സ്വന്തമായി ഭൂമിയില്ലാത്തത് 4469 പേർക്ക്
text_fieldsകൊച്ചി: ജില്ലയിൽ വീടിനായി കാത്തിരിക്കുന്നത് പട്ടിക വിഭാഗങ്ങളിലെ പതിനായിരത്തിലധികം ഗുണഭോക്താക്കൾ. ജില്ലയിലെ വിവിധ ബ്ലോക്കുകളിലായാണ് പട്ടികജാതി-വർഗ വിഭാഗങ്ങളിലെ 10,070 ഭവനരഹിതർ വീടിനായി കാത്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ പട്ടികജാതി വിഭാഗത്തിലെ 9655 പേരും പട്ടികവർഗ വിഭാഗത്തിലെ 415 പേരും ഉൾപ്പെടുന്നുണ്ട്. ഭവനരഹിതരിൽ 4336 പട്ടികജാതിക്കാർ സ്വന്തമായി ഭൂമിയില്ലാത്തവരാണ്. 133 പട്ടികവർഗ വിഭാഗക്കാരും ഉൾപ്പെടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
വീടുകൾ നൽകുന്നത് ലൈഫ് വഴി
ലൈഫ് പദ്ധതി വഴിയാണ് ഇപ്പോൾ പട്ടികജാതി വിഭാഗങ്ങൾക്കും വീട് നൽകുന്നത്. പദ്ധതി ആരംഭിക്കുന്നതിനുമുമ്പ് പട്ടികജാതി വികസന വകുപ്പിൽനിന്ന് നേരിട്ട് ഫണ്ട് അനുവദിക്കുന്നതായിരുന്നു രീതി. അന്ന് മൂന്നുലക്ഷം രൂപയാണ് വീടൊന്നിന് അനുവദിച്ചിരുന്നത്. ലൈഫ് പദ്ധതിയുടെ വരവോടെ എല്ലാ വീടുകൾക്കും അനുവദിക്കുന്നതുപോലെ നാലുലക്ഷം രൂപയാണ് ഭവന നിർമാണത്തിനായി അനുവദിക്കുന്നത്. നേരിട്ട് ഫണ്ട് അനുവദിച്ചിരുന്ന ഘട്ടത്തിൽ മോണിട്ടറിങ് അടക്കം നടത്തിയിരുന്നത് വകുപ്പായിരുന്നെങ്കിൽ ലൈഫ് പദ്ധതിയുടെ വരവോടെ അത് തദ്ദേശ സ്ഥാപനങ്ങൾക്കായി. ഇത് വീടുകളുടെ സമയബന്ധിതമായ പൂർത്തീകരണത്തിലടക്കം നിരവധി പ്രായോഗിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് ആക്ഷേപം.
സ്ഥലം കണ്ടെത്തൽ പ്രതിസന്ധി
സ്വന്തമായി സ്ഥലമില്ലാത്ത അയ്യായിരത്തോളം ഗുണഭോക്താക്കളാണ് ഇരുവിഭാഗത്തിലുമായി ജില്ലയിലുള്ളത്. ഇവർക്ക് ഭൂമി കണ്ടെത്തലാണ് സർക്കാർ വകുപ്പുകളുടെ മുന്നിലുള്ള പ്രതിസന്ധി. സ്വന്തമായി ഭൂമിയില്ലാത്ത ലൈഫ് ലിസ്റ്റിലുൾപ്പെട്ട പട്ടികജാതി വിഭാഗക്കാർക്ക് ഗ്രാമപ്രദേശങ്ങളിൽ അഞ്ചുസെന്റ് ഭൂമി വാങ്ങാൻ സെന്റിന് 75,000 രൂപ പ്രകാരം വകുപ്പ് നൽകുന്നുണ്ട്. നഗരപ്രദേശങ്ങളിൽ മൂന്നുസെന്റിന് നാലരലക്ഷം രൂപയാണ് അനുവദിക്കുന്നത്. കോർപറേഷൻ പരിധിയിൽ ഇത് ആറുലക്ഷവുമാണ്. എന്നാൽ, സർക്കാർ ഫണ്ടുകളുടെ അപര്യാപ്തതയും മറ്റ് കാലതാമസവുംമൂലം ഇതെല്ലാം ഇഴഞ്ഞാണ് നീങ്ങുന്നത്. സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് പലയിടങ്ങളിലും ഭൂമി കിട്ടാനില്ലാത്തതാണ് പ്രധാന വെല്ലുവിളി.
ഭവനനിർമാണം പൂർത്തീകരിക്കാത്തവരും നിരവധി
വിവിധ വകുപ്പുകളിൽനിന്ന് ഭവനനിർമാണ ധനസഹായം കൈപ്പറ്റിയ ശേഷം ഇത് പൂർത്തീകരിക്കാത്ത ഗുണഭോക്താക്കളും ജില്ലയിൽ കുറവല്ല. മൂന്ന് ഗഡുക്കളായാണ് സഹായം ലഭിക്കുന്നതെന്നതിനാൽ ആദ്യഗഡു വാങ്ങിയശേഷം തുടർനടപടികൾ ചെയ്യാത്തവരും നിർമാണം നിലച്ചതും ഇക്കൂട്ടത്തിലുണ്ട്.
സഹായം പൂർണമായി കൈപ്പറ്റിയവരും ഉണ്ട്. നിർമാണം പാതിവഴിയിൽ നിലച്ചവർക്കായി വകുപ്പ് ഒന്നരലക്ഷം രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കിയെങ്കിലും ജില്ലയിൽ ഇത് കാര്യമായി ഗുണം ചെയ്തിട്ടില്ല. ധനസഹായ തുകയുടെ അവസാന ഗഡു കൈപ്പറ്റി പത്തുവർഷം പിന്നിടാത്തവരെയാണ് ഈ സഹായത്തിന് പരിഗണിച്ചിരുന്നത്. ലൈഫ് പദ്ധതി വന്നതോടെ സർക്കാർ ഈ സഹായം നിർത്തുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.