എ.സി റോഡ് നിർമാണം അതിവേഗത്തിൽ; നവംബറിൽ തുറക്കും
text_fieldsആലപ്പുഴ: എ.സി റോഡ് സെമി എലിവേറ്റഡ് ഹൈവേ നിർമാണം അതിവേഗത്തിൽ. നിലവിൽ 75 ശതമാനം പണി പൂർത്തിയായി. 649.76 കോടി വിനിയോഗിച്ച് നവീകരിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി പാത നവംബറിൽ തുറക്കുന്ന രീതിയിലാണ് നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നത്.ദേശീയ ജലപാതയുടെ ചട്ടത്തിൽ കുടുങ്ങിയ പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണം ഒഴിവാക്കിയാവും തുറന്നുകൊടുക്കുക. നിലവിൽ മറ്റു പാലങ്ങളുടെ നിർമാണം അവസാനഘട്ടത്തിലാണ്.
പ്രളയത്തെ അതിജീവിക്കാവുന്ന തരത്തിൽ റോഡ് ഉയർത്തിയും വലുതും ചെറുതുമായ പാലങ്ങൾ നിർമിച്ചുമാണ് സെമി എലിവേറ്റഡ് ഹൈവേയുടെ നിർമാണം.പാതയിൽ അഞ്ച് മേൽപാലങ്ങള്, നാല് വലിയ പാലങ്ങള്‍, 14 ചെറുപാലങ്ങള്‍, മൂന്ന് കോസ്വേകൾ, നടപ്പാതകള്‍ എന്നിവയുണ്ടാകും. അഞ്ച് മേൽപാലങ്ങളിൽ പൂർത്തിയായ മുന്നെണ്ണം മാർച്ചിൽ തുറക്കും. നസ്രത്ത് ജങ്ഷൻ, ജ്യോതി ജങ്ഷൻ, മങ്കൊമ്പ്, ഒന്നാംകര, പണ്ടാരക്കളം എന്നിവിടങ്ങളിലാണ് മേൽപാലമുള്ളത്. ഇതിൽ നസ്രത്ത്, ജ്യോതി, മങ്കൊമ്പ് പാലങ്ങളുടെ നിർമാണം പൂർത്തിയായി.
ഭാരപരിശോധന കഴിഞ്ഞ നസ്രത്ത്, ജ്യോതി പാലങ്ങളുടെ അപ്രോച്ച് റോഡിന്റെ പണി നടക്കുകയാണ്. ഇത് പൂർത്തിയാക്കി മാർച്ചിൽ ഗതാഗതത്തിന് തുറക്കും.മാമ്പുഴക്കരി, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലെ കോസ്വേയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.14 പാലങ്ങളിൽ 12 എണ്ണവും പൂർത്തിയായി. കിടങ്ങറ ഈസ്റ്റ്, മാമ്പുഴക്കരി പാലത്തിന്റെ നിർമാണമാണ് ഇനിയുള്ളത്. കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി, മുട്ടാര്‍ എന്നിവിടങ്ങളിലാണ് വലിയ പാലങ്ങൾ നിർമിക്കുന്നത്.
കിടങ്ങറയിലും നെടുമുടിയിലും നിലവിലെ പാലത്തിന് സമാന്തരമായിട്ട് നിർമാണം പൂർത്തിയാക്കി. ദേശീയ ജലപാത ചട്ടത്തിൽ കുടുങ്ങിയ നിർമാണം നിലച്ച പള്ളാത്തുരുത്തി പാലം അടുത്തഘട്ടത്തിൽ പൂർത്തിയാക്കും. ഇതിനായി ഡിസൈനിലും എസ്റ്റിമേറ്റിലും മാറ്റംവരുത്തി സി.ഒ.എസ് സമർപ്പിച്ചിട്ടുണ്ട്. മുട്ടാര്‍ പാലം നിര്‍മിക്കാനുള്ള ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്.
മൂന്ന് ലെയർ ടാറിങ് ജോലി നടക്കുന്നത്. നിലവില്‍ എട്ടരക്കിലോമീറ്റര്‍ ഭാഗത്ത് രണ്ട് ലെയര്‍ ടാറിങ് നടത്തി. 12 കിലോമീറ്ററോളം ദൂരത്ത് മെറ്റലിങ്ങും പൂര്‍ത്തിയാക്കി. 13 കിലോമീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലെ ഓടകളുടെയും മുകളിലൂടെ ഒന്നരമീറ്റര്‍ വീതിയുള്ള നടപ്പാതയുടെ നിര്‍മാണവും പൂര്‍ത്തിയായി.കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് നിർമാണപ്രവൃത്തികൾ ചെയ്യുന്നത്.
ഇന്നുമുതൽ ഗതാഗത നിയന്ത്രണം
ആലപ്പുഴ: എ.സി നിർമാണപ്രവൃത്തികളുടെ ഭാഗമായി മങ്കൊമ്പ് ഒന്നാംകര മേൽപാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ 25വരെ രാത്രി ഒമ്പത് മുതൽ പുലർച്ച ആറുവരെ പാതയിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. നിർമാണം നടക്കുന്നതിനാൽ ഈ ഭാഗത്തൂകൂടി കടന്നുപോകാനുള്ള എല്ലാ വാഹനങ്ങളും (എമർജൻസി വാഹനങ്ങൾ ഉൾപ്പെടെ) ചങ്ങനാശ്ശേരിയിൽനിന്ന് തിരുവല്ല-അമ്പലപ്പുഴ വഴി ആലപ്പുഴക്കും ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ അമ്പലപ്പുഴ-തിരുവല്ല വഴി ചങ്ങനാശ്ശേരിക്കും പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.