അനസിന്റെ ഓർമകൾക്ക് മുന്നിൽ ഒരു ബിരുദദാനം
text_fieldsആലപ്പുഴ: ബിരുദ സർട്ടിഫിക്കറ്റ് വാങ്ങാൻ അനസ് ഇല്ല. ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തിൽ വിതുമ്പലടക്കാനാകാതെ അനസിന്റെ സർട്ടിഫിക്കറ്റ് ബന്ധുക്കൾ ഏറ്റുവാങ്ങി.
ആലപ്പുഴ ഗവ. ഡെന്റൽ കോളജിലെ ബിരുദദാന ചടങ്ങാണ് സഹപാഠികൾക്കും മറ്റുള്ളവർക്കും നൊമ്പരമായത്. കഴിഞ്ഞ ആഗസ്റ്റ് 23നാണ് ഹൗസ് സർജൻ അനസ് അപകടത്തിൽ മരിച്ചത്. ദേശീയപാതയിൽ കുറവന്തോട് ജങ്ഷന് സമീപം രാത്രി 12.30ഓടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് സഹപ്രവർത്തകയുമായി ബേക്കറിയിൽനിന്ന് ചായകുടിച്ച് ബൈക്കിൽ റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിൽനിന്ന് തെറിച്ചുവീണ അനസ് ലോറിക്കടിയിൽപെട്ട് മരിച്ചു. സഹപ്രവർത്തകക്ക് പരിക്കേറ്റിരുന്നു. ആലപ്പുഴ കൈചൂണ്ടി ജങ്ഷന് പടിഞ്ഞാറ് പൂന്തോപ്പ് വാർഡിൽ നൂർ മൻസിൽ റിട്ട. ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനീയർ ഷാനവാസിന്റെയും സുബൈദയുടെയും മകനായിരുന്നു 25കാരനായ അനസ് ഷാനവാസ്. നഴ്സിങ് ബിരുദം പൂർത്തിയാക്കിയ അഞ്ജു സഹോദരിയാണ്.
അനസിന്റെ അമ്മാവൻ കാസിം പുന്നപ്രയാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. അനസിന്റെ ഓർമകൾക്ക് മുന്നിൽ മൗനപ്രാർഥന നടത്തിയാണ് പരിപാടി തുടങ്ങിയത്.
സഹപാഠികളുടെ ഏത് കാര്യത്തിലും ഓടിയെത്തിയിരുന്ന അനസിന്റെ പേര് വിളിച്ചപ്പോൾതന്നെ കൂട്ടുകാരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അനസ് ഉൾപ്പെടെ 45പേർ ബിരുദം നേടി.
കേരള ആരോഗ്യ സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗവ. ടി.ഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മറിയം വർക്കി, ഗവ. ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. ഗിൽസ കെ.വാസുണ്ണി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.