എ.ബി.സി സെന്റർ അടഞ്ഞുതന്നെ; തെരുവുനായ്ക്കൾ പെറ്റുപെരുകി
text_fieldsആലപ്പുഴ: തെരുവുനായ്ക്കളുടെ ആക്രമണം ദിനംപ്രതിവർധിച്ചിട്ടും വന്ധ്യംകരണ പദ്ധതികൾ ഏങ്ങുമെത്തിയില്ല. ഇതിനായി ജില്ലയിൽ ആരംഭിച്ച ആനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) സെന്ററുകൾ അടഞ്ഞുതന്നെയാണ്. തെരുവുനായ്ക്കൾ പെരുകുന്നത് നിയന്ത്രിക്കാൻ സഹായകരമായ രീതിയിൽ തുടക്കമിട്ട ആലപ്പുഴ നഗരസഭയിലെ സിവ്യൂ വാർഡിലും കണിച്ചുകുളങ്ങരയിലെയും സെന്ററുകളാണ് പാതിവഴിയിൽ നിലച്ചത്.
രണ്ട് ബ്ലോക്ക് പഞ്ചായത്തിന് ഒരു എ.ബി.സി കേന്ദ്രമെന്ന നിലയിൽ വേണമെന്ന് സർക്കാർ ഉത്തരവിറങ്ങി ഒരുവർഷം കഴിയുമ്പോഴും ജില്ലയിൽ ഒരുകേന്ദ്രം പോലുമില്ലാത്ത സ്ഥിതിയാണ്.
വന്ധ്യംകരണ കേന്ദ്രങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ മാനദണ്ഡം പരിഷ്കരിച്ചതോടെ ഉദ്ഘാടനം കഴിഞ്ഞ രണ്ടുകേന്ദ്രവും നവീകരണത്തിനായി അടച്ചു. കണിച്ചുകുളങ്ങരയിലെ യൂനിറ്റിൽ വന്ധ്യംകരണശസ്ത്രക്രിയക്ക് ആവശ്യമായ സജ്ജീകരണമുണ്ടെങ്കിലും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കാത്തതാണ് തടസ്സമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. നഗരസഭ സീവ്യൂ വാർഡിലെ കേന്ദ്രത്തിൽ നായ്ക്കളെ താമസിപ്പിക്കാനുള്ള കൂടുകളുടെ നിർമാണം പൂർത്തിയാകാത്തതാണ് പ്രശ്നം.
2021വരെ മൃഗാശുപത്രികളോട് ചേർന്നുള്ള സ്ഥലങ്ങളിൽ കുടുംബശ്രീയുടെ സഹായത്തോടെയാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിരുന്നത്. അംഗീകൃത ഏജൻസികൾ വഴി പദ്ധതി നടപ്പാക്കണമെന്ന ഹൈകോടതി ഉത്തരവിനെത്തുടർന്ന് കുടുംബശ്രീ വഴി നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതി പൂർണമായും നിലച്ചു. തെരുവിൽനിന്ന് പിടികൂടി വന്ധ്യംകരിച്ചശേഷം അതേസ്ഥലത്ത് തുറന്നുവിടുന്ന പദ്ധതി പിന്നീട് ഏറ്റെടുക്കാൻ ആളില്ലാതായി.
മുടങ്ങിയ പദ്ധതി പിന്നീട് ജില്ലപഞ്ചായത്ത് ഏറ്റെടുത്തു. രണ്ട് ബ്ലോക്കിൽ ‘ഒരെണ്ണം’ എന്ന നിലയിൽ നടപ്പാക്കാനായിരുന്നു നിർദേശം. മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ ചില സെന്ററുകൾ സ്ഥാപിക്കാൻ ശ്രമംനടന്നെങ്കിലും വിജയിച്ചില്ല. ഇതിന് ആവശ്യമായ സ്ഥലം തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തതാണ് പ്രശ്നം.
കുരച്ചുചാടി നായ്ക്കൾ; പേടിച്ചുവിറച്ച് വഴിയാത്രക്കാർ
നഗരത്തിലെ പ്രധാനറോഡുകളിലൂടെയും ഇടറോഡുകളിലൂടെയും സഞ്ചരിക്കുന്ന വഴിയാത്രക്കാർക്കുനേരെയാണ് തെരുവുനായ്ക്കൾ കുരച്ചുചാടുന്നത്. സൈക്കിളിൽ ട്യൂഷനുപോകുന്ന വിദ്യാർഥികളടക്കമുള്ളവർ തെരുവുനായ്ക്കൾ ചാടിവീഴുമോയെന്ന ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പുലർച്ച പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ മുതൽ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവർവരെ ആക്രമണത്തിന് ഇരകളാണ്. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപെടുന്നത്.
വാക്സിനേഷൻ യജ്ഞത്തിന് ഇന്ന് തുടക്കം
തെരുവുനായ്ക്കളെ പിടികൂടി പേവിഷ പ്രതിരോധകുത്തിവെപ്പ് എടുക്കുന്ന നഗരസഭ മെഗാ വാക്സിനേഷൻ യജ്ഞത്തിന് വ്യാഴാഴ്ച തുടക്കമാകും. കൊമ്മാടിയിലും പൂന്തോപ്പിലും വഴിയാത്രക്കാരടക്കം ഒമ്പതുപേരെ കടിച്ചശേഷം ചത്ത രണ്ട് നായ്ക്കൾക്ക് പേവിഷബാധ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. രണ്ടുദിവസങ്ങളിലായി 21പേർക്ക് കടിയേറ്റ തത്തംപള്ളി, കൊമ്മാടി, പൂന്തോപ്പ് വാർഡുകളിലാണ് ആദ്യം വാക്സിനേഷൻ. പിടികൂടുന്ന നായ്ക്കളെ തിരിച്ചറിയാൻ ഫ്രാബിക്സ് പെയിന്റ് അടയാളപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.