എ.സി റോഡ് നവീകരണം താൽക്കാലിക പാതയിലൂടെ കാറുകൾക്കും സഞ്ചരിക്കാം
text_fieldsആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണ ഭാഗമായി ഇനി പൊളിക്കുന്ന പാലങ്ങൾക്ക് സമാന്തരമായി നിർമിക്കുന്ന താൽക്കാലിക പാലത്തിലൂടെ കാറുകൾക്കും സഞ്ചരിക്കാവുന്ന രീതിയിൽ പാതയൊരുക്കും. കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസിനോട് ഗതാഗതനിയന്ത്രണത്തിെൻറ പേരിലുള്ള യാത്രദുരിതത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഇനി പൊളിക്കുന്ന പാലങ്ങളുടെ സമീപത്തായി നിർമിക്കുന്ന താൽക്കാലിക പാത കൂടുതൽ ബലപ്പെടുത്തി കാറുകൾക്ക് സഞ്ചരിക്കാൻ വഴിയൊരുക്കുന്നത്. നിലവിൽ പൊളിച്ച കളർകോട്, പൊങ്ങ പാലങ്ങളുടെ സമീപത്തെ താൽക്കാലിക പാതയിലൂടെ ഓട്ടോയും ഇരുചക്രവാഹനങ്ങളും മാത്രമാണ് കടത്തിവിട്ടിരുന്നത്. മന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസെറ്റി കാറുകളും പോകാൻ അനുവദിക്കുന്നുണ്ട്. ഒക്ടോബർ അവസാനം പൊളിക്കുന്ന പാറശ്ശേരി, മാധവശ്ശേരി പാലങ്ങൾക്ക് സമീപം നിർമിക്കുന്ന താൽക്കാലിക പാത ഇത്തരത്തിലാകും.
ഇതിനായി ഒക്ടോബർ രണ്ടാംവാരം രണ്ടിടത്തും പാതനിർമാണം തുടങ്ങും. കളർകോട് പക്കി, പൊങ്ങ പാലങ്ങൾ പൂർത്തിയായശേഷം മാത്രമേ ഈ സംവിധാനം നടപ്പാക്കൂ. അതിനിടെ, പൊളിച്ച പാലങ്ങളുടെ നിർമാണം ഒക്ടോബർ 30നകം പൂർത്തിയാക്കണമെന്ന് കലക്ടർ എ. അലക്സാണ്ടർ നിർദേശം നൽകി. ചൊവ്വാഴ്ച പൊങ്ങ പാലത്തിെൻറ അപ്രോച് സ്ലാബ് നിർമാണം ആരംഭിച്ചു. ഇതിനൊപ്പം പാതയിെല വിവിധയിടങ്ങളിൽ കാന, കലുങ്ക് നിർമാണം പുരോഗമിക്കുന്നുണ്ട്. മഴ ജോലികൾക്ക് തടസ്സമാകുന്നു.
അതേസമയം, മേൽപാലം നിർമാണം ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കും. നിലവിൽ മേൽപാലങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ പുതുക്കിയ ഡിസൈനും എസ്റ്റിമേറ്റും അംഗീകരിക്കണം. ഇതിനുശേഷം നിർമാണം ആരംഭിക്കും. മങ്കൊമ്പ് നസ്രത്ത് ജങ്ഷനിലെ മേൽപാലത്തിെൻറ പൈലിങ് പുരോഗമിക്കുന്നതിനിടെയാണ് ഡിസൈൻ പുതുക്കാൻ തീരുമാനിച്ചത്. മേൽപാലങ്ങളുെട എണ്ണം അഞ്ചിൽനിന്ന് ഏഴാക്കിയാണ് ഉയർത്തുന്നത്. പുതുക്കിയ ഡിസൈനും എസ്റ്റിമേറ്റും കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി ഒക്ടോബർ 10ന് സമർപ്പിക്കും.
വേണ്ടിയിരുന്നത് നാലുവരിപ്പാത; രണ്ടുവരിയാക്കിയത് സ്ഥലമെടുപ്പിലെ പ്രയാസം
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സെമി എലവേറ്റഡ് പാതയായി പുനർനിർമിക്കുന്നത് നിലവിലെ വാഹനപ്പെരുപ്പം കണക്കിലെടുത്തല്ലെന്ന് അധികൃതരുടെ കുറ്റസമ്മതം. റോഡിലെ ഗതാഗതത്തിരക്ക് കണക്കിലെടുത്താൽ നാലുവരിപ്പാതയാകണമായിരുന്നു. എന്നാൽ, ഇത് മാനദണ്ഡമാക്കാൻ കഴിഞ്ഞില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈവേ ഡിസൈൻ യൂനിറ്റ്. റോഡുകൾ നിർമിക്കുേമ്പാൾ അതുവഴിയുള്ള ഗതാഗതവും തിരക്കും കണക്കാക്കുന്നതിന് അടിസ്ഥാനമായി സ്വീകരിക്കുന്ന പാസഞ്ചർ കാർ യൂനിറ്റ് (പി.സി.യു) പ്രകാരം നാലുവരിപ്പാതയാണ് നിർമിക്കേണ്ടിയിരുന്നത്. എന്നാൽ, നിലവിൽ രണ്ടുവരിപ്പാതയായാണ് റോഡ് പുനർനിർമിക്കുന്നത്. നാലുവരിപ്പാതക്ക് സ്ഥലം ഏറ്റെടുക്കൽ പ്രായോഗികമല്ലാത്തതിനാലാണ് രണ്ടുവരിയായി ചുരുക്കിയതെന്നും ഡിസൈൻ വിഭാഗം പറയുന്നു. അന്നത്തെ പൊതുമരാമത്ത് മന്ത്രിയുടെ യോഗത്തിൽ തീരുമാനിച്ചത് പ്രകാരമാണ് രണ്ടുവരിപ്പാതയാക്കി വികസിപ്പിക്കുന്നതെന്നും കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളിക്ക് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ പൊതുമരാമത്ത് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.