ആലപ്പുഴ നഗരത്തിൽ 30 കോടിയുടെ മാലിന്യസംസ്കരണ പദ്ധതി
text_fieldsആലപ്പുഴ: നഗരത്തിൽ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ പദ്ധതിയൊരുങ്ങുന്നു. ഇതിനായി നഗരസഭക്ക് 30 കോടിയാണ് ലഭിക്കുക. മൂന്നുഘട്ടത്തിലായി ആറു വർഷംകൊണ്ടാണ് നടപ്പാക്കേണ്ടത്. ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും സഹായത്തോടെയാണ് പദ്ധതി.
ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്ത് ആരംഭിക്കുന്ന ഖരമാലിന്യസംസ്കരണ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇതോടെ ആലപ്പുഴ നഗരസഭയും ഇടംപിടിച്ചു. ഓരോ ദിവസവും നഗരം പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവനുസരിച്ച് സംസ്കരിക്കാൻ സംവിധാനമില്ല. ഇതിന് പരിഹാരമായാണ് കാര്യക്ഷമമായ പ്ലാന്റുകളും യൂനിറ്റുകളും ആരംഭിക്കുക.
ആദ്യഘട്ടം നടപ്പാക്കുന്നതിനായി ജില്ല ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു. ആദ്യഘട്ടത്തിൽ 2.20 കോടിയുടെ സഹായധനം ലഭിക്കും. ആലിശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള സംവിധാനം വിപുലീകരിക്കും. ഇതിനായി 75 ലക്ഷത്തിന്‍റെ പദ്ധതി തയാറാക്കിയിട്ടുണ്ട്. എയ്റോബിക് പ്ലാന്റുകൾ നവീകരിക്കാനും പദ്ധതി സഹായകരമാകും.
രണ്ടാംഘട്ടത്തിൽ മാലിന്യസംസ്കരണത്തിന് പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനാണ് സഹായം. വിനോദസഞ്ചാരകേന്ദ്രമായ പുന്നമട, സീവ്യൂ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ശേഖരണത്തിന് പുതിയ സംവിധാനമൊരുക്കും. വഴിച്ചേരി വാട്സൺ പാർക്കിലും പൊതുയിടങ്ങളിലും സ്കൂളുകളിലും മറ്റും മാലിന്യശേഖരണത്തിനായി പ്ലാന്റുകൾ ആരംഭിക്കും. പുതിയതായി 10 എയ്റോബിക് യൂനിറ്റ് സ്ഥാപിക്കും. മൂന്നാംഘട്ടത്തിൽ വികേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികളാകും ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.