മൃഗസ്നേഹത്തില്‍ വിരിഞ്ഞൊരു ലിത്വേനിയൻ പ്രണയകഥ
text_fieldsആലപ്പുഴ: കൊടും മൃഗസ്നേഹിയാണ് ജോണ്സണ്. അണ്ണാന് മുതല്‍ ആനവരെയുള്ളവരുടെ കടുത്ത ആരാധകനാണ് ഈ യുവാവ്. അവക്കെന്തെങ്കിലും പറ്റിയാല്‍ ഇടംവലം നോക്കാതെ രക്ഷക്ക് ഇറങ്ങിത്തിരിക്കുകയാണ് പതിവ്. ജോണ്സെൻറ ഈ മൃഗസ്നേഹം കണ്ട് യൂറോപ്യൻ രാജ്യമായ ലിത്വേനിയയിൽനിന്ന് ഒരു പ്രണയം അദ്ദേഹത്തെ തേടിയെത്തി.
മൃഗസ്നേഹത്തില്‍ പൊതിഞ്ഞൊരു യൂറോപ്യൻ പ്രണയ വിപ്ലവത്തിലാണ് ജോണ്‍സണും ലിത്വേനിയക്കാരി ക്രിസ്റ്റീന സെമാസ്കൈയ്റ്റും. അവര്‍ വിവാഹിതരാവുകയാണ്. മുന്നിൽ വില്ലനായുള്ളത് കോവിഡ് മാത്രമാണ്.
ജോൺസെൻറ മാരകമൃഗ സ്നേഹത്തിൽ ക്രിസ്റ്റീനായുടെ മനസ്സ് ഉടക്കിയത് 2019 ലാണ്. സോഷ്യൽ വർക്കിെൻറ ഭാഗമായി 80ൽഅധികം രാജ്യങ്ങളിൽ സഞ്ചരിക്കുന്നതിെൻറ ഭാഗമായാണ് ക്രിസ്റ്റീന ഇന്ത്യയിലും കേരളത്തിലും ആലപ്പുഴയിലുമെത്തിയത്.
ഇതിനിടയിലെ ഒരു ഒത്തുചേരലിലാണ് ഇരുവരും ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. വഴിയിൽ ഒരു ജീവിക്ക് അപകടമുണ്ടായാൽ കണ്ടുനിൽക്കുന്നവരും മൃഗസംരക്ഷണ വകുപ്പും സഹായം തേടുന്ന ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശി 34കാരനായ ജോൺസൺ വർഗീസിെൻറ മൃഗസ്നേഹ-സാമൂഹിക ഇടപെടലുകളെക്കുറിച്ച് ക്രിസ്റ്റീന ചോദിച്ചറിഞ്ഞപ്പോൾ പ്രണയമവിടെ പൂവിട്ടു.
2019 ൽ സംസ്ഥാന സർക്കാർ മൃഗസംരക്ഷണ അവാർഡ് നൽകിയപ്പോൾ മേനകഗാന്ധിയുടെ പീപ്പിൾ ഫോർ ആനിമൽ സംഘടനയിലും പ്രവർത്തിക്കാൻ അവസരംകിട്ടി. കോവിഡ് വിലക്കുകൾ മൂലം ക്രിസ്റ്റീന വിയറ്റ്നാമിലേക്ക് വേഗം മടങ്ങിയെങ്കിലും ഫോണിലൂടെ സാമൂഹ്യ പ്രവർത്തനവും പ്രണയവും ഇവർ പങ്കുവെച്ചു. നാല് മാസങ്ങൾക്ക് മുമ്പ് ഇരുവരും റിസ്ക്കെടുത്ത് നേരിട്ട് കാണാൻ തീരുമാനിച്ചു.
ഇതനുസരിച്ച് നോർേവയിൽ ജോലി ചെയ്യുന്ന ക്രിസ്റ്റീന, ജോൺസനെ കാണാൻ നേപ്പാളിലെത്തി. ഇരുവരും ചേർന്ന് അവിടെയും സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടത്തി. നേപ്പാളിലെ പിന്നാക്കം നിൽക്കുന്ന സ്കൂളിൽ ലൈബ്രറിയും ക്ലാസ് റൂം നവീകരണവും യാത്രകളുമായി കടന്നു പോയി. 2021 മേയ് 16 ന് നേപ്പാളിൽ വെച്ച് ഇരുവരുടെയും കുടുംബത്തിെൻറ പിന്തുണയോടെ മോതിരമാറ്റം നടന്നു. വീട്ടുകാർ ഫോണിലൂടെ അനുഗ്രഹവും നൽകി.
രാജ്യാന്തര യാത്രാവിലക്ക് മാറിയാൽ കോവിഡ് ചതിച്ചില്ലെങ്കിൽ നവംബറിൽ കല്യാണം നടക്കും.
കഴിഞ്ഞ പ്രളയകാലത്ത് ജോൺസൺ ഇരുപതോളം പശുക്കളെയും നായ്ക്കളെയും പൂച്ചകളെയും കുട്ടനാട്ടിൽനിന്നും കരക്കെത്തിച്ചിരുന്നു. ഇന്നലെ കടപ്പുറത്ത് പാറക്കെട്ടിനിടെ മരണം മുന്നിൽ കണ്ട് കിടന്ന കുരുന്ന് നായ്ക്കളെ ചൂടും പാലും നൽകി തിരികെ കൊണ്ടുവരുന്നതാണ് ഏറ്റവും ഒടുവിലത്തേത്. നാല് കുഞ്ഞുങ്ങളിൽ രണ്ടെണ്ണം തണുപ്പും തിരമാലയും താങ്ങാതെ ചത്തുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.