വസ്തുവിൽപനയുടെ പേരിൽ 30 ലക്ഷം തട്ടി; ദമ്പതികൾക്കും മകനുമെതിരെ കേസെടുക്കാൻ ഉത്തരവ്
text_fieldsആലപ്പുഴ: വസ്തു തീറുനൽകാമെന്ന് വിശ്വസിപ്പിച്ച് മുൻകൂറായി 30 ലക്ഷം രൂപ തട്ടിയെടുക്കുകയും വസ്തു എഴുതി നൽകാതിരിക്കുകയും ചെയ്ത ദമ്പതികൾക്കും മകനും എതിരെ വീട്ടമ്മ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവ്. പണം തിരിച്ചുനൽകാതിരിക്കാൻ വ്യാജരേഖ ചമച്ച് കോടതിയിൽ ഹാജരാക്കി പ്രതികളെ സഹായിച്ച മറ്റു മൂന്ന് പേർക്കുമെതിരെയും കേസെടുക്കാൻ നിർദേശമുണ്ട്. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മജിസ്ട്രേറ്റ് രജനി തങ്കപ്പനാണ് പുന്നപ്ര പാർവണം വീട്ടിൽ റെജിയുടെ ഭാര്യ അമ്പിളിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസിന് നിർദേശം നൽകിയത്.
2015 ഡിസംബർ മുതൽ പല തവണയായി പ്രതികളായ തകഴി പടഹാരം പയ്യനാട് പുത്തൻവേലി ജേക്കബ് (65), ഭാര്യ ത്രേസ്യാമ്മ (58), മകൻ ടോം ജേക്കബ് (32) എന്നിവർ നേരിട്ടും ബാങ്ക് ഇടപാടുകൾ വഴിയുമാണ് പരാതിക്കാരിയിൽനിന്ന് പണം വാങ്ങിയത്. പരാതിക്കാരിയുടെ വിദേശത്തുള്ള ഭർത്താവിൽനിന്ന് ഇവർ പണം കൈക്കലാക്കി. പരാതിക്കാരിക്ക് എഴുതി നൽകിയ വസ്തുവിൽപന കരാറിെൻറ അസ്സലും വസ്തു എഴുതി നൽകുന്ന ആവശ്യത്തിലേക്ക് എന്ന വ്യാജേന ഇവർ കൈക്കലാക്കി. തുടർന്ന് കരാർ പ്രകാരം തനിക്കു ഭൂമി എഴുതി നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മ ആലപ്പുഴ സബ് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. പരാതിക്കാരി നൽകിയ തുക തിരിച്ചുകിട്ടാൻ അവർക്ക് അർഹതയില്ലെന്ന് രേഖപ്പെടുത്തിയ ഒരുകരാർ ഉണ്ടാക്കി അതിൽ വീട്ടമ്മയുടെ ഒപ്പും വിരലടയാളവും വ്യാജമായി ചേർത്ത് 2021 ഏപ്രിലിൽ സബ് കോടതിയിൽ ഹാജരാക്കിയിരുന്നു.
കള്ള ഒപ്പിട്ട രേഖകൾ ഉണ്ടാക്കുന്നതിന് ഗൂഢാലോചന നടത്തിയത് തകഴി പടഹാരം കൊല്ലം കളം വീട്ടിൽ ആൻ ജോസ്, ആലപ്പുഴ തത്തംപള്ളി തട്ടുങ്കൽ വീട്ടിൽ ടോം തോമസ്, ആലപ്പുഴ ആശ്രമം വാർഡിൽ എൽ.കെ കമ്പിയിൽ വീട്ടിൽ മുജീബ് എന്നിവരുംകൂടി ചേർന്നാണെന്ന പരാതിയിലാണ് ഇവരെകൂടി പ്രതിചേർക്കാൻ ഉത്തരവിട്ടത്. അഡ്വ. ബിജിലി ജോസഫ് മുഖേനയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.