ജില്ലയിൽ 420 അപകട സാധ്യത മുനമ്പ്
text_fieldsആലപ്പുഴ: ജില്ലയിൽ റോഡപകടങ്ങൾക്ക് സാധ്യതയേറിയ ബ്ലാക്ക് സ്പോട്ടുകൾ 420. കൂടുതൽ അപകട മുനമ്പുകളുള്ള ജില്ലകളിൽ നാലാമതാണ് ആലപ്പുഴ. നാറ്റ്പാക് പഠനത്തിലാണ് ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയത്. ഈ മേഖലകളിൽ അപകടങ്ങൾ കുറക്കാൻ വിവിധ നിർദേശങ്ങളും നാറ്റ്പാക് റോഡ് സുരക്ഷ അതോറിറ്റിക്ക് നൽകി. ദേശീയപാതയിൽ പന്ത്രണ്ടും സംസ്ഥാന പാതകളിൽ പതിമൂന്നും മേഖലകളിലായാണ് ഇത്രയും ബ്ലാക്ക് സ്പോട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്.
ദേശീയപാത 66ലാണ് ഏറ്റവും കൂടുതൽ. മുൻകാലങ്ങളിൽ ഉണ്ടായ വൻ അപകടങ്ങൾ, മരണങ്ങൾ, ഗുരുതരപരിക്ക് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ബ്ലാക്ക് സ്പോട്ടുകൾ നിശ്ചയിച്ചത്. ഈ മേഖലകൾക്ക് അപകട സാധ്യതയുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്തിട്ടുണ്ട്. ബ്ലാക്ക് സ്പോട്ടുകൾ ഉൾപ്പെട്ട മേഖലകൾ, ദൈർഘ്യം എന്നിവ റാങ്കിങ് അനുസരിച്ച് ഇങ്ങനെയാണ്.
ദേശീയപാതകൾ
അരൂർ കുമ്പളം ബ്രിഡ്ജ് റോഡ്‌വേ -കുത്തിയതോട് (എൻ.എച്ച് 66) 10.5 കിലോമീറ്റർ. കൊട്ടാരവളവ്-നങ്ങ്യാർകുളങ്ങര ജങ്ഷൻ (എൻ.എച്ച് 66) 11.7 കി.മീ. കരീലക്കുളങ്ങര ജങ്ഷൻ-ഓച്ചിറ ജങ്ഷൻ (എൻ.എച്ച് 66) 8 കി.മീ.
ഒറ്റപ്പുന്ന ജങ്ഷൻ: മാരാരിക്കുളം കളിത്തട്ട് ജങ്ഷൻ (എൻ.എച്ച് 66) 11.8 കി.മീ. കളർകോട് ജങ്ഷൻ -എസ്.എൻ കവല (എൻ.എച്ച് 66) 7.5 കി.മീ. പാട്ടുകുളങ്ങര-ഒറ്റപ്പുന്ന (എൻ.എച്ച് 66) 10.9 കി.മീ. മാരാരിക്കുളം കളിത്തട്ട് ജങ്ഷൻ-കൊമ്മാടി ജങ്ഷൻ: (എൻ.എച്ച് 66) 9.4 കി.മീ. കൊമ്മാടി ജങ്ഷൻ-കളർകോട് ജങ്ഷൻ (ആലപ്പുഴ നഗരത്തിലൂടെ-പഴയ എൻ.എച്ച് 66) 6.5 കി.മീ.
കാക്കാഴം ജങ്ഷൻ: തോട്ടപ്പള്ളി പാലം (എൻ.എച്ച് 66) 10.3 കിലോമീറ്റർ. ആഞ്ഞിലിമൂട് ജങ്ഷൻ-പ്രാവിൻകൂട് ജങ്ഷൻ (എൻ.എച്ച് 183) 6.7 കി.മീ. നങ്ങ്യാർകുളങ്ങര ജങ്ഷൻ: കീരിക്കാട് (എൻ.എച്ച് 66) 5.8 കിലോമീറ്റർ. ചാരുംമൂട് ജങ്ഷൻ-കൊല്ലകടവ് ജങ്ഷൻ (എൻ.എച്ച് 66) 9.8 കി.മീ.
