ഓമനപ്പുഴയുടെ ഓമനകൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
text_fieldsമാരാരിക്കുളം: പോന്നോമനകളെ അവസാനമായി ഒരു നോക്ക് കാണാൻ അമ്മ എത്തി. ഓമനപ്പുഴയെ കണ്ണീരിൽ മുക്കിയ പൊന്നോമനകൾ വിടചൊല്ലി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഓമനപ്പുഴ ഓടാപൊഴിയിൽ വീണ് മരിച്ച മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാർഡ് ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത്(11), അനഘ(10) എന്നിവരുടെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ഓടെ നടന്നു. കുവൈറ്റിൽ നഴ്സായിരുന്ന മാതാവ് മേരി ഷൈൻ നാട്ടിലെത്തുവാൻ വൈകിയതിനാലാണ് സംസ്കാരം നീണ്ടത്. സാങ്കേതിക തടസങ്ങൾ കാരണം യാത്ര വൈകിയതോടെ ഇന്ത്യൻ സ്ഥാപനപതി മുഖാന്തിരം നടത്തിയ ഇടപെടലുകളെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് മേരി ഷൈൻ നെടുമ്പാശേരിയിൽ എത്തിയത്.
ബന്ധുക്കളാണ് ഇവരെ ഇവിടെ നിന്ന് വീട്ടിലെത്തിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെ കുട്ടികൾ പഠിച്ചിരുന്ന ചെട്ടികാട് ഗവ.സ്കൂളിൽ എത്തിച്ചു. അധ്യാപകരും സഹപാഠികളും അന്തിമോപചാരം അർപ്പിച്ചു.
തുടർന്നാണ് വീട്ടിൽ പൊതുദർശനത്തിന് വച്ചത്. കടപ്പുറത്ത് ഓടികളിച്ചു നടന്നിരുന്ന കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ അലറികരഞ്ഞ മേരി ഷൈനിനും പിതാവ് നെപ്പൊളിയനുമൊപ്പം നാട്ടുകാരും വിങ്ങിപ്പൊട്ടി. മരിച്ച കുട്ടികളുടെ മൂത്ത സഹോദരൻ അജിതിനെ ബന്ധുക്കൾ ചേർന്ന് താങ്ങിയെടുത്തു. വീടിന് മുന്നിൽ പന്തലിൽ കിടത്തിയ അഭിജിത്തിനെയും അനഘയെയും അവസാനമായി കാണുവാൻ നാട് ഒഴുകുകയായിരുന്നു.
അന്തിമ ചുംബനം നൽകുവാൻ ഇരു മൃതദേഹവും ചില്ല് കൂട്ടിൽ നിന്നു പുറത്തെടുക്കണമെന്ന മേരി ഷൈനിന്റെ നിർബന്ധത്തെ തുടർന്ന് പതിനൊന്നോടെ പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി ചില്ല് കൂടിന്റെ മുകൾ പാളി നീക്കി. ഓമനപ്പുഴ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി വികാരി ഫാ.യേശുദാസ് കൊടിവീട്ടിൽ സംസ്കാര ശുശ്രൂഷകൾ നടത്തി. തുടർന്ന് പള്ളിയിലേക്ക് കൊണ്ടുപോയി. ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിൽ പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.എ.എം.ആരിഫ് എംപി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത, സിപിഎം നേതാവ് എം.എ.ബേബി, എ.എ.ഷുക്കൂർ, ബി.ബൈജു തുടങ്ങിയവരും വീട്ടിലെത്തി. പടം: മക്കൾക്ക് അവസാനചുംബനം നൽകുന്ന മാതാവ് മേരിഷൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.