കുടുംബശ്രീ ഓണച്ചന്തകള്‍ക്ക് 2.32 കോടിയുടെ വിറ്റുവരവ്
text_fieldsആലപ്പുഴ: ഓണക്കാലത്ത് വന്‍ നേട്ടം കൊയ്ത് കുടുംബശ്രീ ഓണച്ചന്തകള്‍. ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ സി.ഡി.എസുകളില്‍ ഒരുക്കിയ ഓണച്ചന്തകള്‍ വഴി 2.32 കോടിയുടെ വിറ്റുവരവാണ് ലഭിച്ചത്. ഓണച്ചന്തകള്‍ക്ക് പുറമേ സഞ്ചരിക്കുന്ന ഓണവിപണിയും വലിയ നേട്ടമുണ്ടാക്കി. 20.5 ലക്ഷം രൂപയുടെ വിറ്റുവരവോടെ ഭരണിക്കാവ് ബ്ലോക്കിലെ താമരക്കുളം സി.ഡി.എസാണ് ജില്ലയില്‍ ഒന്നാമത്.
കഞ്ഞിക്കുഴിയിലെ ജില്ലതല ഓണച്ചന്തയില്‍ 16 ലക്ഷത്തോളം രൂപയുടെ വിറ്റുവരവുണ്ടായി. മാരാരിക്കുളം നോര്‍ത്ത് സി.ഡി.എസിലും ലക്ഷങ്ങളുടെ വിറ്റുവരവുണ്ടായി. ജില്ലയിലെ 80 സി.ഡി.എസുകളിലായി ഒരുക്കിയ ഓണച്ചന്തകളില്‍ 1866 എം.ഇ യൂനിറ്റുകളും 1204 ജെ.എല്‍.ജി യൂനിറ്റുകളും പങ്കെടുത്തു.
വരുംവര്‍ഷങ്ങളിലും ഇത്തരം ചന്തകള്‍ ഒരുക്കി ഗുണമേന്മയുള്ള ഉൽപന്നങ്ങള് ജനങ്ങളിലേക്ക് എത്തിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ല മിഷന് കോഓഡിനേറ്റര്‍ പ്രശാന്ത് ബാബു, എ.ഡി.എം.സി സുരേഷ് എം.ജി, ഡി.പി.എം സാഹില്‍ ഫൈസി എന്നിവര്‍ അറിയിച്ചു.
തനത് വിഭവങ്ങൾക്ക് പ്രിയം
കുടുംബശ്രീയുടെ തനത് വിഭവങ്ങള്‍ക്കായിരുന്നു ഓണച്ചന്തയില്‍ ആവശ്യക്കാരധികവും. പായസക്കൂട്ട്, ഉപ്പേരി, ശര്‍ക്കര വരട്ടി എന്നിവയാണ് ഏറ്റവുമധികം വിറ്റുപോയത്. ജൈവ പച്ചക്കറികള്‍, പൂക്കള്‍ എന്നിവയും ഒരുക്കിയിരുന്നു. പച്ചക്കറികളും പൂക്കളും കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ കൃഷിചെയ്തവയാണ്. വിപണി വിലയെക്കാള്‍ കുറഞ്ഞ വിലയിലാണ് കുടുംബശ്രീ ഓണച്ചന്തകള്‍ വഴി ഉൽപന്നങ്ങള് വിറ്റഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.