സംസ്ഥാനപാതകൾ
നിറയിൽ ജങ്ഷൻ-നാടാലക്കൽ ജങ്ഷൻ (എസ്.എച്ച് 6) 12 കി.മീ. കായംകുളം പാർക്ക് ജങ്ഷൻ-പാലൂത്തറ ജങ്ഷൻ (എസ്.എച്ച് 5) 11.1 കി.മീ. വൈ.എം.സി.എ ജങ്ഷൻ-റോഡ്മുക്ക് ജങ്ക്ഷൻ (എസ്.എച്ച് 40) 5.7 കി.മീ. നവോദയ ജങ്ഷൻ-പരുമല പാലം (എസ്.എച്ച് 6) 4.6 കി.മീ. മങ്കൊമ്പ് ജങ്ഷൻ -കിടങ്ങറ പാലം (എസ്.എച്ച് 11) 8.2 കി.മീ. കരുമാടി പാലം -തകഴി പാലം (എസ്.എച്ച് 12) 4.9 കി.മീ. നാലുതെങ്ങ് ജങ്ഷൻ - പനക്കൽ (എസ്.എച്ച് 66) 5.6 കിലോമീറ്റർ. എടത്വ -നീരേറ്റുപുറം (എസ്.എച്ച് 12) 5.8 കി.മീ. നേതാജി ജങ്ഷൻ-മുഹമ്മ ജങ്ഷൻ (എസ്.എച്ച് 40) 5.6 കി.മീ. കാരക്കാട്-മുളക്കുഴ പാലം (എസ്.എച്ച് 1) 2.6 കി.മീ. പറയംകുളം ജങ്ഷൻ -ആദിക്കാട്ടുകുളങ്ങര ജങ്ഷൻ (എസ്.എച്ച് 5) 5.6 കി.മീ. കളർകോട്-നെടുമുടി (എസ്.എച്ച് 11) 8.6 കിലോമീറ്റർ. മാളികമുക്ക് ജങ്ഷൻ-ചെട്ടികാട് (എസ്.എച്ച് 66) 3.2 കി.മീ.
അപകടങ്ങൾ ഒഴിയാതെ തങ്കിക്കവല
ചേർത്തല: അപകടങ്ങൾ ഒഴിയാതെ ദേശീയപാതയിൽ തങ്കിക്കവല. അപകടങ്ങളും മരണവും യാത്രക്കാർക്ക് ഭീഷണിയായിട്ട് വർഷങ്ങളായി. ചേർത്തല -എറണാകുളം ദേശീയപാത ഭാഗത്തെ പ്രധാന അപകടസാധ്യത സ്ഥലവും ദേശീയപാത വിഭാഗത്തിന്റെ ബ്ലാക്ക് സ്പോട്ടുകളിൽ ഒന്നുമാണ് തങ്കിക്കവല. 10 വർഷത്തിനിടെ അപകടങ്ങളിൽ ഇരുപതോളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടിഞ്ഞാറ് തങ്കിറോഡിലേക്ക് മുറിച്ചുകടക്കുകയും അല്ലെങ്കിൽ വടക്കോട്ടേക്ക് യു ടേൺ എടുക്കുകയും ചെയ്യുമ്പോൾ ചേർത്തല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തട്ടിയാണ് അപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത്. ഇതുപോലെ പടിഞ്ഞാറ് തങ്കിറോഡിൽനിന്ന് തെക്ക് ചേർത്തല ഭാഗത്തേക്ക് റോഡ് മുറിച്ചുകടക്കുമ്പോഴും തെക്ക് ചേർത്തല ഭാഗത്തുനിന്നുള്ള വാഹനങ്ങൾ യു ടേൺ എടുക്കുമ്പോഴും അപകടങ്ങൾ ഉണ്ടാകുന്നു.
ചിലർ റോഡ് മുറിച്ചുകടക്കാതെയും യു ടേൺ എടുക്കാതെയും തെറ്റായ ദിശയിലും കയറ്റാറുണ്ട്. ഇത് തടയാൻ പൊലീസ് ഉണ്ടാകാറില്ല. പ്രദേശത്തെ അഞ്ചോളം സ്കൂളിലെ നൂറുകണക്കിനു വിദ്യാർഥികൾ ഇതുവഴി കടന്നുപോകുന്നവരാണ്. വിവിധ ആരാധനാലയങ്ങൾ, സർക്കാർ ഓഫിസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കും ഇതിലൂടെയാണ് യാത്ര.
അപായ സൂചന മാത്രം നൽകുന്ന ട്രാഫിക് സിഗ്നൽ വാഹനങ്ങൾ ഇടിച്ച് വർഷങ്ങളായി തകരാറിലാണ്. സ്ഥിരം സിഗ്നൽ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യുവജനസംഘടനകൾ വർഷങ്ങളായി മുറവിളി കൂടുന്നുണ്ടെങ്കിലും ഫലം കാണാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.