പ്രളയത്തെ അതിജീവിക്കാൻ തീർത്ത എ.സി റോഡിലും വെള്ളംകയറി
text_fieldsആലപ്പുഴ: പ്രളയത്തെ അതിജീവിക്കാൻ പണിത ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡിൽ വെള്ളംകയറി. രണ്ടരവർഷത്തെ ഇടവേളക്കുശേഷം ഗതാഗതത്തിന് തുറന്നതിന് പിന്നാലെ എത്തിയ കാലവർഷത്തിലാണ് വെള്ളമെത്തിയത്. നിർമാണം നടക്കുന്ന പാറക്കൽ കലുങ്കിനും കിടങ്ങറക്കും ഇടയിലാണ് വെള്ളംകയറിയത്. വാഹനഗതാഗതം മുടങ്ങിയിട്ടില്ല. നടപ്പാതയിൽ ടൈൽപാകി ടാറിങ്ങ് ഉൾപ്പെടെയുള്ളവ പൂർത്തിയായിരുന്നു. കെ.എസ്.ആർ.ടി.സി അടക്കമുള്ള സർവിസുകളെ ബാധിച്ചിട്ടില്ല. എ.സി കനാൽ കരകവിഞ്ഞാണ് വെള്ളമെത്തിയത്. പ്രദേശത്തെ നൂറോളം വീടുകളിലും വെള്ളം ഇരച്ചെത്തി.
വീടുകളിലേക്കുള്ള സഞ്ചാരം അടഞ്ഞതോടെ കനാലിന്റെ കുറുകെ വള്ളത്തിലാണ് പലരും കരക്കെത്തിയത്. പൂവം അടക്കമുള്ള ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കാറുകളും ഇരുചക്രവാഹനങ്ങളും എ.സി റോഡിന്റെ വശങ്ങളിലും ഉയർന്നപാലത്തിലുമാണ് നിർത്തിയിട്ടിരിക്കുന്നത്. ജലാശയത്തിൽ നിറഞ്ഞപായലും പോളയും ദുരിതമാകുന്നുണ്ട്. ഇതിനാൽ വള്ളങ്ങളിൽപോലും ആളുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
2018ലെ മഹാപ്രളയത്തിൽ എ.സി റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. 2019, 2020 വർഷങ്ങളിലും സമാനസ്ഥിതിയായിരുന്നു. തുടർന്നാണ് സ്ഥിരമായി വെള്ളംകയറുന്ന ഭാഗത്ത് റോഡ് ഉയർത്തി കോടികൾ മുടക്കി നിർമാണം പൂർത്തിയാക്കിയത്. പാതയിൽ മൂന്ന് വലിയപാലം കൂടാതെ ഒന്നാംകര, മങ്കൊമ്പ് ബ്ലോക്ക്, നസ്രത്ത്, ജ്യോതി, പൊങ്ങ, പണ്ടാരക്കളം എന്നിവിടങ്ങളിലാണ് മേൽപാലങ്ങൾ നിർമിച്ചത്. മാമ്പുഴക്കരി, തായങ്കരി, മിത്രക്കരി, കിടങ്ങറ, വെളിയനാട്, പുളിങ്കുന്ന്, കാവാലം അടക്കമുള്ള പ്രദേശങ്ങളിലെ ഇടറോഡുകളിലും വെള്ളംനിറഞ്ഞത് ദുരിതമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.