എ.സി റോഡ് നവീകരണം വേഗത്തിൽ; 60 ശതമാനം പൂർത്തിയായി
text_fieldsആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് നവീകരണ ജോലികള്‍ വേഗത്തിൽ. 649.76 കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന എ.സി റോഡിന്റെ നിർമാണപ്രവൃത്തികൾ ഇതുവരെ 60 ശതമാനം പൂർത്തിയായി. 2023 നവംബറിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രളയത്തെ അതിജീവിക്കാവുന്ന തരത്തിലാണ് റോഡ് പുനര്‍നിര്‍മാണം.
അഞ്ച് മേല്പാലങ്ങള്, നാല് വലിയപാലങ്ങള്‍, 14 ചെറുപാലങ്ങള്‍, മൂന്ന് കോസ്വേകള്, നടപ്പാതകള്‍ എന്നിവ ഉർപ്പെടെ സെമി എലിവേറ്റഡ് ഹൈവേയാണ്. മേല്പാലങ്ങളില് നസ്രത്ത്, ജ്യോതി ജങ്ഷന് എന്നിവിടങ്ങളിലെ നിര്‍മാണജോലികള്‍ 95 ശതമാനവും പൂർത്തിയായി. അപ്രോച്ച് റോഡും ഭാരപരിശോധനയും പൂർത്തിയാക്കിയാൽ ഇവ തുറന്നുകൊടുക്കും. മങ്കൊമ്പില്‍ 81 ശതമാനവും ഒന്നാംകരയില്‍ 72 ശതമാനവും പണ്ടാരക്കാളത്ത് 56 ശതമാനവും പൂര്‍ത്തിയായി.
ആകെ നിര്‍മിക്കുന്ന 14 ചെറിയ പാലങ്ങളില്‍ ഒമ്പതെണ്ണവും 65 കള്‍വെര്‍ട്ടുകളില്‍ 57 എണ്ണവും നിര്‍മിച്ചു. കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി, മുട്ടാർ എന്നിവിടങ്ങളില്‍ വലിയപാലങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കിടങ്ങറ, നെടുമുടി പാലങ്ങളുടെ നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായി. പള്ളാത്തുരുത്തിയില്‍ പാലം നിര്‍മിക്കുന്നതിന് സി.ഒ.എസ്. സമര്‍പ്പിച്ചിട്ടുണ്ട്. മുട്ടാര്‍ പാലം നിര്‍മിക്കാനുള്ള ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്.
ടാറിങ് മൂന്ന് ലെയറുകളിലായാണ് നടക്കുന്നത്. നിലവില്‍ എട്ടര കിലോമീറ്റര്‍ ഭാഗത്ത് ആദ്യ ലെയര്‍ ടാറിങ് നടത്തി. 12 കിലോമീറ്ററോളം ദൂരത്ത് മെറ്റലിങ്ങും പൂര്‍ത്തിയാക്കി. 13 കിലോമീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലെ ഓടകളുടെയും ഡക്ടുകളുടെയും നിര്‍മാണവും ഇതിന് മുകളിലൂടെ ഒന്നരമീറ്റര്‍ വീതിയുള്ള നടപ്പാതയുടെ നിര്‍മാണവും പൂര്‍ത്തിയായി. കെ.എസ്.ടി.പി.ക്ക് നിര്‍മാണചുമതലയുള്ള റോഡിന്റെ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.