തൊഴിലുറപ്പ് പദ്ധതി;ആലപ്പുഴയിൽ ചെലവിട്ടത് 406.58 കോടി
text_fieldsആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തിക വർഷം ജില്ലയിൽ സൃഷ്ടിച്ചത് 1,04,52,418 തൊഴിൽദിനം. 1,54,181 കുടുംബങ്ങൾക്കായാണിത്. ഇതിൽ 39,040 കുടുംബങ്ങൾക്ക് 100 ദിനം തൊഴിൽ നൽകാനായി.
പട്ടികവർഗ വിഭാഗത്തിൽ 556 കുടുംബങ്ങൾക്ക് 53,122 തൊഴിൽദിനങ്ങൾ നൽകാനും 55 കുടുംബങ്ങൾക്ക് 200 ദിനങ്ങളിലും 210 കുടുംബങ്ങൾക്ക് 100 ദിനങ്ങളിലും തൊഴിൽ നൽകാനും സാധിച്ചു. 406.58 കോടിയാണ് ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ചെലവഴിച്ചത്. 1.25 കോടി തൊഴിൽദിനങ്ങൾ നൽകാനാണ് ലക്ഷ്യമിട്ടത്.
ഈ സാമ്പത്തിക വർഷം മുതൽ തൊഴിലുറപ്പുകൂലി 311ൽനിന്ന് 333 രൂപയായി വർധിപ്പിച്ചതിനാൽ കൂടുതൽ പേർ തൊഴിൽ തേടിയെത്തിയേക്കാം. മുൻവർഷത്തെ മാനദണ്ഡങ്ങളനുസരിച്ച് പഞ്ചായത്തുകളിൽ വിവിധ ജോലികൾ തുടങ്ങിയിട്ടുണ്ട്. അടുത്ത മാസത്തോടെ മാനദണ്ഡങ്ങൾ പുതുക്കിയേക്കും. മുൻവർഷം ഒരു പഞ്ചായത്തിൽ ഒരേസമയം ചെയ്യാവുന്ന ജോലികൾ 20 ആയി നിശ്ചയിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് പിന്നീടിത് മാറ്റുകയായിരുന്നു മാറ്റുകയായിരുന്നു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളാണ് തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തൊഴിൽ നൽകിയത്. 14.90 ലക്ഷം തൊഴിൽദിനങ്ങളാണ് കഞ്ഞിക്കുഴിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളും ചേർന്ന് നൽകിയത്. ഇതിൽ 4.03 ലക്ഷം തൊഴിൽദിനങ്ങളുമായി തണ്ണീർമുക്കം പഞ്ചായത്താണ് മുന്നിൽ. കഞ്ഞിക്കുഴി 3.23 ലക്ഷം തൊഴിൽദിനങ്ങൾ നൽകി. മറ്റുള്ളവ രണ്ടുലക്ഷത്തിനും രണ്ടരലക്ഷത്തിനും ഇടയിൽ തൊഴിൽദിനങ്ങൾ നൽകി.
100 തൊഴിൽദിനങ്ങൾ കൂടുതൽ കുടുംബങ്ങൾക്കു നൽകിയതും കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിലാണ്. ഇവിടെ 9693 കുടുംബങ്ങൾക്ക് 100 തൊഴിൽദിനങ്ങൾ ലഭിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്താണ് തൊഴിൽ നൽകിയതിൽ ഏറ്റവും പിന്നിൽ. ഇവിടെ അഞ്ച് പഞ്ചായത്തുകളും കൂടി ആകെ നൽകിയത് 3.69 ലക്ഷം തൊഴിൽദിനങ്ങൾ മാത്രം. ഇതിൽ 51,442 തൊഴിൽദിനങ്ങൾ നൽകിയ തഴക്കര പഞ്ചായത്താണ് ഏറ്റവും പിന്നിൽ. 100 തൊഴിൽദിനങ്ങൾ നൽകുന്നതിലും മാവേലിക്കര ബ്ലോക്കാണ് ഏറ്റവും പിന്നിൽ. ഇവിടെ 897 കുടുംബത്തിനുമാത്രം 100 തൊഴിൽദിനങ്ങൾ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.