54 താറാവുകൾ ചത്തു; ഞെട്ടൽ മാറാതെ കുടുംബം
text_fieldsആലപ്പുഴ: വീട്ടിൽ മുട്ടക്കായി വളർത്തിയ 54 താറാവുകൾ കൂട്ടത്തോടെ ചത്തു. ആര്യാട് സൗത്ത് അവലൂകുന്ന് പൂങ്കാവ് തോട്ടത്തിൽ ജോബിൻ ജോസഫിന്റെ (40) വീട്ടിലാണ് സംഭവം. ജോബിന്റെ ഭാര്യ ജസീന മുട്ടക്കായി ഒരുവർഷത്തോളം വളർത്തിയ താറാവുകളാണ് ചത്തത്. ചൊവ്വാഴ്ച വൈകീട്ട് 6.45നാണ് സംഭവങ്ങൾക്ക് തുടക്കം. ആകെയുണ്ടായിരുന്നത് 68 എണ്ണമാണ്. ഇതിലൊരെണ്ണം ഓടിക്കളിക്കുന്നതിനിടെ അൽപനേരം ശ്വാസം വലിച്ചശേഷം പിടഞ്ഞുവീണ് ചത്തതായിരുന്നു തുടക്കം. തൊട്ടുപിന്നാലെ സമാനരീതിയിൽ അഞ്ചെണ്ണംകൂടി വീണതോടെ വീട്ടുകാർ ഉറക്കമൊഴിച്ച് കാത്തിരുന്നു. ആ കാത്തിരിപ്പ് പുലർച്ച രണ്ടുവരെ നീണ്ടു. അപ്പോഴേക്കും 12 എണ്ണം കൂടി ചത്തിരുന്നു. ബുധനാഴ്ച രാവിലെയും സമാനരീതിയിൽ ഒന്നിനു പിറകെ കൂടുതൽ താറാവുകൾ ചത്തതോടെ വിവരം മൃഗസംരക്ഷണ വകുപ്പ് അധികൃതരെ അറിയിച്ചു. അവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴും താറാവുകളുടെ ചാകലിന് മാറ്റമുണ്ടായില്ല. വിഷബാധയേറ്റതാണെന്ന് അടക്കമുള്ള സംശയവുമുയർന്നു.
തുടർന്ന് മരണകാരണം കണ്ടെത്താൻ ഡോക്ടറുടെ നിർദേശപ്രകാരം അഞ്ച് താറാവുമായി തിരുവല്ല മഞ്ഞാടിയിലെ സർക്കാർ ലാബിലേക്ക് പോയി. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി. മഞ്ഞാടിയിലെ കേന്ദ്രത്തിൽനിന്ന് ഒരുദിവസം പ്രായമുള്ള താറാവുകളെ വാങ്ങിയാണ് വളർത്തിയത്. ഒരുവർഷവും 27 ദിവസവും പ്രായമുള്ള മുട്ടയിടുന്ന താറാവുകളാണ് ഏറെയും ചത്തത്. പലതിന്റെയും തൂക്കം രണ്ടുകിലോക്ക് മുകളിലായിരുന്നു. ചാക്കുകളിലാണ് തീറ്റവാങ്ങിയിരുന്നത്. മുട്ടത്തീറ്റക്കൊപ്പം അരിയും തവിടും പിണ്ണാക്കും ചേർത്താണ് ഭക്ഷണമായി നൽകുന്നത്. ചൊവ്വാഴ്ചയും ഇതേഭക്ഷണമാണ് നൽകിയത്. അലുമിനിയം ഫ്രേബിക്കേഷൻ വർക്കറായ ജോബിന് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
ഇതിനിടെ, മുട്ടവിറ്റ് പണമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ജസീന താറാവ് വളർത്തലിലേക്ക് തിരിഞ്ഞത്. മാസങ്ങളുടെ അധ്വാനത്തിനും പ്രതീക്ഷകൾക്കും മങ്ങലേൽപിച്ച് താറാവുകളുടെ കൂട്ടച്ചാകൽ കനത്ത നഷ്ടമുണ്ടാക്കി. സർക്കാർ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.