എ.സി റോഡ് നവീകരണം: മങ്കൊമ്പ്, പണ്ടാരക്കുളം പാലങ്ങൾ സജ്ജം, ഇന്ന് തുറക്കും
text_fieldsകുട്ടനാട്: എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി പഴയപാലം പൊളിച്ചുനീക്കി നിർമിച്ച മങ്കൊമ്പ്, പണ്ടാരക്കുളം പാലങ്ങൾ പൂർത്തിയായി. ചൊവ്വാഴ്ച ഗതാഗതത്തിന് തുറന്നു കൊടുക്കും. മഴ കാരണം സമീപപാതയുടെ നിർമാണം പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ രണ്ടുദിവസം വൈകിയത്.
ഇരുപാലങ്ങളും മേൽപാലങ്ങളുടെ ഭാഗമായതിനാൽ സർവിസ് റോഡ് കടന്നുപോകുന്ന ഭാഗം മാത്രമാണ് ഗതാഗതത്തിന് തുറക്കുന്നത്. ഇരുപാലങ്ങളും തുറക്കുന്നതോടെ എ.സി റോഡിൽ പൂർണതോതിൽ കെ.എസ്.ആർ.ടി.സിക്ക് സർവിസ് പുനരാരംഭിക്കാൻ കഴിയും. നിലവിൽ പള്ളിക്കൂട്ടുമ്മ പാലമാണ് പുനർനിർമിക്കുന്നത്. ഇവിടെ സമാന്തരമായി നിർമിച്ച മുട്ടിലൂടെ കെ.എസ്.ആർ.ടി.സി അടക്കം സർവിസ് നടത്തുന്നതിനാൽ പുതിയ പാലങ്ങൾകൂടി സജ്ജമായ സാഹചര്യത്തിൽ ചങ്ങനാശ്ശേരിയിൽനിന്ന് ആലപ്പുഴക്ക് നേരിട്ട് സർവിസ് നടത്താനാകും.
മേൽപാലങ്ങളുടെയും മറ്റും നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ഒറ്റവരിപ്പാതയിലൂടെ കെ.എസ്.ആർ.ടി.സി ബസ് കടന്നുപോകുമ്പോൾ മറുവശത്തുകൂടി ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി അധികൃതർ പറഞ്ഞു. കുണ്ടുംകുഴിയുമായി കിടക്കുന്ന ഭാഗത്തുകൂടി ബസ് സർവിസ് നടത്തുമ്പോൾ മറുവശത്തുകൂടി കടന്നുപോകുന്ന ഇരുചക്രവാഹനങ്ങളിൽ തട്ടുമോ എന്ന ആശങ്ക ഡ്രൈവർമാർ മേലധികാരികളെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.