പൊതു വിദ്യാലയങ്ങളിൽ 38 വർണക്കൂടാരങ്ങളൊരുങ്ങുന്നു
text_fieldsആലപ്പുഴ: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രീപ്രൈമറി മേഖല സമഗ്രമായി നവീകരിക്കുന്നതിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ 38 സ്കൂളുകളിൽ വർണ്ണക്കൂടാരം പദ്ധതി നടപ്പാക്കുന്നു. ഗുണമേന്മയുള്ള ശാസ്ത്രീയ പ്രീസ്കൂൾ വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കലാണ് ലക്ഷ്യം.
ഇതിന്റ ഭാഗമായാണ് സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങളിലെ അംഗീകൃത പ്രീപ്രൈമറികളിൽ നിന്നും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ വർണ്ണ കൂടാരം പദ്ധതി നടപ്പാക്കുന്നത്. സ്നേഹമാണ് ഭാഷ, കളിയാണ് രീതി എന്ന സവിശേഷത മനസിലാക്കിക്കൊണ്ട് അവർക്ക് നൽകേണ്ട അനുഭവ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുകയാണ് വർണ്ണക്കൂടാരം പദ്ധതി.
ഭാഷാ വികാസം, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, സാമൂഹികവും വൈകാരികവുമായ വികാസം. സർഗാത്കമവും സൗന്ദര്യാത്മകവുമായ വികാസം തുടങ്ങിയവ സാധ്യമാകുന്ന പ്രവർത്തനയിടങ്ങളാണ് പ്രീപ്രൈമറികളിൽ സജ്ജമാക്കുന്നത്. പദ്ധതി വിജയകരമായി പൂർത്തീകരിക്കുന്നതിനായി സ്കൂൾ പ്രഥമാധ്യാപകർക്കും, പി.ടി.എ, എസ്.എം.സി പ്രതിനിധികൾക്കും ജില്ലാതലത്തിൽ പരിശീലനം നൽകി.
കളർകോട് ഗവ.എൽ. പി .എസ് ആഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി എസ്.എസ്. കെ.ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡി.എം.രജനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് ഓഫിസർ എസ്.മനു, പരിശീലകരായ മനോജ് കുമാർ എം, ഷിഹാബ് നൈന, സി.ആർ.സി.സി ദീപ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.