'ലോകമേ തറവാട്' പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ച് 'ആപ്' ചിത്രങ്ങള്‍
text_fieldsആലപ്പുഴ: എന്തിനും ഏതിനും ആപ്പുകളെ ആശ്രയിക്കുന്ന ഇക്കാലത്ത് ആപ്പിലൂടെ ചിത്രരചനയും സാധ്യമാകുമെന്ന് എത്ര പേര്‍ക്കറിയാം...? എങ്കില്‍ അങ്ങനെ ചില ആപ്പുകള്‍ ഉണ്ടെന്നും അതിലൂടെ ചിത്രരചന സാധ്യമാകുമെന്നതിെൻറ നേര്‍സാക്ഷ്യമാണ് ജില്ലയില്‍ നടന്നുവരുന്ന 'ലോകമേ തറവാട്' എന്ന കലാപ്രദര്‍ശനത്തിലെ നിറസാന്നിധ്യം രാധാ ഗോമതി.
എറണാകുളം സ്വദേശിയായ രാധ കുട്ടിക്കാലം മുതല്‍ ചിത്രങ്ങള്‍ വരക്കും. വരക്കൊപ്പം എഴുത്തും വശമുള്ള രാധ അവിചാരിതമായാണ് ആപ്പിലൂടെയുള്ള ചിത്രരചനയിലേക്ക് കടന്നുവന്നത്.
ചിത്രം വരക്കാന്‍ തികഞ്ഞ ഏകാഗ്രതയും ക്ഷമയുമാണ് വേണ്ടത്. തനിക്ക് ഇത് രണ്ടും ഇല്ലെന്ന പക്ഷക്കാരിയാണ് രാധ. ചിത്രം വരാക്കാൻ പ്രത്യേക സമയം കണ്ടെത്തുകയോ അതിനുവേണ്ടി തയാറെടുപ്പുകളോ നടത്താറില്ല. എന്നാല്‍, വരയോടുള്ള താൽപര്യവും അതില്‍തന്നെ നിലനില്ക്കണമെന്ന ആഗ്രഹവുമാണ് പുതിയ പരീക്ഷണത്തിലേക്ക് തന്നെ എത്തിച്ചതെന്നും രാധ പറഞ്ഞു. 2018ലാണ് 'എച്ച്. ഡബ്ല്യു മെമോ' എന്ന ആപ്ലിക്കേഷന്‍ വഴി രാധ ആദ്യമായി ചിത്രം വരച്ചുതുടങ്ങിയത്. സുഹൃത്തുക്കള്‍ വഴിയാണ് ആപ്പിെൻറ സാധ്യത തിരിച്ചറിഞ്ഞത്.
പിന്നീട് ലോക്ഡൗണ്‍ കാലത്തെ സമ്മര്‍ദമാണ് തന്നെ മുഴുസമയ ആപ് കലാകാരിയാക്കി മാറ്റിയതെന്നും രാധ പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ചിത്രങ്ങള്‍ വരക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. അത് പിന്നീട് തെൻറ ഒരു ആവശ്യമായി മാറുകയായിരുെന്നന്നും രാധ പറഞ്ഞു.
വരക്കുന്ന ഓരോ ചിത്രത്തിനൊപ്പം ഒരു വരി കവിതകൂടി ചേര്‍ത്താണ് രാധ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. സമൂഹത്തില്‍ പ്രകടമായ കാഴ്ചകള്‍, രഹസ്യങ്ങള്‍, പ്രണയം, കലഹം എന്നിവയെല്ലാം ഇടകലര്‍ന്നതാണ് ഓരോ ചിത്രങ്ങളും. ആപ് വഴി വരച്ച ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട 87 ചിത്രങ്ങളാണ് രാധാ ഗോമതി ലോകമേ തറവാട് കല പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചിത്രം വരക്കാന്‍ ആപ് ഉപയോഗിക്കുന്നുണ്ടെന്ന് അത് കണ്ടുപിടിച്ചവര്പോലും വിചാരിച്ചു കാണില്ലെന്നും രാധ പറയുന്നു. മനസ്സിെൻറ വേഗമനുസരിച്ച് ആപ് ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ് ആപ് ചിത്രരചനയിലേക്ക് തന്നെ കൂടുതല്‍ അടുപ്പിച്ചതെന്നും അവര്‍ പറഞ്ഞു.
ചിത്രരചനക്കൊപ്പം സുഹൃത്തുമായി ചേര്‍ന്നു 'ഏക രസ' എന്ന പുതിയ ചുവടുവെപ്പിലേക്ക് നീങ്ങുകയാണ് രാധ.
കലയുമായി ബന്ധപ്പെട്ട് കലയെ പ്രോത്സാഹിപ്പിക്കാനായി വര്‍ക്ക്ഷോപ്പുകള്‍, കലാപ്രദര്‍ശനങ്ങള്‍ എന്നിവയാണ് ഏക രസയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.