ദാരിദ്ര്യലഘൂകരണ വിഭാഗം സർവേ നടത്തി
text_fieldsആലപ്പുഴ: അവസാനവട്ട കണക്കെടുപ്പിൽ ജില്ലയിൽ 3785 പേർ അതിദരിദ്രർ. അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിൽ ദാരിദ്ര്യം പൂർണമായും ഒഴിവാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ലക്ഷ്യമിട്ട് ദാരിദ്ര്യലഘൂകരണ വിഭാഗം നടത്തിയ സർവേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
നേരത്തേ തയാറാക്കിയ പ്രാഥമിക പട്ടികയിൽ 4487 പേരുണ്ടായിരുന്നു. പഞ്ചായത്തുകളിൽ ബി.ഡി.ഒയുടെയും നഗരസഭകളിൽ ജില്ല സ്റ്റാറ്റിസ്റ്റിക്സ് ഓഫിസറുടെയും നേതൃത്വത്തിൽ നടത്തിയ സൂപ്പർ ചെക്കിങ്ങിലാണ് എണ്ണത്തിൽ കുറവുണ്ടായത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓൺലൈനായി യോഗം ചേർന്നാണ് പഞ്ചായത്തുകളിലെ ഗ്രാമസഭകളിലും നഗരസഭയുടെ വാർഡുകളിലും പരിശോധന പൂർത്തിയാക്കിയത്. ഇതിൽ ജില്ലയിലെ 1384 വാർഡിൽ 1169 എണ്ണത്തിലും ദരിദ്രരുടെ വിവരങ്ങൾ ചർച്ച നടത്തി. ബാക്കിയുള്ളവ വരുംദിവസങ്ങളിൽ പൂർത്തിയാകും.
വരുമാനമില്ലാത്തവർ, വീടില്ലാത്തവർ, രണ്ടുനേരംപോലും ഭക്ഷണം കിട്ടാത്തവർ, സൗജന്യറേഷൻപോലെ ഭക്ഷണം കിട്ടിയാലും പാചകംചെയ്ത് കഴിക്കാൻ സൗകര്യമില്ലാത്തവർ, ആരോഗ്യമില്ലാത്തവരും കിടപ്പുരോഗികളും, രോഗംകൊണ്ട് കടംകയറിയവർ തുടങ്ങിയവരെയാണ് നിലവിൽ അതിദരിദ്രരായി കണക്കാക്കുന്നത്.
അടുത്ത സാമ്പത്തികവർഷം ദരിദ്രരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൈക്രോ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. വിവിധ കാരണങ്ങളാൽ സർക്കാർ ക്ഷേമപദ്ധതികളിൽ ഉൾപ്പെടാതെ പോയവരെ കണ്ടെത്തുന്നതോടൊപ്പം അതിദാരിദ്ര്യം അനുഭവിക്കുന്നവർക്ക് ഉപജീവനത്തിന് വഴിയൊരുക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയാണ് പദ്ധതി ലക്ഷ്യം.
നിലവിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബി.പി.എൽ) കുടുംബങ്ങളുടെ വിവരങ്ങളാണുള്ളത്. രൂക്ഷമായ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ പട്ടിക തയാറാകുന്നത് ഇപ്പോഴാണ്. 2015-16 അടിസ്ഥാനവർഷമാക്കി നിതി ആയോഗ് അടുത്തിടെ പ്രസിദ്ധീകരിച്ച ദാരിദ്ര്യസൂചികയിൽ കേരളത്തിലാണ് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ് -0.7 ശതമാനം മാത്രം. ഭക്ഷണത്തിലെ പോഷകാംശം, ശൈശവ-കൗമാര മരണനിരക്ക്, പ്രസവകാല ശുശ്രൂഷ, വിദ്യാഭ്യാസം, പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം, കുടിവെള്ളം, സാനിറ്റേഷൻ, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങൾ പരിഗണിച്ചാണ് നിതി ആയോഗ് ദാരിദ്ര്യസൂചിക കണക്കാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.