്പിച്ച നടപടി നീതീകരിക്കാനാവില്ല. തൊഴിലുപേക്ഷിച്ചു പോകേണ്ട അവസ്ഥയാണ്. വ്യാപാരികളും ജീവനക്കാരുമായി ലക്ഷക്കണക്കിന് പേരുടെ ഉപജീവനം ഇല്ലാതാകുന്ന വില വർധന പിൻവലിക്കണം. കോവിഡ് കാലത്ത് വ്യാപാരികൾക്കുവേണ്ട ആശ്വാസപദ്ധതി നടപ്പാക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ തയാറാവണം.
കടുത്ത ദ്രോഹം-ഇർഷാദ്, ഉസ്താദ് ഹോട്ടൽ ആറാട്ടുപുഴ
കോവിഡിന് ഇളവിനുശേഷം കച്ചവടം സജീവമായി വരുന്നതേയുള്ളൂ. സാധനങ്ങളുടെ പൊള്ളുന്ന വില കൊണ്ടുതന്നെ പൊറുതിമുട്ടി. അതിനിടയിലാണ് പാചകവാതക വില കുത്തനെ കൂട്ടി വീണ്ടും ദ്രോഹിക്കുന്നത്. ചെറിയൊരു ഭക്ഷണശാലയാണ് എേൻറത്. രാപകൽ തീചൂടേറ്റ് കഷ്ടപ്പെട്ടാൽ കിട്ടുന്നത് തുഛമായ ലാഭം മാത്രം. ദിനംപ്രതി വില കൂട്ടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. കൊടുംക്രൂരതയാണ് സർക്കാർ കാട്ടുന്നത്.
വില കൂട്ടേണ്ടിവരും-നാസര്‍ കേരള ഹോട്ടല്‍ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷന്, ജില്ല പ്രസിഡൻറ്
അടിക്കടി ഉണ്ടാകുന്ന ഗ്യാസ് വിലവർധന ചെറുകിട ഹോട്ടലുകള്‍ പ്രതിസന്ധിയിലാകും. ഇതോടെ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ ഉപജീവനമാര്‍ഗമാണ് ഇല്ലാതാകുന്നത്. ഒരു വര്‍ഷത്തിനിടെ നിരവധി തവണയാണ് വില വർധിപ്പിച്ചത്. എന്നാല്‍, ഭക്ഷണത്തിന് വില പഴയനിലയില്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ വില വർധിപ്പിക്കേണ്ടിവരും. ഇതോടെ യാത്രക്കാരാണ് ഏറെ വലയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.