രണ്ടാഴ്ചക്കിടെ 58 പേർക്ക് ഡെങ്കിപ്പനി, 21 പേർക്ക് എലിപ്പനി
text_fieldsആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും നിയന്ത്രണവിധേയമാകുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 58 പേർക്ക് ഡെങ്കിപ്പനിയും 21 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.പുന്നപ്ര നോർത്ത് പഞ്ചായത്തിലാണ് ഡെങ്കിപ്പനിബാധ കൂടുതൽ. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇവിടെ ഡെങ്കിബാധിച്ചത് 13 പേർക്കാണ്.
ദിവസം ഒരാളെങ്കിലും ഇവിടെ ഡെങ്കിബാധിതനാകുന്നു. പുന്നപ്ര സൗത്തിലും ഡെങ്കിപ്പനിബാധയുണ്ട്. രണ്ടാഴ്ചക്കിടെ ഇവിടെ നാലുപേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.ഇതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് വീണ്ടും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നവരുടെ കണക്ക് കൂടി ചേർത്താൽ ഡെങ്കിബാധിതരുടെ എണ്ണം നൂറുകടക്കും.
പുന്നപ്രയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായതോടെ കൊതുകുകൾ പെരുകിയ നിലയിലാണ്.നോർത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തുതന്നെ കാനയിൽ ഒഴുക്കില്ലാതെ വെള്ളം കെട്ടിക്കിടക്കുകയാണ്.ആലപ്പുഴ ടൗണ്‍, ആര്യാട്, മണ്ണഞ്ചേരി, അമ്പലപ്പുഴ വടക്ക്, മാരാരിക്കുളം സൗത്ത്, പള്ളിപ്പുറം, പള്ളിപ്പാട്, ചെട്ടികുളങ്ങര, ഭരണിക്കാവ്, ചെന്നിത്തല, ചെറുതന, നൂറനാട്, നെടുമുടി, കൈനകരി എന്നിവിടങ്ങളിൽ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ ഇത്രയും സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായാണ് ആരോഗ്യവകുപ്പ് പരിഗണിക്കുന്നത്.ആലപ്പുഴ നഗരത്തിലെ ജനറല്‍ ആശുപത്രി, വനിത ശിശു ആശുപത്രി പരിസരങ്ങള്‍, മുല്ലാത്തുവളപ്പ്, ചേര്‍ത്തല നഗരം, ചെട്ടികാട്, പുന്നപ്ര വടക്ക്, ചുനക്കര എന്നീ സ്ഥലങ്ങള്‍ ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളായും നിശ്ചയിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്
ഡെങ്കി കേസുകളും മരണങ്ങളും സംസ്ഥാനമൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.അപായ സൂചനകള്‍ തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സാസഹായം ഉറപ്പാക്കുന്നത് മരണം ഒഴിവാക്കാന്‍ സഹായിക്കും. പനി, കഠിനമായ ദേഹവേദന, തലവേദന കണ്ണിന് പിറകില്‍ വേദന സന്ധിവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍. രോഗബാധിതര്‍ ചികിത്സയോടൊപ്പം പരിപൂര്‍ണ വിശ്രമം എടുക്കണം.
തുടര്‍ച്ചയായ ഛര്‍ദി വയറുവേദന, ശരീരത്തില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കുക, കഠിനമായ ക്ഷീണം ശ്വാസതടസ്സം രക്തസമ്മര്‍ദം താഴുക എന്നിവ അപായസൂചനകളാണ്. എന്തെങ്കിലും അപായസൂചനകള്‍ ഉണ്ടായാല്‍ അടിയന്തരമായി വിദഗ്ധ ചികിത്സ തേടണം.
പനിബാധിച്ച കുഞ്ഞുങ്ങളെ നിരീക്ഷിക്കണം
കുഞ്ഞുങ്ങള്‍ക്ക് രോഗബാധ ഉണ്ടായാല്‍ ശരീരോഷ്മാവ് കുറയ്ക്കാന്‍ ഡോക്ടര്‍ നിർദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി നല്‍കണം. തിളപ്പിച്ചാറിയ വെള്ളവും മറ്റ് പാനീയങ്ങളും പോഷകാഹാരവും കഴിപ്പിക്കണം. കുഞ്ഞുങ്ങളുടെ ഉയര്‍ന്ന ശരീര താപനില കുറയാതിരിക്കുക, ആഹാരം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുമുള്ള അസ്വസ്ഥത, നാവ്, വായ, ചുണ്ട് എന്നിവ വരണ്ടു കാണുക, മയക്കം, ക്ഷീണത്തോടെ ഉറക്കംതൂങ്ങി ഇരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക കഠിനമായ കാല് വേദന, ഛര്‍ദി, വയറുവേദന, മോണ പോലെയുള്ള ശരീരഭാഗങ്ങളില്‍നിന്ന് രക്തസ്രാവം ഉണ്ടാകുക, അപസ്മാരം തുടങ്ങിയ ലക്ഷണമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.
പനി മാറിയാലും മൂന്നുനാലു ദിവസം കൂടി ശ്രദ്ധിക്കുകയും ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, പഴച്ചാറുകള്‍ മറ്റു പാനീയങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം എന്നിവ ധാരാളം കുടിക്കുകയും ചെയ്യണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിർദേശം ഇല്ലാതെ വേദനസംഹാരികള്‍ പോലെയുള്ള മരുന്നുകള്‍ വാങ്ങി കഴിക്കരുതെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.